കല്ലില്‍ നിന്ന് അപ്പമുണ്ടാകുമോ? പഠിക്കാം, കല്ലിനെ അപ്പമാക്കുന്ന കൃഷി

കല്ലില്‍ നിന്ന് അപ്പമുണ്ടാകുമോ? പഴയ ഒരറിവില്‍ നി ന്നുള്ള പുതിയ ചിന്തയാണിത്. അപ്രായോഗികമെന്ന് ഒറ്റവായനയില്‍ എഴുതിത്തള്ളരുത്. കാരണം ശാസ്ത്രം എന്നതുതന്നെ അപ്രായോഗികമെന്നു തോന്നിയവയെ പ്രായോഗികമാക്കിയതിന്റെ ചരിത്രമാണ്, രണ്ടാമതുള്ള തെരച്ചിലാണ്.

ഇത്തരത്തില്‍ കല്ലില്‍ നിന്ന് അപ്പമുണ്ടാക്കുന്ന വഴിയും ചരിത്രത്തില്‍ ഒരാള്‍ കാണിച്ചു തന്നിട്ടുണ്ട്. ഇതിന്മേല്‍ രണ്ടാമതുള്ള തെരച്ചിലാണിത്. 1950 കളില്‍ ഡോ. ജൂലിയസ് ഹെന്‍സല്‍ എന്ന ജര്‍മന്‍ രസതന്ത്രജ്ഞനാണ് കല്ലുകളെ വളമാക്കിയത്. കാലം തമസ്‌കരിച്ചെങ്കിലും ജൈവകൃഷി പ്രബലമായതോടെ ഈ കണ്ടുപിടിത്തം ലോകത്തിന്റെ പല കോണുകളിലും പുനരാവിഷ്‌കരിക്കപ്പെടുകയാണ്.

ഇറ്റലിയിലെ വെസൂവിയസ് അഗ്നിപര്‍വത പ്രാന്തപ്രദേശങ്ങളിലെ ലാവയില്‍ നിന്നു രൂപപ്പെട്ട കല്ല് പൊടിഞ്ഞ മണ്ണിലുണ്ടാകുന്ന മുന്തിരിപ്പഴമാണ് ലോകത്തില്‍ ഏറ്റവും മികച്ചത്. അതുപോലെ വൈനും. ഇതനുകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പാറയിലെ പോഷകാംശത്തില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കാന്‍ ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും.

കല്ല് വളമാകുന്നത്?

മണ്ണുണ്ടാകുന്നത് പാറ പൊടിഞ്ഞാ ണല്ലോ? ഈ മണ്ണില്‍ നിന്നാണല്ലോ ചെടികള്‍ക്കാവശ്യമായ പോഷക മൂലകങ്ങള്‍ ലഭിക്കുന്നത്. എങ്കില്‍ എന്തുകൊണ്ട് രാസവളങ്ങള്‍ക്കു പകരം പാറപൊടിച്ച് വളമാക്കി പോഷക ന്യൂനത പരിഹരിച്ചുകൂടാ എന്നൊരന്വേഷണമാണ് ഈ ലേഖനത്തിനു നിദാനം. പാറപ്പൊടി നല്ല വളമാണെന്ന് പല കര്‍ഷകരും പറയാറുണ്ട്. പ്രത്യേകിച്ചും തെങ്ങിന്. പാറപ്പൊടി വളത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഡോ. ജൂലിയസ് ഹെന്‍സ ലിന്റെ പരീക്ഷണങ്ങളില്‍ കൊണ്ടുചെന്നെത്തിച്ചത്.

ഗോതമ്പുമില്ലില്‍ തുടങ്ങിയ പഠനം

ഡോ. ഹെന്‍സലിന് ഗോതമ്പുപൊടിച്ചു കൊടുക്കുന്ന ഒരു ബിസിനസ് ഉണ്ടായിരുന്നു. ഒരിക്കല്‍ ഗോതമ്പിനൊപ്പം പൊടിക്കല്ലുകള്‍ വീണതിനാല്‍ പൊടി ഉപയോഗശൂന്യമായി. അദ്ദേഹം ഈ പൊടി മില്ലിനടുത്തുള്ള ചോളവയലില്‍ വിതറി. കുറെ ആഴ്ചകള്‍ക്കുശേഷം അന്വേഷണ കുതുകിയായ അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചു.

