പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ കനത്ത സുരക്ഷ. ദേശീയ സുരക്ഷാ സേന ശബരിമലയിലെ സുരക്ഷാ ചുമതല ഇന്നലെ മുതൽ ഏറ്റെടുത്തു. ഇന്നു മുതല്‍ അയ്യപ്പഭക്തര്‍ക്കു ദര്‍ശനത്തിനു നിയന്ത്രണങ്ങളുണ്ട്.
ഇന്നത്തെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് 12500 ആയി നിജപ്പെടുത്തി. ബുധനാഴ്ചയും നിയന്ത്രണങ്ങളുണ്ട്. ഇന്നു മുതൽ ദേശീയ സുരക്ഷാ സേനയുടെ ചുമതലയിലാണ് എല്ലാ ക്രമീകരണങ്ങളും. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും കേന്ദ്രസേനയുടെ ചുമതലയിലാണ് സുരക്ഷാ സംവിധാനങ്ങള്‍.
നാളെ രാവിലെ 10.20ന് ഹെലികോപ്ടറില്‍ നിലയ്ക്കല്‍ ഹെലിപ്പാഡില്‍ ഇറങ്ങി അവിടെനിന്നു റോഡു മാര്‍ഗം പമ്പയില്‍ എത്തി പ്രത്യേക വാഹനത്തില്‍ സന്നിധാനത്തേക്കു പുറപ്പെടും. ഉച്ചപൂജ ദര്‍ശനത്തിനുശേഷം സന്നിധാനം ഗസ്റ്റ് ഹൗസില്‍ വിശ്രമം. മൂന്നിനു സന്നിധാനത്തു നിന്നു മടങ്ങും. 4.10ന് നിലയ്ക്കലില്‍ എത്തി ഹെലികോപ്ടറില്‍ തിരുവനന്തപുരത്തേക്കു മടങ്ങും.
പുതിയ ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി പ്രത്യേക വാഹനത്തിലാണ് പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരികെയുമുള്ള യാത്ര. ആറ് വാഹനങ്ങളുടെ അകമ്പടി ഉണ്ടാകും. സ്വാമി അയ്യപ്പന് റോഡിലൂടെയാകും സന്നിധാനത്തേക്ക് വാഹനവ്യൂഹം കടന്നുപോകുന്നത്.
പമ്പയിലെത്തി ത്രിവേണിയിൽ കാൽനനച്ച ശേഷം ഗണപതി ക്ഷേത്രത്തിലെത്തി ഇരുമുടിക്കെട്ട് നിറച്ചാകും സുരക്ഷാക്രമീകരണങ്ങളുള്ള ജീപ്പിൽ സന്നിധാനത്തേക്കുള്ള ദ്രൗപദി മുർമുവിന്റെ യാത്ര. പതിനെട്ടാംപടിയിൽ ദേവസ്വംബോർഡിന്റെ നേതൃത്വത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കും.
നിലവിൽ വാഹനത്തിൽ മല കയറാൻ അനുമതിയില്ലെങ്കിലും സുരക്ഷയടക്കം കണക്കിലെടുത്താണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനായി വാഹനസൗകര്യം ഒരുക്കുന്നത്. ഇതോടെ വാഹനത്തിൽ മലകയറുന്ന ആദ്യ വ്യക്തിയായി ദ്രൗപദി മുർമു മാറും. സന്നിധാനത്തേക്ക് സാധനങ്ങൾ ട്രാക്ടറിൽ എത്തിക്കുന്നുണ്ടെങ്കിലും ഭക്തർ കാൽനടയായിട്ടാണ് മലകയറ്റം.
രോഗികൾ അടക്കമുള്ളവരെ ഡോളിയിലാണ് സന്നിധാനത്തേക്ക് എത്തിക്കുന്നത്. ദ്രൗപദി മുർമു ആദ്യമായാണ് ശബരിമലയിലേക്ക് എത്തുന്നത്. സന്നിധാനത്ത് രാഷ്ട്രപതി വിശ്രമിക്കുന്ന ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് കെട്ടിടത്തിലും തിങ്കളാഴ്ച സുരക്ഷാപരിശോധനകൾ നടന്നു.
അനധികൃതമായി സന്നിധാനത്ത് തങ്ങിയ മുഴുവൻ പേരെയും ഒഴിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസങ്ങളിലായി പമ്പ – സന്നിധാനം പാതയിൽ അപകട ഭീഷണിയായി നിന്നിരുന്ന എല വൃക്ഷങ്ങളും മുറിച്ചുമാറ്റിയിരുന്നു. സ്വാമി അയ്യപ്പൻ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും മൺകൂനകൾ നീക്കം ചെയ്തു.