നാല്പതോളം ഉദ്യോഗസ്ഥർ 16 മണിക്കൂർ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതെ വന്ന രണ്ടു വയസുകാരനെ ഒടുവിൽ വളർത്തുനായ കണ്ടെത്തി. അമേരിക്കയിലെ അരിസോണയിലാണു സംഭവം. സെലിഗ് മാൻ പ്രദേശത്തെ വീട്ടിൽനിന്നാണു കുട്ടിയെ കാണാതായത്.
ഉടൻതന്നെ നാല്പതോളം സെർച്ച് ആൻഡ് റെസ്ക്യൂ അംഗങ്ങൾ കുട്ടിയെ അന്വേഷിച്ചു രംഗത്തിറങ്ങി. എന്നാൽ, 16 മണിക്കൂർ തെരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ വീട്ടില്‍നിന്ന് ഏഴു മൈല്‍ അകലെവച്ച് കുട്ടിയെ ഒരാൾ കണ്ടെത്തി. ബുഫോർഡ് എന്നു പേരായ തന്റെ വളർത്തുനായയാണു യഥാർഥത്തിൽ കുട്ടിയെ കണ്ടെത്തിയതെന്ന് ഇയാൾ പറയുന്നു.
ഒരു മരത്തിനു ചുവട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. പുറത്തു ചുറ്റാൻ പോയ നായ എന്തോ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതും കുരയ്ക്കുന്നതും കണ്ട ഉടമ സ്ഥലത്തെത്തി നോക്കിയപ്പോഴാണു കുട്ടിയെ കണ്ടത്. കുട്ടിയെ നായ ഉപദ്രവിച്ചിരുന്നില്ല.
ഉടൻതന്നെ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ വിവരമറിയിച്ച് കുഞ്ഞിനെ കൈമാറി. കുട്ടിയെ സുരക്ഷിതമായി സംരക്ഷിച്ചതിനു നായയ്ക്കും അതിന്റെ ഉടമയ്ക്കും സാമൂഹിക മാധ്യമങ്ങളിലും വലിയ അഭിനന്ദനമാണു ലഭിച്ചത്.