തിരുവനന്തപുരം: കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തിനെതിരേ ചാന്‍സിലറായ ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരം അല്ലാതെ സര്‍ക്കാരുമായി ആലോചിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് വിസി മാരെ നിയമിച്ചതെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
താത്കാലിക വിസി നിയമനം റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വിസി നിയമനത്തില്‍ നേരത്തെ ഹൈക്കോടതി ഗവര്‍ണറുടെ തീരുമാനം റദ്ദാക്കിയിരുന്നു . എന്നാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി ഗവര്‍ണര്‍ അനുകുലമായ ഉത്തരവ് നേടിയിരുന്നു. വിസി മാരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ടെന്നും സര്‍ക്കാരും ഗവര്‍ണറും ഒരുമിച്ച് പോകണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം .
കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ഡോ. സിസ തോമസിന് വീണ്ടും ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ. ശിവപ്രസാദിന് സാങ്കേതിക സര്‍വകലാശാലയിലും വൈസ് ചാന്‍സിലര്‍മാരായി വീണ്ടും നിയമനം നല്‍കിയത്. ഹൈക്കോടതി ഉത്തരവ് നേരത്തെ സര്‍ക്കാരിന് അനുകുലമായി വന്നപ്പോള്‍ പുതിയ വിസിമാരെ നിയമിക്കാനുള്ള പട്ടിക ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു എന്നാല്‍ ഈ പട്ടിക ഗവര്‍ണര്‍ തള്ളിയിരുന്നു.
ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായത്. ഇതേ തുടര്‍ന്ന് കേരള സര്‍വകലാശാല ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ ഇടത് സിന്‍ഡിക്കേറ്റും എസ്എഫ്ഐയും ഗവര്‍ണര്‍ക്കെതിരെയും വിസി മാര്‍ക്കെതിരെയും രംഗത്ത് വന്നിരുന്നു.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ ചൊല്ലിയും ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചതുമാണ് പുതിയ പോരിലേക്ക് വഴി വച്ചത്.