നോട്ട്പ്രതിസന്ധി: ശബരിമല തീര്‍ഥാടനത്തെയും ബാധിക്കുന്നു

alp-sabarimalaശബരിമല: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ആസുധുവായതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ശബരിമലയില്‍ പ്രതികൂലമായി ബാധിക്കുന്നു. സന്നിധാനത്തെത്തുന്ന അന്യസംസ്ഥാന തീര്‍ഥാടകരെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. ശബരിമലയില്‍ മൂന്ന് എടിഎം കൗണ്ടറുണ്ടെങ്കിലും ഇന്നലെ ഒരെണ്ണമാണ് പ്രവര്‍ത്തിച്ചത്. ഒരു കൗണ്ടറില്‍ പണമില്ലായിരുന്നു. മറ്റൊന്ന് പ്രവര്‍ത്തനരഹിതവുമായിരുന്നു. തീര്‍ഥാടകര്‍ക്കുവേണ്ടി എടിഎം കൗണ്ടര്‍ അധികമായി ആരംഭിക്കാന്‍ നിര്‍ദേശംനല്‍കിയിട്ടുണ്ടെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ശബരിമലയില്‍ പറഞ്ഞിരുന്നു. പുതിയത് ആരംഭിച്ചില്ലെങ്കിലും ഉള്ളതില്‍ പണമുണ്ടായാല്‍ മതിയെന്ന അവസ്ഥയിലാണ് ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍.

അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന  ഭൂരിപക്ഷം പേരും ഒരു തവണയെങ്കിലും നോട്ടുകള്‍ മാറിയിട്ടാണ് വരുന്നത്. ഉതുമൂലം ശബരിമലയില്‍ വീണ്ടും നോട്ടുകള്‍ മാറാന്‍ സാധിക്കുന്നില്ല. നിലവിലെ  സാഹചര്യത്തില്‍ എല്ലാ എടിഎം കൗണ്ടറുകറുകളും സജ്ജമായിരുന്നെങ്കില്‍ ഒരു പരിധിയെങ്കിലും തീര്‍ഥാടകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമായിരുന്നു.

പമ്പയില്‍ ഇന്നലെ ഒരു ഷെഡ്യൂള്‍ഡ് ബാങ്കിന്റെ  മൊബൈല്‍ എടിഎം കൗണ്ടര്‍ പ്രവര്‍ത്തിച്ചത് ഒരു പരിധിവരെ തീര്‍ഥാടകര്‍ക്ക് പ്രയോജനകരമായിരുന്നു. പഴയ നോട്ടുകള്‍ എത്രയുണ്ടെങ്കിലും കാണിക്കയായി ഡിസംബര്‍ 30 വരെ സമര്‍പ്പിക്കാമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. അപ്പം, അരവണ കൗണ്ടറുകളില്‍  ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗപ്പെടുത്താനുള്ള പോയിന്റ് ഓഫ്  സെയില്‍ സംവിധാനവും  ഒരുക്കിയിട്ടുണ്ട്.

എന്നാല്‍, ഇതുകൊണ്ടൊന്നും ശബരമലയിലെത്തുന്ന തീര്‍ഥാടകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. മുന്‍കാലങ്ങളില്‍  തീര്‍ഥാടനം ആരംഭിക്കുന്ന ആദ്യദിവസങ്ങളില്‍തന്നെ തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകരുടെ വന്‍ ഒഴുക്കായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ തെരക്ക് കുറയാന്‍ നോട്ടുപ്രതിസന്ധിയാണ് കാരണമായിരിക്കുന്നതെന്നാണ് പോലീസും ദേവസ്വം ബോര്‍ഡും കരുതുന്നത്.