കല്ലുചേര്‍ന്ന ഗോതമ്പുപൊടി വിതറിയ തടത്തിലെ ചോളച്ചെടികളെല്ലാം പുഷ്ടിയോടെ വളര്‍ന്ന് നന്നായി വിളഞ്ഞു നില്‍ക്കുന്നു. പൊടി ലഭിക്കാത്ത ചെടികള്‍ മുരടിച്ച് വിളവു മോശമായി നില്‍ക്കുന്നു. ഈ താരതമ്യം അദ്ദേഹത്തെ ചിന്തിപ്പിച്ചു. അദ്ദേഹം പലതരം പാറകള്‍ പൊടിച്ച് മിശ്രിതങ്ങള്‍ ഉണ്ടാക്കി പരീക്ഷിച്ചു. പാറപ്പൊടി മിശ്രിതം ഒന്നാന്തരം പ്രകൃതിദത്ത വളമാണെന്ന് കണ്ടുപിടിച്ചു.

ഈ മിശ്രിതങ്ങളില്‍ ചുണ്ണാമ്പുകല്ലും ജിപ്‌സവും പൊടിച്ചു ചേര്‍ത്ത് അദ്ദേഹം പാറപ്പൊടി മിശ്രിതം വളമാക്കി വിപണനം തുടങ്ങി. ഉപയോഗിച്ച കര്‍ഷകര്‍ ക്കെല്ലാം പ്രതീക്ഷിച്ചതിലപ്പുറം വിളവു ലഭിച്ചു. അങ്ങനെ പാറപ്പൊടി വളം തരംഗമായി മാറി. ‘കല്ലില്‍ നിന്ന് അപ്പം’ എന്ന ഒരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചു. യൂറോപ്പില്‍ തീവ്രകൃഷിയുടെ ഫലമായി മണ്ണിന്റെ ഫലഭൂയിഷ്ടി കുറഞ്ഞ് വിളവു മോശമായിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് പാറപ്പൊടി വളം രംഗത്തെത്തിയത്.

വിളവു വര്‍ധിപ്പിക്കാനുള്ള ധാരാളം ഗവേഷണങ്ങള്‍ അന്നു നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഫലമെന്നോണം ഡോ. ലീബിഗ് എന്‍പികെ വളവുമായി രംഗത്തു വന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്‍പികെ രാസവളങ്ങള്‍ ധാരാളമായി ഉപയോഗിക്കപ്പെട്ടു. വിളവു വര്‍ധിക്കുകയും ഈ വളം പ്രചാരത്തിലാകുകയും ചെയ്തു. അക്കാലത്ത് സൂക്ഷ്മ മൂലകങ്ങളെക്കുറിച്ചുള്ള അറിവു കുറവായിരുന്നതിനാല്‍ ഇന്നത്തെപ്പോലെ അവ ഉപയോഗിച്ചിരുന്നില്ല.

ഇക്കാരണത്താല്‍ എന്‍പികെ രാസവളങ്ങള്‍ പതിവായി ഉപയോഗിച്ചിരുന്ന കൃഷിക്കാരുടെ മണ്ണിന്റെ ഫലഭൂയിഷ്ടി കുറയുകയും വിളവുമോശമാകുകയും വിളകളിലെ കീട- രോഗബാധ മൂലം കര്‍ഷകര്‍ വലയുകയും ചെയ്തു. ഈ പ്രതിസന്ധിഘട്ടത്തിലാണ് പാറപ്പൊടി വളം വിപണിയിലെത്തുന്നത്. ഈ വളം വാങ്ങി ഉപയോഗിച്ച കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വിളവു വര്‍ധിക്കുകയും കീട- രോഗ ഉപദ്രവം കുറയുകയും ചെയ്തു. എന്‍പികെ വളങ്ങളുടെ പ്രസക്തി ഇതോടെ കുറഞ്ഞു. വിപണി തളര്‍ന്നു.

