മംഗളൂരു: ധർമസ്ഥലയിലെ വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരാകാൻ കോഴിക്കോട്ടെ ലോറി ഉടമയും യുട്യൂബറുമായ മനാഫിന് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട് കൈയിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാനാണ് നിർദേശം. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി.
ധര്‍മസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെട്ട ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ മനാഫ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ധർമസ്ഥല ആക്ഷൻ കമ്മിറ്റി ഭാരവാഹിയും മലയാളിയുമായ ടി.ജയന്തിനൊപ്പം നിരവധി ചാനൽ ചർച്ചകളിലും മനാഫ് സജീവമായിരുന്നു.
ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, ടി.ജയന്ത്, യുട്യൂബർ സമീർ എന്നിവരുടെ നേതൃത്വത്തിൽ നാളുകളായി നടന്ന ഗൂഢാലോചനകൾക്കും മുന്നൊരുക്കങ്ങൾക്കും ശേഷമാണ് ഇപ്പോൾ അറസ്റ്റിലായ സി.എൻ.ചിന്നയ്യയേയും അന്വേഷണപരിധിയിലുള്ള സുജാത ഭട്ടിനെയും വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തിറക്കിയതെന്നാണ് ആരോപണം. മനാഫിനും ഇവരുമായി ബന്ധമുണ്ടായിട്ടുണ്ടോ എന്ന കാര്യമാണ്അന്വേഷിക്കുന്നത്.