യാത്രാബത്ത എഴുതിയെടുക്കുന്നതില്‍ മുമ്പന്മാര്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍; 38 ലക്ഷവുമായി എ. സമ്പത്ത് ഒന്നാമന്‍; ശ്രീമതിയും എംബി രാജേഷും കെ.സി വേണുഗോപാലും കെവി തോമസും തൊട്ടുപിന്നാലെ

ന്യൂഡല്‍ഹി: വാക് ചാതുര്യം കൊണ്ട് പാര്‍ലമെന്റിനെ വിറപ്പിക്കുന്നവരാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. സഭാനടപടികളില്‍ പങ്കെടുക്കാന്‍ മുമ്പില്‍ നില്‍ക്കുന്ന ഇവര്‍ ടി.എ, ഡി.എ എന്നിവ എഴുതിയെടുക്കുന്ന കാര്യത്തിലും മുമ്പിലാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ‘ടൈംസ് നൗ’ ചാനലിന്റെ ചര്‍ച്ചയിലാണ് ഈ വിവരം പുറത്തുവിട്ടത്.

അധ്വാനവര്‍ഗത്തിന്റെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയവരാണ് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ യാത്രാപ്പടി കൈപ്പറ്റന്നത്. രാജ്യസഭയിലും ലോക്സഭയിലും ഇക്കാര്യത്തില്‍ ഇടത് അംഗങ്ങള്‍ തന്നെയാണ് മുന്നില്‍. ഇത്രയും വലിയ തുക എഴുതിയെടുക്കുന്നത് പൊതുഖജനാവിന് വലിയ നഷ്ടമാണ് വരുത്തുന്നതെന്നാണ് ടൈംസ് നൗ പറയുന്നത്. ചര്‍ച്ചയുടെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വന്‍തോതില്‍ പ്രതികരണങ്ങളും ഉയരുന്നുണ്ട്.

2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ ടി.എ, ഡി.എ കൈപ്പറ്റുന്ന പത്തുപേരില്‍ അഞ്ചു പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ മൂന്നു പേര്‍ സി.പി.എം അംഗങ്ങളുമാണ്. ആറ്റിങ്ങല്‍ എം.പി എ.സമ്പത്താണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയിരിക്കുന്നത്. 38,19,300 രൂപ. തൊട്ടുപിന്നില്‍ കണ്ണൂരില്‍ നിന്നുള്ള പ്രതിനിധി പി.കെ ശ്രീമതിയുണ്ട്. 32,48,739 രൂപ. ദേശീയ ചാനല്‍ ചര്‍ച്ചകളിലെ സി.പി.എം മുഖം എം.ബി രാജേഷ് 30,27,268 രൂപ എഴുതിയെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസുകാരും മോശമല്ല ആലപ്പുഴ എംപി കെ.സി വേണുഗോപാല്‍ 32,12,771 രൂപയാണ് കീശയിലാക്കിയത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ എറണാകുളം എം.പി കെ.വി തോമസ് 31,34,607 രൂപയാണ് വാങ്ങിയത്.

ഇത് ലോക്‌സഭയിലെ കാര്യമാണെങ്കില്‍ രാജ്യസഭയിലെ മലയാളി എംപിമാരും മോശമാക്കിയില്ല. സി.പി.എമ്മിലെ ഇ. നാരായണന്‍ 58,24,502 രൂപയും കേരള കോണ്‍ഗ്രസ് എം പ്രതിനിധി ജോയ് ഏബ്രഹാം 47,03,278 രൂപയും എഴുതിയെടുത്തു. രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയിരിക്കുന്നത് ആഡംബര ജീവിതത്തിന്റെ പേരില്‍ സിപിഎമ്മിന്റെ അച്ചടക്ക നടപടിയ്ക്കു വിധേയനാകേണ്ടി വന്ന പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവ് ഋതബ്രതാ ബാനര്‍ജിയാണ്. 69 ലക്ഷമാണ് ഇദ്ദേഹത്തിന്റെ ടി.എ. ലോക്സഭയില്‍ ഏറ്റവുമധികം തുക എഴുതിയെടുക്കുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള എഐഎഡിഎംകെ പ്രതിനിധിയാണ്. കെ.ഗോപാല്‍ 57 ലക്ഷം കൈപ്പറ്റിയപ്പോള്‍ പി.കുമാര്‍ 44 ലക്ഷം കൈപ്പറ്റി. ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റില്‍ നിന്നുള്ള ബിഷ്ണു പഡ റേ 41 ലക്ഷവും പോക്കറ്റിലാക്കി.

ഇരുസഭകളിലുമായി നോക്കിയാല്‍ യാത്രാപ്പടി കൈപ്പറ്റുന്ന ആദ്യ 20 സ്ഥാനക്കാരില്‍ ഏഴുപേരും മലയാളികളാമ്. വളരെ നേരത്തെ നിശ്ചയിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നിരിക്കേ പലരും അതിന് മുതിരാതെ മുന്തിയ ക്ലാസില്‍ പെട്ടെന്ന് ടിക്കറ്റ് എടുക്കുന്നതാണ് അമിത നിരക്ക് വരാന്‍ കാരണമെന്ന് പ്രതികരണം ഉയരുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന തുക എഴുതിയെടുക്കുന്നുണ്ടെങ്കിലും ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ എംപിമാരേക്കാള്‍ മുമ്പിലാണ് കേരളത്തില്‍ നിന്നുള്ള ഏംപിമാര്‍. ഇതിനാല്‍ തന്നെ നാട്ടിലെ പൊതുചടങ്ങുകള്‍ക്കു പങ്കെടുക്കുന്നതു കൊണ്ടാണ് തുക ഇത്രയും ഉയരുന്നതെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

പാര്‍ലമെന്റ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന വേളയിലാണ് എം.പിമാര്‍ക്ക് ടി.എ, ഡി.എയയും ലഭിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ സിറ്റിംഗ് ഫീസായും പണം ലഭിക്കും. സി.പി.എം എം.പിമാരുടെ ശമ്പളത്തിലെ നല്ലൊരു വിഹിതം പാര്‍ട്ടിക്ക് ലെവി ഇനത്തില്‍ നല്‍കേണ്ടതുണ്ട്. കമ്മിറ്റികളില്‍ പങ്കെടുക്കുന്നതിന് ലഭിക്കുന്ന ടി.എ, ഡി.എ ആണ് ഇവര്‍ക്കുള്ള ഏക ആശ്വാസം. അതുകൊണ്ട് തന്നെ കിട്ടുന്ന അവസരം ഇവര്‍ പരമാവധി മുതലാക്കുന്നു. യാത്രാപ്പടി കൂടുന്നതില്‍ മറ്റൊരു കാരണം ഡല്‍ഹിയെത്താന്‍ ഏറ്റവും കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടിവരുന്നതും കേരള നേതാക്കളാണ്. കിലോമീറ്റര്‍ കണക്കാക്കി ടി.എ കൂട്ടുമ്പോള്‍ സ്വഭാവികമായും തുക കൂടുകതന്നെ ചെയ്യും. രണ്ട് സഭകളിലുമായി എം.പിമാര്‍ക്ക് യാത്രാപ്പടി ഇനത്തില്‍ 95 കോടിയിലേറെ രൂപയാണ് ഒരു വര്‍ഷം ചെലവാക്കേണ്ടിവരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വിഷയം ചര്‍ച്ചയായതോടെ എംപിമാരെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

Related posts