ഇതു മണത്തറിഞ്ഞ ഡോ. ലീബിഗും കൂട്ടരും ഡോ. ഹെന്‍സലിനെതിരേ കേസു കൊടുത്തു. പാറപ്പൊടിക്ക് ശാസ് ത്രീയ അടിത്തറയില്ലെന്നും മറ്റും പറഞ്ഞ് അധികാരികളെ സ്വാധീനിച്ച് ഡോ. ഹെന്‍സലിനെ ജയിലിലടച്ചു. ‘കല്ലില്‍ നിന്ന് അപ്പം’ എന്ന പുസ്തകത്തിന്റെ കിട്ടാവുന്ന എല്ലാ കോപ്പികളും കണ്ടുകെട്ടി കത്തിച്ചു. ഡോ. ഹെന്‍സലിന് പിന്നീടെന്തു സംഭവിച്ചു എന്നറിഞ്ഞുകൂടാ. സ്ഥാപിത താത്പര്യങ്ങള്‍ക്ക് വിലങ്ങുതടിയായ ഏതു സംരംഭവും അത് കണ്ടുപിടിത്തമായാലും വെളിച്ചം കാണില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണിത്.

ഡോ. ലീബിഗ് സത്യാന്വേഷണ കുതുകിയായ ശാസ്ത്രജ്ഞനായിരുന്നെങ്കില്‍ ഡോ. ഹെന്‍സല്‍ നിരീക്ഷിച്ച കാര്യങ്ങള്‍ കുറെക്കൂടി യുക്തിസഹമായി പഠിക്കുകയും അവലോകനം ചെയ്യുകയും ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ചെടികളുടെ വളപ്രയോഗം രാസാധിഷ്ഠിതമാകുമായിരുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സ്വയാന്വേഷണം മണ്‍മറഞ്ഞുപോയ പല കണ്ടുപിടിത്തങ്ങളും വെളിച്ചത്തു കൊണ്ടുവരാന്‍ സഹായിക്കും. ശാസ്ത്രീയ കാഴ്ചപ്പാടുകളില്‍ തെറ്റുപറ്റാമെന്നും ശാസ്ത്രജ്ഞരെ അന്ധമായി വിശ്വസിക്കരുതെന്നും എല്ലാം വിവേകത്തോടെ കാണണമെന്നും ഇതില്‍ നിന്നു മനസിലാക്കാം.

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമായ അന്നജം, പ്രോട്ടീന്‍, ലവണങ്ങള്‍, വിറ്റാമിനുകള്‍ മുതലായവ ആവശ്യമാണ്. പ്രകൃതിദത്ത ഭക്ഷണങ്ങളായ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, മാംസം, മുട്ട, മത്സ്യം, പാല്‍ എന്നിവ ഇതിനായി ഉപയോഗിക്കുന്നു. ഈ പോഷക ഘടകങ്ങളുടെ രാസസംയുക്തങ്ങള്‍ അടങ്ങിയ പൊടിയോ ഗുളികകളോ മാത്രം ഉപയോഗിച്ച് ആര്‍ക്കും ആരോഗ്യം നിലനിര്‍ത്താന്‍ കഴിയില്ല.

പിന്നെ എന്തുകൊണ്ടാണ് ഭക്ഷണം ഉത്പാദിപ്പിക്കുന്ന ചെടികള്‍ക്ക് രാസപദാര്‍ഥങ്ങള്‍ മാത്രം കൊടുത്ത് അതും അസന്തുലിതമായ രീതിയില്‍ ഉത്പാദനം നടത്തുന്നത് എന്നത് ഒരു വിരോധാഭാസമായി തോന്നുന്നു. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ സമഗ്രപോഷണമുള്ളവയല്ല എന്ന് പല പഠനങ്ങളും തെളിയിക്കുന്നു. ചെടികളുടെ 90 ശതമാനം പോഷണവും അണുജീവികളുടെ പ്രവര്‍ത്തനം മൂലമാണെന്ന് ഡോ. ക്രിസ്റ്റീന, ജോണ്‍സ് എന്നിവരുടെ പഠനങ്ങള്‍ ശരിവയ്ക്കുന്നു. പൊടിഞ്ഞ പാറയും ജൈവാവശിഷ്ടങ്ങളും അണുക്കളുടെ പ്രവര്‍ത്തനവും മൂലമാണ് പോഷകദ്രവ്യങ്ങള്‍ ചെടികള്‍ക്ക് ലഭിക്കുന്നത്.

