ഉദ്ദേശ്യം എത്ര ശുദ്ധമാണെങ്കിലും അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ ദളിത്-വനിതാ ചലച്ചിത്ര പ്രവർത്തകർക്കും അവരുടെ മികവിനെക്കുറിച്ച് ഒരു സംശയവുമില്ലാത്തവർക്കും സ്വീകാര്യമായിട്ടില്ല. പട്ടികജാതി വിഭാഗത്തില്‍നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും സ്ത്രീകളായതുകൊണ്ടുമാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നുമായിരുന്നു പരാമര്‍ശം.
ദളിതരുടെയും സ്ത്രീകളുടെയും സിനിമയ്ക്കു സാന്പത്തിക പിന്തുണ നൽകാനുള്ള സർക്കാർ തീരുമാനത്തിൽ ന്യൂനതയുണ്ടെന്ന ധ്വനിയും അടൂരിന്റെ വാക്കുകളിലുണ്ട്. പക്ഷേ, ചില കാര്യങ്ങളിൽ അടൂരിനോടു യോജിക്കുന്നവരുമുണ്ട്. അതുകൊണ്ട്, രണ്ടു മാസത്തിനകം രൂപീകരിക്കാനിരിക്കുന്ന സിനിമ-സീരിയൽ നയത്തെ കുറ്റമറ്റതാക്കാനുള്ള ചർച്ചയായി ഇതിനെ പരിഗണിക്കുന്നതിൽ തെറ്റില്ല.
തിരുവനന്തപുരത്തു നടത്തിയ സിനിമ പോളിസി കോൺക്ലേവ് സമാപന ചടങ്ങിലായിരുന്നു വിഖ്യാത ചലച്ചിത്രകാരൻ അടൂരിന്റെ പരാമർശം. “പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാന്‍ വരുന്നവർക്കു പരിശീലനം നൽകണം. ചലച്ചിത്ര കോർപ്പറേഷൻ വെറുതെ പണം നൽകരുത്. സിനിമാ നിര്‍മാണത്തിനായി ഇവര്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് വളരെ കൂടുതലാണ്.
50 ലക്ഷം വീതം മൂന്നുപേര്‍ക്ക് കൊടുക്കണം. സ്ത്രീകളായതുകൊണ്ടുമാത്രം അവസരം കൊടുക്കരുത്.” അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരേ കടുത്ത വിമര്‍ശനങ്ങൾ അപ്പോൾതന്നെ ഉണ്ടായി. സംവിധായകന് ഡോ. ബിജുവിനെ ചൂണ്ടിക്കാണിച്ച് സദസിലുള്ളവര്‍ മറുപടി നല്കി. സിനിമയെടുത്താണ് പഠിക്കുന്നതെന്നു ഗായിക പുഷ്പലത പ്രതികരിച്ചു. താന്‍ സിനിമ പഠിച്ചത് സിനിമയെടുത്താണെന്ന് ശ്രീകുമാരൻ തന്പിയും പ്രതികരിച്ചു.
അടൂർ ലോകപ്രശസ്ത ചലച്ചിത്രകാരനാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ സിനിമയെ തൊടില്ലെങ്കിലും വ്യക്തിപരമായ നിലപാടുകളെയും സിനിമാനുബന്ധ പ്രവർത്തനങ്ങളിലെ താത്പര്യങ്ങളെയും സംശയനിഴലിലാക്കും. അടൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നത്, രാജ്യത്ത് സമസ്തമേഖലയിലുമുള്ള ദളിത്-സ്ത്രീ സംവരണങ്ങൾക്കും മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നു പറയുന്നതിനു തുല്യമാണ്. അതിൽ ഒരു മേലാള മനോഭാവവും അസഹിഷ്ണുതയും ആരോപിക്കപ്പെടും.
മത്സരാധിഷ്ഠിതവും സവർണമനോഭാവം ആഴത്തിലുള്ളതുമായ സമൂഹത്തിൽ ഒരാൾക്കു കഴിവുണ്ടായാൽ മാത്രം പോരാ, അതിനെ പരിപോഷിപ്പിക്കാനുള്ള പണവും സാഹചര്യവും സാമൂഹികതുല്യതയും ആവശ്യമാണ്. അതിന്റെയൊക്കെ അപര്യാപ്തതയെ പരിഹരിക്കാനാണ് സംവരണം ഇന്നും നിലനിർത്തേണ്ടി വരുന്നത്. അതു പിന്നാക്കമായിപ്പോയവരുടെ കുറ്റമല്ല, സമത്വം പ്രയോഗത്തിൽ വരുത്താത്ത സിസ്റ്റത്തിന്റെ കുറ്റമാണ്. മറ്റേതൊരു മേഖലയിലും എന്നപോലെ സിനിമയിലും ദളിതരുടെ സാന്നിധ്യം നാമമാത്രമാണ്.
