ദിവ്യ ഉണ്ണിയും വേര്‍പിരിയുന്നു! ദാമ്പത്യം അവസാനിപ്പിക്കുന്നതായി നടി, ഇനി സിനിമയില്‍ സജീവമാകാന്‍ തീരുമാനം

Dviyaമലയാള സിനിമയില്‍ ദാമ്പത്യ തകര്‍ച്ചകളുടെ കാലമാണെന്നു തോന്നുന്നു. പ്രിയങ്ക നായര്‍, അമലപോള്‍… അടുത്തകാലത്തായി വിവാഹമോചിതരാകുന്ന നടിമാരുടെ പട്ടികയിലേക്ക് ഒരാള്‍ക്കൂടി. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണിയാണ് ഡൈവേഴ്‌സാകുകയാണെന്ന് വ്യക്തമാക്കിയത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ കഠിനമായ തീരുമാനങ്ങളെക്കുറിച്ച് നടി മനസുതുറന്നത്.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നടി അടുത്തിടെയായി കേരളത്തിലുണ്ട്. മുകേഷും രമേശ് പിഷാരടിയും അവതരിപ്പിക്കുന്ന ബഡായി ബംഗ്ലാവില്‍ അതിഥിയായെത്തിയിരുന്നു. അമേരിക്കന്‍ വാസം അവസാനിപ്പിക്കുകയാണെന്നും മലയാള സിനിമയില്‍ കൂടുതല്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹമോചനത്തിന്റെ സൂചനകളൊന്നും ദിവ്യ നല്കിയിരുന്നില്ല.

സുധീര്‍ശേഖര്‍ മേനോനുമായുള്ള ദിവ്യയുടെ കല്യാണം 2002ലാണ് നടക്കുന്നത്. അതിനുശേഷം സിനിമയോട് വിടപറഞ്ഞ അവര്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഹൂസ്റ്റണില്‍ കുടുംബിനിയുടെ റോളില്‍ ഒതുങ്ങിക്കൂടുമ്പോഴും ഡാന്‍സ് പരിപാടികളില്‍ സജീവമായിരുന്നു. ദിവ്യയുടെ ഉടമസ്ഥതയില്‍ അമേരിക്കയില്‍ ഡാന്‍സ് സ്കൂളും പ്രവര്‍ത്തിച്ചിരുന്നു. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് മക്കള്‍.  ജീവിതത്തില്‍ ഏറെ തളര്‍ന്ന നിമിഷങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ദിവ്യ പറയുന്നു. പലപ്പോഴും കൂട്ടുകാരോട് വേര്‍പിരിയല്‍ വാര്‍ത്ത പറയുമ്പോള്‍ പതറിപ്പോയിരുന്നു. ജീവിതാവസാനം വരെ നീണ്ടുനില്‍ക്കേണ്ട ബന്ധം ഇടയ്ക്ക് അവസാനിപ്പിക്കേണ്ടിവരുന്നത് ചിന്തിക്കാന്‍പോലും ആവുന്നില്ല- ദിവ്യ പറയുന്നു.

കൊച്ചി ചിലവന്നൂരില്‍ ജനിച്ച ദിവ്യ ഉണ്ണി ബാലതാരമായിട്ടാണ് സിനിമയിലെത്തുന്നത്. ബാലതാരത്തില്‍ നിന്നും നായികയായിട്ടെത്തുന്ന ആദ്യ ചിത്രം കല്യാണസൗഗന്ധികമാണ്. ദിലീപിന്റെ നായികയായുള്ള  ദിവ്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കാലത്ത്, ദിലീപ്-ദിവ്യ ഉണ്ണി ജോടികള്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 60ലേറെ സിനിമകളില്‍ ചായമിട്ട ദിവ്യയുടെ അവസാനചിത്രം മുസാഫീറാണ്. 2013ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അതിഥി താരമായിട്ടായിരുന്നു ദിവ്യയുടെ വരവ്.

Related posts