പ്രകൃത്യാലുള്ള ഈ പ്രക്രിയ അനുകരിക്കുകയല്ലേ കൂടുതല്‍ അഭികാമ്യം? ഇപ്രകാരം ചെയ്യുമ്പോള്‍ ചെടികള്‍ക്ക് പ്രകൃതിദത്തമായ വളര്‍ച്ച ഉറപ്പാക്കുകയും പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുകയും ചെയ്യുന്നു. ഇന്നുള്ള പല പ്രശ്‌നങ്ങളും ഒഴിവായികിട്ടുകയും ചെയ്യും. ഡോ. ഹെന്‍സലിന്റെ അനുമാനവും അതുന്നെയാണ്.

പാറയെക്കുറിച്ച് പഠിക്കുമ്പോള്‍

പലതരം പാറകളുടെ പോഷകമൂല്യം ശാസ്ത്രീയമായി മനസിലാക്കണം. ഇവ പൊടിച്ച മിശ്രിതങ്ങള്‍ തയാറാക്കണം. പോഷകങ്ങള്‍ വിഘടിപ്പിക്കാന്‍ കഴിവുള്ള അണുജീവികളെ കണ്ടെത്തണം. ഇവയുടെ സാഹചര്യങ്ങള്‍ മനസിലാക്കണം. ഇത്രയുമായാല്‍ ഫലവത്തായ ഒരു വളപ്രയോഗരീതി പ്രകൃതിദത്തമായി തന്നെ ലഭ്യമാക്കാന്‍ സാധിക്കും. പ്രകൃതിയെ അനുകരിക്കുന്ന ഒരു രീതി വികസിപ്പിക്കുന്നതിനെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ബ്രസീലില്‍ നടത്തിയ ഒരു പഠനത്തില്‍ കമ്പോസ്റ്റും പാറപ്പൊടിയും ഉപയോഗിച്ചാല്‍ നല്ല വിളവു കിട്ടുമെന്നും ചെലവു കുറയ്ക്കാമെന്നും കണ്ടെത്തി. പക്ഷെ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ഡോ. ഹെന്‍സലിന്റെ അഭിപ്രായ പ്രകാരം പാറപ്പൊടി വളം ഉപയോഗിക്കുമ്പോഴുള്ള ഗണങ്ങള്‍ പലതാണ്

1. ആരോഗ്യദായകമായ, രുചിയുള്ള, പോഷകസമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാം. ആരോഗ്യം നിലനിര്‍ത്താം.

2. രോഗങ്ങള്‍, വിരകള്‍, കീടങ്ങള്‍, കുമിളുകള്‍ എന്നിവയെ ചെറുക്കുന്നതിനുള്ള പ്രതിരോധശേഷി വര്‍ധിക്കും.

3. ഭക്ഷ്യവസ്തുക്കളുടെ സൂക്ഷിപ്പുകാലം കൂടുകയും ഗതാഗതത്തിലുണ്ടാകുന്ന നഷ്ടങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

4. അതിശൈത്യവും വരള്‍ച്ചയും ചെറുക്കാന്‍ കഴിയും.

5. മണ്ണില്‍ മൂലകങ്ങള്‍ സാവകാശം ലഭ്യമാകുന്നതിനാല്‍ നീരൊലിപ്പ് മൂലമുള്ള നഷ്ടവും മലിനീകരണവും ഒഴിവാക്കാം.

6. രോഗങ്ങളും കീടങ്ങളും കുറയുന്നതിനാല്‍ സ്‌പ്രേയിംഗിനുള്ള ചെലവുകള്‍ കുറയ്ക്കാം.

