കാറിന്‍റെ സുപ്രധാനമായ ഘടകം!! എന്‍ജിന്റെ ആയുസിനെ പ്രതികൂലമായി ബാധിക്കുന്ന ചില ഡ്രൈവിംഗ് ശീലങ്ങളും പ്രതിവിധിയും

കാറിന്‍റെ സുപ്രധാനമായ ഘടകമാണ് എൻജിൻ. കൃത്യമായ ഇടവേളകളിലുള്ള പരിപാലനം അതിന്‍റെ ഈടുനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് മാത്രമായില്ല. ഡ്രൈവിംഗ് രീതിയും ചിട്ടയുള്ളതായിരിക്കണം. കാർ എൻജിന്‍റെ ആയുസിനെ പ്രതികൂലമായി ബാധിക്കുന്ന ചില ഡ്രൈവിംഗ് ശീലങ്ങൾ നമ്മളിൽ പലർക്കുമുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം.

സ്റ്റാർട്ട് ചെയ്ത ഉടൻ എൻജിൻ ഇരപ്പിക്കുക

ഇലക്ട്രോണിക് കണ്‍ട്രോൾ യൂണിറ്റ് ( ഇ.സി.യു) ആണ് ഇന്നത്തെ കാറുകളുടെ എൻജിന്‍റെ പ്രവർത്തനം നിയന്ത്രിക്കുന്നതെന്ന് അറിയാമല്ലോ. വിവിധ സെൻസറുകളിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്തിയാണ് ഇ.സി.യു പരമാവധി ഫലപ്രദമായി എൻജിനിലെ ഇന്ധന ജ്വലനം സാധ്യമാക്കുന്നത്.

അതുകൊണ്ടുതന്നെ പഴയ വാഹനങ്ങളിലേതുപോലെ സ്റ്റാർട്ട് ചെയ്തശേഷം ആക്സിലറേറ്റർ പ്രയോഗിച്ച് എൻജിൻ ചൂടാക്കേണ്ടതില്ല. എൻജിൻ ഓയിൽ എൻജിൻ ഘടകങ്ങളിൽ വ്യാപരിക്കാൻ മാത്രം സമയം കൊടുത്താൽ മതി. ഇതിന് 30 സെക്കൻഡ് ധാരാളമാണ്. ദിവസത്തെ ആദ്യ സ്റ്റാർട്ടിംഗിനുശേഷം വാഹനം ഓടിച്ചുതുടങ്ങുന്പോൾ അമിതമായി ആക്സിലറേറ്റർ പ്രയോഗിക്കാതെ കുറഞ്ഞ വേഗത്തിൽ ഓടിക്കുക.
പെട്ടെന്ന് വേഗമെടുക്കുക

ആക്സിലറേറ്റർ പെഡൽ ഫ്ളോറിനോട് ചേർത്ത് അമർത്തിക്കൊണ്ടുള്ള ഡ്രൈവിംഗ് എൻജിൻ ഘടകങ്ങളുടെ അമിത തേയ്മാനത്തിനു ഇടയാക്കും. അനാവശ്യമായ ഇന്ധനനഷ്ടത്തിനും അതിടയാക്കും. സ്ഥിരമയി അമിതവേഗത്തിൽ വാഹനം ഓടിക്കുന്നതും എൻജിനു ദോഷകരമാണ്. ഇത് എൻജിൻ അമിതമായി ചൂടാകാൻ ഇടയാക്കും.

ഗീയർ ഡൗണ്‍ ചെയ്യാതിരിക്കുക

വേഗം കുറയ്ക്കുന്നതിനനുസരിച്ചുള്ള ഗീയർ ഉപയോഗിക്കുന്നതിനു പകരം ഉയർന്ന ഗീയറിൽ ആക്സിലറേറ്റർ കൂടുതൽ പ്രയോഗിച്ച് വാഹനം ഓടിക്കുന്നത് എൻജിന്‍റെ ആയാസം വർധിപ്പിക്കും. എൻജിൻ താപനില ഇതുമൂലം ഉയരും. എൻജിൻ ഘടകങ്ങൾക്ക് കൂടുതൽ തേയ്മാനമാണ് അനന്തരഫലം. കുറഞ്ഞ ഗീയറിലിട്ട് കൂടുതൽ ആക്സിലറേറ്റർ പ്രവർത്തിപ്പിക്കുന്നതും എൻജിനു ദോഷകരമാണ്. വേഗത്തിനനുസരിച്ചുള്ള ഗീയർ തിരഞ്ഞെടുത്ത് ഡ്രൈവ് ചെയ്യുക.

ടർബോ എൻജിനുകൾ പെട്ടെന്ന് ഓഫ് ചെയ്യുക

വലുപ്പം കുറഞ്ഞ എൻജിനിൽ നിന്ന് കൂടുതൽ കരുത്ത് പ്രദാനം ചെയ്യാൻ സഹായിക്കുന്നതാണ് ടർബോ ചാർജർ. എൻജിനിലേയ്ക്ക് കൂടുതൽ വായു കടത്തിവിട്ട് ഇന്ധനജ്വലന പ്രക്രിയ ത്വരിതപ്പെടുത്തുന്നതാണ് ടർബോ ചാർജറിന്‍റെ കടമ. ഓരോ യാത്രകൾക്കുശേഷവും ടർബോ ചാർജറിലെ ഓയിൽ തണുക്കാൻ അവസരം നൽകണം. അല്ലാത്ത പക്ഷം ടർബോ ചാർജറിന് ചെലവേറിയ അറ്റകുറ്റപ്പണികൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ ടർബോയുള്ള എൻജിനുകൾ നിർത്തുന്നതിനു മുന്പ് ഒരു മിനിറ്റ് നേരം വെറുതെ ഇടുക.

