കടല്‍ കടന്നൊരു ഡോള്‍ഫിന്‍! രണ്ട് ദിവസത്തെ കനാല്‍ വാസം; കടലില്‍ നിന്നും വഴിതെറ്റി കനാലിലെത്തിയ ഡോള്‍ഫിന്‍ വീണ്ടും കടലില്‍ (വീഡിയോ കാണാം)

dolphinവൈപ്പിന്‍: കടലില്‍ നിന്നും വഴിതെറ്റി കനാലിലെത്തിയ ഡോള്‍ഫിന്‍ രണ്ട് ദിവസത്തെ കനാല്‍ വാസത്തിനുശേഷം വീണ്ടും കടലിലെത്തി. കടലിലേക്ക് പോകാന്‍ വഴിയറിയാതെ കനാലില്‍ നീന്തിക്കൊണ്ടിരുന്ന ഡോള്‍ഫിനെ നാട്ടുകാര്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ്  വീണ്ടും കടലില്‍ എത്തിച്ചത്. ഏഴടിയോളം നീളമുള്ള ഡോള്‍ഫിനെ ഇരുപതിലധിം നാട്ടുകാര്‍ ചേര്‍ന്നാണ് കനാലില്‍ നിന്നും പിടികൂടി കരയിലെത്തിച്ച് 50 മീറ്ററോളം ചുമന്ന് കടലില്‍ എത്തിച്ചത്.

ചൊവ്വാഴ്ച കൊച്ചികായലിന്റെ ഭാഗമായ നായരമ്പലം വീരന്‍ പുഴയിലാണ് ആദ്യം നാട്ടുകാര്‍ ഡോള്‍ഫിനെ കണ്ടത്. പിന്നീട് ഇന്നലെ രാവിലെ  കായലില്‍ നിന്നും ഉള്ളിലോട്ട് മാറി വീതിയും ആഴവും കുറഞ്ഞ നായരമ്പലം പുഞ്ചേതോട് കനാലില്‍ എത്തി. കനാലിലുടെ പടിഞ്ഞാട്ട് നീന്താന്‍ തുടങ്ങിയ ഡോള്‍ഫിനെ പിന്തുടര്‍ന്ന് കനാലിന്റെ ഇരുകരകളിലൂടെയും ആളുകളും പിന്തുടര്‍ന്നു. സംഭവമറിഞ്ഞ് ഇടപ്പള്ളിയില്‍ നിന്നും സാമൂഹ്യ വനവല്‍കരണ വിഭാഗം അധികൃതരും സ്ഥലത്തെത്തി.

എന്നാല്‍ പിന്നീട് ഇതിനെ ജലോപരിതലത്തില്‍ കാണാതായതോടെ ഇവര്‍ സ്ഥലം വിട്ടു. പക്ഷേ നാട്ടുകാര്‍ വള്ളങ്ങളുമായി ഡോള്‍ഫിനെ തേടാന്‍ തുടങ്ങി. കനാലിന്റെ കൈവഴിയിലൂടെ പാഞ്ഞ ഡോള്‍ഫിന്‍   പിന്നീട് ഞാറക്കല്‍ ബന്തര്‍കനാലില്‍ പ്രത്യക്ഷപ്പെട്ടു.  തുടര്‍ന്ന് വലയും മറ്റും ഇട്ട് ഇരുപതോളം ആളുകള്‍ ചേര്‍ന്ന് പിടികൂടി കടലിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്തത്. ശക്തമായ വേലിയേറ്റം മൂലമാകാം ഡോള്‍ഫിന്‍ കായലിലൂടെ കനാലില്‍ എത്തിയതെന്നു കരുതുന്നു. പലരും കടല്‍ പന്നിയാണെന്ന് തെറ്റിദ്ധരിച്ചുവെങ്കിലും നീണ്ട ചുണ്ടുകളും മുഖവും അടുത്തു കണ്ടോതോടെയാണ് ഡോള്‍ഫിനാണെന്ന് സ്ഥിരീകരിച്ചത്.

Related posts