ആ മുഹമ്മദ് ഷാഫിയല്ല ഈ മുഹമ്മദ് ഷാഫി ! കാണാതായ സ്വർണവും പണവും വീണ്ടെടുക്കാൻ ‘ചാത്തൻ സേവ’; വീണ്ടും മന്ത്രവാദ തട്ടിപ്പ്

പയ്യോളി (കോഴിക്കോട് ) : പയ്യോളിയില്‍ മന്ത്രവാദ തട്ടിപ്പില്‍ മദ്രസാ അധ്യാപകനു സ്വര്‍ണവും പണവും നഷ്ടപ്പെട്ടു.

തിക്കോടി കോടിക്കലിലെ ഇസ്മയിലിന്‍റെ (37) ഏഴരപവന്‍ സ്വര്‍ണവും ഒന്നേകാല്‍ ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.

കാസര്‍ക്കോട് ഉപ്പള സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് ഇസ്മയില്‍ താമസിച്ച ക്വാര്‍ട്ടേഴ്സില്‍ നിന്ന് പണവും സ്വർണവും കവർന്നത്.പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പാലക്കാട് ആലത്തൂര്‍ വാവലിയപുരം മാട്ടുമല സ്വദേശിയായ ഇസ്മയില്‍ ഏറെക്കാലമായി തിക്കോടി കോടിക്കല്‍ പ്രദേശത്താണ് മദ്രസാ അധ്യാപകനായി ജോലി ചെയ്യുന്നത്.

നാലുമാസം മുമ്പ് ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട മുഹമ്മദ് ഷാഫി കഴിഞ്ഞ മാസം 22-ന് വൈകിട്ട് നാലിന് നിസ്കരിക്കണമെന്ന് പറഞ്ഞ് ഇസ്മയില്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ എത്തുകയായിരുന്നു.

പിന്നീട് ഈ മാസം രണ്ടിന് ഇസ്മയിലിന്‍റെ ഭാര്യയെ ഫോണില്‍ വിളിച്ച് അലമാരയിലുള്ള പണവും സ്വര്‍ണവും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും രണ്ടുദിവസം കഴിഞ്ഞുമാത്രമേ അലമാര തുറന്ന് പരിശോധിക്കാവൂ എന്നും അറിയിച്ചു.

ഇതുപ്രകാരം രണ്ടുദിവസം കഴിഞ്ഞ് പരിശോധിച്ചപ്പോള്‍ സ്വര്‍ണവുംപണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.

മുഹമ്മദ് ഷാഫിയെ വിളിച്ചപ്പോള്‍ നഷ്ടപ്പെട്ടവ താന്‍ ചാത്തന്‍സേവയിലൂടെ തിരിച്ചെത്തിക്കുമെന്ന് ഇവര്‍ക്ക് ഉറപ്പു നല്‍കുകയായിരുന്നുവത്രെ.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണവും സ്വര്‍ണവും കിട്ടാത്തതിനെത്തുടര്‍ന്ന് ഇസ്മയില്‍ പയ്യോളി പോലീസിനെ സമീപിക്കുകയായിരുന്നു.

ഷാഫിക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 323, 324, 506, 461, 350 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

Related posts

Leave a Comment