അമിതഭാരം കയറ്റുക

ഒരു നിശ്ചിതഭാരം കയറ്റാനാവും വിധമാണ് ഓരോ കാറും രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമാവധി കയറ്റാവുന്ന ഭാരം വാഹനത്തിനൊപ്പം ലഭിക്കുന്ന ഓണേഴ്സ് മാന്വലിൽ പ്രതിപാദിച്ചിട്ടുണ്ടാകും. അതിലേറെ ഭാരം കയറ്റിക്കൊണ്ടുപോകുന്നത് എൻജിൻ ആയുസിനെ ബാധിക്കും. വാഹനത്തിന്‍റെ സസ്പെൻഷൻ സംവിധാനത്തിനും അതു കാര്യമായി ദോഷം ചെയ്യും.

വലിയ ഹംപുകളും കുഴികളും പരിഗണിക്കാതെയുള്ള ഡ്രൈവിംഗ്

എൻജിനു അടിഭാഗത്തുള്ള അറയിലാണ് എൻജിൻ ഓയിൽ സംഭരിച്ചിരിക്കുന്നത്. വലിയ കുഴികളും ഹംപുകളുമൊക്കെ മറികടക്കുന്പോൾ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഓയിൽ പാനിനു തകരാർ സംഭവിച്ച് ഓയിൽ ചോർച്ച ഉണ്ടാകും. ചോർച്ച തിരിച്ചറിയാതെ വാഹനം ഉപയോഗിക്കുന്നത് എൻജിന് ഗുരുതരമായ കേടുപാടുകൾ വരുത്തും.

ചെക്ക് എൻജിൻ ലൈറ്റ് അവഗണിക്കുക

എൻജിന് ഏതെങ്കിലും വിധത്തിലുള്ള തകരാറുണ്ടെങ്കിൽ ഡാഷ്ബോർഡിൽ എൻജിൻ വാണിംഗ് ലൈറ്റ് അഥവാ ചെക്ക് എൻജിൻ ലൈറ്റ് തെളിയും. മിക്ക കാറുകളിലും മഞ്ഞ നിറത്തിൽ എൻജിന്‍റെ രേഖാചിത്രമുള്ള ലൈറ്റാണ് ഇത് സൂചിപ്പിക്കാൻ തെളിയുക. ഇത് കത്തിക്കിടക്കുകയാണെങ്കിൽ എൻജിനു ചില്ലറ തകരാറുള്ളതാണെന്നു മനസിലാക്കാം.

എന്നാൽ ചെക്ക് എൻജിൻ ലൈറ്റ് മിന്നിത്തെളിയുകയോ അതിന്‍റെ നിറം ചുവപ്പ് ആകുകയോ ( ചില കാറുകളിൽ ) ആണെങ്കിൽ ഉടനടി എൻജിൻ പരിശോധനാവിധേയമാക്കണം എന്നാണ് അർഥം. ഈ സുപ്രധാന ലൈറ്റിനെ അവഗണിക്കുന്നത് കൂടുതൽ ചെലവേറിയ അറ്റകുറ്റപ്പണിയിലേയ്ക്ക് നയിക്കാം.

എൻജിൻ താപനില ശ്രദ്ധിക്കാതിരിക്കുക

വാഹനം ഓടിക്കുന്പോൾ നിർബന്ധമായും ഇടയ്ക്ക് ഡാഷ്ബോർഡിലെ ടെംപറേച്ചർ ഗേജ് നോക്കണം. പ്രത്യേകിച്ചും അഞ്ചുവർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ കാര്യത്തിൽ. എൻജിന്‍റെ തണുപ്പിക്കൽ സംവിധാനത്തിനു തകരാർ സംഭവിച്ചാൽ താപനില ഉയർന്നതായി ഗേജിൽ കാണാം.

അത്തരം ഘട്ടങ്ങളിൽ വാഹനം നിർത്തിയിട്ട് എൻജിൻ തണുത്തശേഷം കൂളന്‍റ് ലെവലും എൻജിൻ ഓയിൽ ലെവലും പരിശോധിച്ച് കുറവുണ്ടെങ്കിൽ പരിഹരിക്കുക. ഈ സൂചന അവഗണിക്കുന്നത് ചെലവേറിയ എൻജിൻ പണിയ്ക്ക് വരെ കാരണമാകും.ടെംപറേച്ചർ സെൻസറിന്‍റെയോ ടെംപറേച്ചർ ഗേജിന്‍റെയോ തകരാർ മൂലവും ഉയർന്ന താപനില സൂചിപ്പിക്കാറുണ്ട്.

ഐപ്പ് കുര്യൻ

Related posts