പുല്‍മേടുവഴി തീര്‍ഥാടകരെത്തിത്തുടങ്ങി
ശബരിമല: തീര്‍ഥാടനത്തിന്റെ ആദ്യദിവസങ്ങളില്‍തന്നെ പുല്‍മേടുവഴി തീര്‍ഥാടകരെത്തിത്തുടങ്ങി.  സ്വകാര്യവാഹനങ്ങള്‍ അധികൃതര്‍ പുല്‍മേട്ടിലേക്ക് കടത്തിവിടുന്നില്ല. ഇതുമൂലം  വണ്ടിപ്പെരിയാര്‍ വഴി സത്രം വരെ  വാഹനത്തിലെത്തി  അവിടെനിന്ന് നടന്ന് പുല്‍മേട് വഴിയാണ് തീര്‍ഥാടകരെത്തുന്നത്. വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ളതിനാല്‍ ഉച്ചയ്ക്ക് 12 നുശേഷം പുല്‍മേട്ടില്‍ നിന്നും  ശബരിമലയിലേക്ക്  വനംവകുപ്പ് അധികൃതര്‍ തീര്‍ഥാടകരെ വിടാറില്ല. കുറഞ്ഞത്  അഞ്ചുപേരടങ്ങുന്ന അയ്യപ്പസംഘത്തിന് മാത്രമേ ഇതുവഴി പോകാന്‍ അനുവാദമുള്ളൂ.

പ്രവര്‍ത്തനം ആരംഭിച്ചു
ശബരിമല: ആരോഗ്യ വകുപ്പിന്റെ കീഴില്‍ ശബരിമലയില്‍ സര്‍ക്കാര്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് ഹൃദ്‌രോഗ വിദഗ്ധരടക്കം എട്ടുഡോക്ടര്‍മാരും  18 പാരാ മെഡിക്കല്‍ ജീവനക്കാരുമാണ് സേവനത്തിനായി ആശുപത്രിയിലുള്ളത്. മിനി ഐസി യൂണിറ്റ്, മിനി ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയും  ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്ന് ചീഫ് നോഡല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് ബാബു പറഞ്ഞു.

സന്നിധാനത്ത് പോലീസിന്റെ ഹെല്‍പ്പ് ലൈനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹെല്‍പ്പ് ലൈനിന്റെ ഉദ്ഘാടനം  ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍  എഡിജിപി നിധിന്‍ അഗര്‍വാള്‍ നിര്‍വഹിച്ചു. 12890, 04735203100 ഈ നമ്പരുകളില്‍ വിളിച്ചാര്‍ തീര്‍ഥാടകര്‍ക്ക് പോലീസിന്റെ സഹായം 24 മണിക്കൂറും ലഭ്യമാണ്.

പമ്പയില്‍ രാഷ്ട്രദീപിക ഇന്‍ഫര്‍മേഷന്‍ സെന്റര്‍
RE-RD-PAMPA
ശബരിമല: പമ്പ മീഡിയ സെന്ററില്‍ ദീപിക, രാഷ്ട്രദീപിക ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് രാഷ്ട്രദീപിക പുറത്തിറക്കിയ ‘തിരുസന്നിധാനം’ സ്‌പെഷല്‍ പ്രകാശനം ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആദ്യകോപ്പി ഏറ്റുവാങ്ങി.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനന്തഗോപന്‍, അയ്യപ്പസേവാസംഘം ക്യാമ്പ് ഓഫീസര്‍ പി.സി.എസ്. മേനോന്‍, പമ്പ മേല്‍ശാന്തിമാരായ ജി. അനില്‍ കുമാര്‍, പരമേശ്വരന്‍ നമ്പൂതിരി, മുന്‍ ജില്ലാ പഞ്ചായത്തംഗം എസ്. ഹരിദാസ്, പെരുനാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, ദീപിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍) ജോസഫ് ഓലിക്കന്‍, പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട്, കോട്ടയം യൂണിറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ജോണ്‍സണ്‍ വള്ളോംപുരയിടം, തിരുസന്നിധാനം സ്‌പെഷല്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് വിധുലാല്‍, പത്തനംതിട്ട ബ്യൂറോ ചീഫ് ബിജു കുര്യന്‍, സര്‍ക്കുലേഷന്‍ എക്‌സിക്യൂട്ടീവുമാരായ ഗിരീഷ് കുമാര്‍, വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts