ബംഗളൂരു: ധർമസ്ഥലയിൽ പതിമൂന്നാം നമ്പർ പോയിന്റിൽ ഇന്ന് ഡ്രോൺ റഡാർ ഉപയോഗിച്ചുള്ള പരിശോധന നടക്കും. കൂടുതൽ മൃതദേഹങ്ങളും 13-ാം നന്പർ പോയിന്റിലാണ് കുഴിച്ചിട്ടതെന്നാണ് മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ.
മൃതദേഹഭാഗങ്ങളോ അന്വേഷണ പുരോഗതിയിൽ നിർണായകമായേക്കാവുന്ന തെളിവുകളോ കിട്ടിയാൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മേഖലയിൽ വിശദ പരിശോധന നടത്തും.
ധർമസ്ഥലയിൽനിന്ന് 39 കൊല്ലം മുമ്പ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്മലതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരി നൽകിയ പരാതിയിലും പ്രത്യേക അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കും. സഹോദരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം. പരാതി പ്രത്യേക അന്വേഷണസംഘം ഫയലിൽ സ്വീകരിച്ചു.
കോളജ് വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പോയശേഷം കാണാതായ പത്മലതയുടെ ശരീരഭാഗങ്ങൾ 56 ദിവസത്തിന് ശേഷം കണ്ടെത്തിയിരുന്നു. അന്ന് സിഐഡി വിഭാഗം അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനാകാതെ വന്നതോടെ ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു.