ഗുര്‍മീതിന്റെ നിലവറയില്‍ നിന്ന് കിട്ടിയത് പഴയ നോട്ടുകളുടെ കൂമ്പാരം, സ്വാമി സ്വയം അച്ചടിച്ച പ്ലാസ്റ്റിക് നാണയങ്ങളും നമ്പറില്ലാത്ത ആഡംബര കാറും, കിലോക്കണക്കിന് മരുന്നുകള്‍ കണ്ട് ഏവര്‍ക്കും അമ്പരപ്പ്

ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹിം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍നിന്നു പോലീസ് പ്ലാസ്റ്റിക് നാണയങ്ങള്‍ കണ്ടെത്തി. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ആശ്രമത്തില്‍ നടത്തിയ പരിശോധനയിലാണ് നാണയങ്ങള്‍ കണ്ടെത്തിയത്. ലാപ്‌ടോപ്പുകളും കംപ്യുട്ടറുകളും ആയുധങ്ങളും ആശ്രമത്തില്‍ നിന്നു പോലീസ് പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച്ച രാവിലെയാണ് ആശ്രമത്തില്‍ പോലീസ് പരിശോധന ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് ആശ്രമത്തില്‍ പോലീസ് പരിശോധന നടത്തുന്നത്. സുരക്ഷയ്ക്കായി അര്‍ധസൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പോലീസ് പരിശോധനയെ തുടര്‍ന്നു സിര്‍സയില്‍ അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം, നമ്പറില്ലാത്ത ആഡംബര കാറും നിരോധിച്ച നോട്ടുകളും ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. കെട്ടുകണക്കിന് മരുന്നുകള്‍ കണ്ടെത്തിയെങ്കിലും ഇവയ്ക്ക് ഒന്നിനും പേരോ ഒന്നുമില്ലായിരുന്നു.

സെപ്റ്റംബര്‍ പത്ത് വരെ മൊബൈല്‍ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സിര്‍സയില്‍. ആശ്രമത്തിലെ ചില മുറികള്‍ സീല്‍ ചെയ്തതായും ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മെഹ്‌റ പറഞ്ഞു. ഇവ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിര്‍സയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് പരിശോധനകള്‍ നടത്തി. 800 ഏക്കര്‍ സ്ഥലത്താണ് ദേരാ സച്ചാ സൗധയുടെ ആശ്രമം നിലകൊള്ളുന്നത്.

Related posts