പല തരത്തിലുള്ള ധാന്യങ്ങള്‍, പയറുകള്‍, എണ്ണക്കുരുക്കള്‍ മറ്റുപല വിളസസ്യങ്ങള്‍ എന്നിവ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നല്ല പോഷണം ലഭിക്കുന്നതിന് ഉപയോഗിക്കേണ്ട പാറപ്പൊടിയില്‍ ഒരു ഭാഗം ഫോസ്ഫറസും എട്ടു ഭാഗം കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം എന്നിവയും ഉണ്ടാകണമെന്നാണ് ഡോ. ഹെന്‍സലിന്റെ നിഗമനം. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം എന്നിവ അടിസ്ഥാന ധാതുക്കളായതിനാല്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം. മിക്കവാറും എല്ലാ പ്രാഥമിക പാറകളിലും ഈ ധാതുക്കള്‍ ഉണ്ടാകും. മിക്കവയിലും ഒരു ശതമാനം ഫോസ്ഫറസ് ഉണ്ടാകും. ചെടികളുടെ വളര്‍ച്ചയ്ക്ക് ഈ തോത് മതിയാകും എന്നാണ് അദ്ദേഹത്തിന്റെ അനുമാനം. അദ്ദേഹം ശിപാര്‍ശ ചെയ്യുന്നത് ഇപ്രകാരമുള്ള ഒരു മിശ്രിതമാണ്. നൈട്രജന്‍ ലഭിക്കുന്നതിന് പച്ചിലവളം, പലതരം പാറകള്‍ പൊടിച്ച മിശ്രിതം, പ്രകൃതിദത്ത ജിപ്‌സം, ഡോളമൈറ്റ്, സിലിക്ക കൂടുതലടങ്ങിയ പാറപ്പൊടി എല്ലാം തുല്യഅളവില്‍ എടുക്കണം.

ഉത്തേജിത വളര്‍ച്ചയുടെ പരിണിതഫലം

ഡോ. ഹെന്‍സലിന്റെ മാക്രോബയോട്ടിക് തത്വം അനുസരിച്ച്, രാസവളങ്ങളും മൃഗജന്യവളങ്ങളും ചെടികളെ പ്രകൃതിദത്തമായ വളര്‍ച്ചയില്‍ നിന്നും ഉത്തേജിപ്പിച്ച് വിളവു വര്‍ധിപ്പിക്കുന്നു. ആവശ്യത്തിന് മൂലകങ്ങള്‍ വലിച്ചെടുത്ത് സാവകാശം വളരുന്ന ചെടികളെ അപേക്ഷിച്ച് ഉത്തേജിപ്പിക്കപ്പെട്ട ചെടികള്‍ ആവശ്യത്തിനു മൂലകങ്ങള്‍ വലിച്ചെടുക്കാതെ വളരുന്നതിനാല്‍ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു. അതായത് പോഷക സമ്പുഷ്ടമായ ഭക്ഷണം ലഭിക്കുന്നതിന് ചെടികള്‍ സാവകാശം ധാതുക്കള്‍ വലിച്ചെടുത്ത് വളരണം എന്നു സാരം. ഡോ. ഹെന്‍സല്‍ മൃഗജന്യവളങ്ങള്‍ ശിപാര്‍ശ ചെയ്യുന്നില്ല. ഇത്തരം വളങ്ങളുടെ ദൂഷ്യം ഒഴിവാക്കാന്‍ പാറപ്പൊടി ഉപയോഗിക്കണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളിലുള്ള പല ജൈവകര്‍ഷകരും പാറപ്പൊടി ഉപയോഗിച്ച് നിരീക്ഷണങ്ങള്‍ നടത്തുകയും പല കാര്യങ്ങളും മനസിലാക്കുകയും ചെയ്തിട്ടുണ്ട്. സള്‍ഫര്‍ ബാക്ടീരിയ, പാറപ്പൊടി ദ്രവിപ്പിക്കാന്‍ കെല്‍പ്പുള്ള അണുജീവിയാണത്രേ. അതിനാല്‍ കമ്പോസ്റ്റില്‍ പാറപ്പൊടി ചേര്‍ക്കുമ്പോള്‍ (10-20%) ഈ അണുക്കളെ കൂടി ചേര്‍ക്കുന്നതു നന്നായിരിക്കും. ഈ പരീക്ഷണങ്ങളില്‍ പാറപ്പൊടി, ഡോളോമൈറ്റ്, പ്രകൃതിദത്ത ജിപ്‌സം, കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ് എല്ലാം തുല്യമായി ചേര്‍ത്ത മിശ്രിതത്തില്‍ സള്‍ഫര്‍ ബാക്ടീരിയയേക്കൂടി കൂടി ചേര്‍ത്തപ്പോള്‍ ഉത്തമ വളമായികണ്ടു. ജൈവകൃഷിക്കാര്‍ ഈ രീതി അവലംബിച്ച് വിജയിച്ചാല്‍ പലര്‍ക്കും ഉപകാരപ്പെടും.

കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, കൃഷിച്ചെലവിലുള്ള അമിത വര്‍ധന, രോഗങ്ങളുടെ വ്യാപനം ഭക്ഷണത്തിലുള്ള വിഷാംശങ്ങള്‍, പോഷകന്യൂനത, എന്നിവയാണ് ജൈവകൃഷിപോലുള്ള ബദല്‍ മാര്‍ഗങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്. ഇത്തരം അന്വേഷണങ്ങളിലൂടെയാണ് ‘കല്ലില്‍ നിന്ന് അപ്പം’ എന്ന പുസ്തകം കണ്ടെടുക്കപ്പെടുകയും പ്രചാരത്തിലാകുകയും ചെയ്തത്. പല രാജ്യങ്ങളിലും കമ്പോസ്റ്റുണ്ടാക്കുമ്പോള്‍ പാറപ്പൊടി ചേര്‍ക്കുന്നുണ്ട്.

പലതരം പാറകളില്‍ മൂലകങ്ങള്‍ വ്യത്യസ്തമാണെന്നും ചില പാറകളില്‍ മാരകലോഹങ്ങള്‍ കൂടിയ അളവില്‍ ഉണ്ടെന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. എല്ലാ പാറകളും ഉപയോഗയോഗ്യമല്ല. ലാവ ഉറഞ്ഞുണ്ടായ പാറകളാണ് ഏറ്റവും മികച്ചത്. ദക്ഷിണേന്ത്യയില്‍ കാണുന്ന ബാസാള്‍ട്ട് പോഷകസമ്പുഷ്ടമാണ്. ബാസാള്‍ട്ട് കരിങ്കല്‍ ക്വാറികളില്‍ നിന്നും കിട്ടുന്ന പൊടി നമുക്കു വളമായി ഉപയോഗിക്കാം. ബാസാള്‍ട്ട് പാറകളും ലാവയില്‍ നിന്ന് ഉരുവായതാണ്.

പാറപ്പൊടി എങ്ങനെ കിട്ടും?

കൃഷിചെയ്യുന്നതിന് ടണ്‍ കണക്കിന് പാറപ്പൊടി എവിടെ നിന്നു കിട്ടും എന്ന ചോദ്യം വരാം. ആന്ധ്ര, കര്‍ണാടക മുതലായ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന ബാസാള്‍ട്ട് പാറകള്‍ പൊടിച്ചാല്‍ ധാരാളം സ്ഥലം കൃഷിക്കു ലഭ്യമാകും. അത്രയും വിസ്തീര്‍ണ്ണത്തിലാണ് അവ കിടക്കുന്നത്. കൂടാതെ പാറപ്പൊടി വളം കുറച്ചുവര്‍ഷം മാത്രമേ ആവശ്യമുള്ളു. ആവശ്യത്തിനു ജൈവാംശവും പോഷക ധാതുക്കളും മണ്ണില്‍ ആയിക്കഴിഞ്ഞാല്‍ ആവശ്യത്തിനു മാത്രം നല്‍കിയാല്‍ മതിയാകും.

