ദൂരദര്‍ശന്‍ മ്യൂസിക്കിന് ബ്രേക്ക് ഡാന്‍സിലൂടെ ദൃശ്യാവിഷ്‌കരണം! ടിക്ക് ടോക്ക് വീഡിയോ വൈറലായതോടെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്നും യുവാവിന് നേരിട്ട് അഭിനന്ദനം

ടിക്ക് ടോക്ക് എന്നാല്‍ ഇന്ന് യുവജനങ്ങള്‍ക്ക് ലഹരിയാണ്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യുന്നവരും ടിക്ക് ടോക്ക് വീഡിയോകള്‍ ആസ്വദിച്ച് രസിക്കുന്നവരുമെല്ലാമുണ്ട്. വീഡിയോകള്‍ എത്രത്തോളം മനോഹരവും വ്യത്യസ്തവുമാക്കാം എന്ന ചിന്തയാണ് ഓരോ വീഡിയോ ചെയ്യുമ്പോഴും ആളുകള്‍ക്ക്.

ഇപ്പോഴിതാ ടിക്ക് ടോക്കില്‍ വ്യത്യസ്തമായ ഒരു വീഡിയോയുമായി ഒരു യുവാവ് രംഗത്തെത്തിയിരിക്കുന്നു. ദൂരദര്‍ശന്റെ വിശ്വവിഖ്യാതമായ സംഗീതത്തിന് അനുസരിച്ച് ചുവട് വച്ചാണ് യുവാവ് എത്തിയിരിക്കുന്നത്. കാലത്തെ അതിജീവിച്ച് ആരാധകരെ സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന ദൂരദര്‍ശന്‍ സംഗീതത്തിന് യുവാവ് നല്‍കിയിരിക്കുന്ന ഈ പുതിയ ഭാവത്തിന് നിമിഷങ്ങള്‍ക്കകം ധാരാളം ആരാധകരെ ലഭിച്ചു.

വൈശാഖ് നായര്‍ എന്ന ചെറുപ്പക്കാരനാണ് ദൂരദര്‍ശന്റെ അവതരണ സംഗീതത്തിന് ബ്രേക്ക് ഡാന്‍സിലൂടെ ദൃശ്യാവിഷ്‌കരണം നടത്തി ശ്രദ്ധേയനായി മാറിയിരിക്കുന്നത്. അസാമാന്യ മെയ് വഴക്കത്തോടെയാണ് വൈശാഖ് ഇത് ചെയ്തിരിക്കുന്നത്.

ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയ്ക്കു നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചത്. സംഗതി വൈറലായതോടെ ദൂരദര്‍ശന്‍ അധികൃതരുടേയും ശ്രദ്ധയില്‍പ്പെട്ടു. ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിഡിയോ റീ ട്വീറ്റ് ചെയ്താണ് അവര്‍ വൈശാഖിന് അഭിനന്ദനം അറിയിച്ചത്.

Related posts