ലോകസിനിമയിൽ കറുത്തവന്റെ അവസ്ഥയ്ക്കു സമാനമായ ഇന്ത്യൻ അനീതി! സ്ത്രീകളുടെ കാര്യം പറഞ്ഞാൽ, അഭിനയരംഗത്തുൾപ്പെടെ അവരുണ്ട്. പക്ഷേ, തലയൊന്നുയർത്താനുള്ള ശ്രമത്തിനിടെ അവരിൽ വലിയൊരു വിഭാഗത്തിന്റെയും ശരീരത്തിലും മനസിലുമേറ്റ പരിക്കുകൾ അടുത്തിയിടെ അനാവരണം ചെയ്യപ്പെട്ടിരുന്നു. അതേക്കുറിച്ച് ആലോചിക്കാനും നയം രൂപീകരിക്കാനും കൂടിയായിരുന്നു കോൺക്ലേവ് നടത്തിയത്. അവിടെയാണ് അടൂർ ഇതൊക്കെ പറഞ്ഞത്.
മറ്റു ചില പരാമർശങ്ങളും അടൂർ നടത്തി. “അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടന്നത്. നശിച്ചുകിടന്ന സ്ഥാപനത്തെ ഇന്ത്യയിലെ ഒന്നാം നമ്പറായി മാറുന്നതിനിടെയായിരുന്നു സമരം. ആ സ്ഥാപനത്തെ ഇപ്പോള്‍ ഒന്നുമല്ലാതാക്കി. ടെലിവിഷന്‍ മേഖല നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ല…” ഇതൊക്കെ ചർച്ച ചെയ്യാവുന്നതാണ്.
അതേസമയം, അശ്ലീലം കാണാന്‍ മാത്രം ഫിലിം ഫെസ്റ്റിവലിലേക്ക് ആളുകൾ ഇടച്ചുകയറുന്നെന്ന നിരീക്ഷണത്തിനു യാഥാർഥ്യബോധമില്ല. അശ്ലീലദൃശ്യങ്ങൾ കാണാൻ തിയറ്ററിൽ ഇടിച്ചുകയറേണ്ട കാലം കഴിഞ്ഞത് അടൂർ അറിഞ്ഞില്ല! ചന്തയിൽനിന്നു തിയറ്ററിലെത്തുന്നവർക്കു നിലവാരമില്ലെന്ന മുൻവിധിയും ആവശ്യമില്ല. പഠിച്ചിട്ടുവേണം സിനിമ ചെയ്യാനെന്നും കൂടുതൽ പേർക്ക് അവസരം കൊടുക്കണമെന്നുമാണ് ഉദ്ദേശിച്ചതെന്ന അദ്ദേഹത്തിന്റെ പ്രതികരണം സത്യസന്ധമായിരിക്കാം. പക്ഷേ, കേട്ടവർക്ക് തോന്നിയില്ല.
അതേസമയം, ഒന്നരക്കോടിയുടെ ധനസഹായം അർഹതയുള്ളവർക്കു കൊടുക്കണം, കൊടുക്കുന്നതിൽ ഭരണകക്ഷി-രാഷ്ട്രീയ താത്പര്യങ്ങൾ കടന്നുകൂടരുത്, പണം ജനങ്ങളുടേതായതിനാൽ ഓഡിറ്റിംഗ് ഉണ്ടാകണം, സിനിമയ്ക്കായി കൊടുക്കുന്ന പണം മറ്റിനങ്ങളിലേക്കു പാഴാകരുത്… തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാൻ അടൂരിന്റെ അഭിപ്രായങ്ങളെ ഉപയോഗിക്കുകയും ചെയ്യാം.
പക്ഷേ, മൂലധനമില്ലാതിരുന്നതിനാൽ, പട്ടികവിഭാഗത്തിൽ പെട്ടതായതുകൊണ്ടുമാത്രം പണമിറക്കാൻ നിർമാതാക്കളില്ലാതിരുന്നതിനാൽ, പുരുഷാധിപത്യത്തെ അതിജീവിക്കാനാകാത്തതിനാൽ… ആഗ്രഹമുണ്ടായിട്ടും വെള്ളിത്തിരയ്ക്കു മുന്നിൽ മാത്രം ഇരിക്കേണ്ടിവന്ന പ്രതിഭകളുണ്ട്. അനന്തരം അവരും സിനിമാക്കാരാകട്ടെ.