പാറപ്പൊടി 200 മൈക്രോണില്‍ താഴെ പൊടിച്ചാലേ വളമാകു. ഏക്കറിന് 150-200 കിലോ മതിയാകും. മൂന്നുവര്‍ഷത്തിനുശേഷം ആവശ്യാനുസരണം ക്രമീകരിക്കണം. ധാരാളം ജൈവാംശവും അണു ജീവികളും മണ്ണിലുണ്ടെങ്കിലേ പാറപ്പൊടി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയൂ. അതുകൊണ്ട് ജൈവകൃഷിയിലെ ധാതു പോഷണത്തില്‍ പാറപ്പൊടിക്ക് പ്രാധാന്യമുണ്ട്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നവരും ഗവേഷണം നടത്തുന്നവരും പാറപ്പൊടിയുടെ സാധ്യത വിലയിരുത്തുന്നത് ഉപകാരപ്രദമായിരിക്കും.

വരും കാലങ്ങളില്‍ ചെലവില്ലാകൃഷി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. മഴ കുറഞ്ഞ പ്രദേശങ്ങളില്‍ ഈ രീതി പ്രയോജനപ്രദമാണെങ്കിലും മഴകൂടിയ പ്രദേശങ്ങളില്‍ അത്ര പ്രോത്സാഹിപ്പിക്കാനാകില്ല. കാരണം, മഴ കുറഞ്ഞ പ്രദേശങ്ങളില്‍ മണ്ണിലുള്ള ധാതുക്കളെ വിഘടിപ്പിച്ച് ചെടികള്‍ക്ക് ലഭ്യമാക്കാന്‍ അണുജീവികളുടെ പ്രവര്‍ത്തനം ഉപകരിക്കും.

പക്ഷെ മഴ കൂടുതലുള്ള കേരളം പോലുള്ള പ്രദേശങ്ങളിലെ മണ്ണ് അമ്ലരസമുള്ളതും ധാതുക്കള്‍ കുറഞ്ഞതുമാണ്. അത്തരം സാഹചര്യങ്ങളില്‍ ജീവാമൃതം കൊടുത്ത് അണു പ്രവര്‍ത്തനം ത്വരിതപ്പെടുത്തിയിട്ട് എന്ത് പ്രയോജനം. അവയ്ക്ക് പ്രവര്‍ത്തിക്കാന്‍ ധാതുസമ്പുഷ്ടമായ മണ്ണുവേണം ഇത്തരം സന്ദര്‍ഭങ്ങളില്‍ പാറപ്പൊടി വളം മണ്ണില്‍ ചേര്‍ത്താല്‍ നല്ല ഫലം കിട്ടും. ചെലവില്ലാ കൃഷി അനുവര്‍ത്തിക്കുന്ന കര്‍ഷകര്‍ ഇതു ശ്രദ്ധിച്ചാല്‍ നന്ന്. വിളവു വര്‍ധിക്കുന്നതിനും ഗുണമേന്മ ഉയര്‍ത്തുന്നതിനും പാറപ്പൊടി ഉപകരിക്കും.

മണ്‍മറഞ്ഞുപോയ ഒരു കണ്ടുപിടിത്തത്തിന്റെ സാധ്യത തുറന്നു കാട്ടുക മാത്രമാണിവിടെ ചെയ്യുന്നത്. പരീക്ഷിച്ചു നോക്കാതെ വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ല. ചെടികള്‍ക്ക് ഏകദേശം 16 മൂലകങ്ങള്‍ മതിയാകും എന്നു പൊതുവേ ശാസ്ത്രം അംഗീകരിച്ചിരിക്കുന്നു. അതിലും കൂടുതല്‍ ആവശ്യമാണോ എന്ന് ആരും പഠനം നടത്തിയിട്ടുമില്ല. അതിനാല്‍ പ്രകൃതിദത്ത പോഷക സ്രോതസായ പാറപ്പൊടിയുടെ സാധ്യതകള്‍ അനന്തമാണ്.

ഡോ. പി.എ. മാത്യു
മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍.
ഫോണ്‍: 04862- 288202

Related posts