എനിക്കെന്റെ ചേട്ടനെ ഒന്നു കണ്ടാല്‍ മതി, ആലുവ ജയിലിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് ധര്‍മജന്‍

നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് അലുവ സബ്ജയിലിന് മുന്നിലെത്തിയ നടന്‍ ധര്‍മ്മജന്‍ പൊട്ടിക്കരഞ്ഞു. മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ നടന്‍ വികാര വിക്ഷോഭനാവുകയായിരുന്നു. ‘എന്റെ ചേട്ടനാണ്.. സന്തോഷമുണ്ട്…എനിക്കൊന്ന് കണ്ടാല്‍ മതി’ ഇത്രയും പറഞ്ഞ് ധര്‍മ്മജന്‍ പൊട്ടിക്കരയുകയായിരുന്നു.

ദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് താരത്തിന്റെ ആരാധകരടക്കം വന്‍ ജനക്കൂട്ടമാണ് അലുവ സബ്ജയിലിന് മുന്നിലെത്തിയിരിക്കുന്നത്. വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ ദിലീപ് ആരാധകര്‍ ജയിലിന് മുന്നില്‍ ലഡു വിതരണം നടത്തിയിരുന്നു. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ പോലീസ് ധര്‍മജനില്‍ നിന്നും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.

നാദിര്‍ഷയുടെ രണ്ടാംചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ധര്‍മ്മജന്‍ പ്രധാന റോളില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ചിത്രം തിയറ്ററിലെത്തിയത്. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. അടുത്തിടെ ദിലീപിന്റെ നേതൃത്വത്തില്‍ കാനഡയിലും അമേരിക്കയിലും നടത്തിയ സ്റ്റേജ് ഷോയിലെയും ഭാഗമായിരുന്നു ധര്‍മ്മജന്‍. കാവ്യ മാധവന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ പാപ്പി അപ്പച്ച എന്ന ചിത്രം മുതല്‍ ധര്‍മജന്‍ ദിലീപ് ചിത്രങ്ങളുടെ ഭാഗമാണ്. പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തില്‍ പറയുന്ന സൗണ്ട് തോമ എന്ന സിനിമയിലും ധര്‍മജന്‍ അഭിനയിച്ചിരുന്നു.

Related posts