ഒടുവിൽ ഹൈക്കോടതി അതു വ്യക്തമായി പറഞ്ഞിരിക്കുന്നു: “മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതാണു മനുഷ്യാവകാശം.” തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റീസ് സി.എസ്. ഡയസിന്റെ പരാമർശം. ഇതുമാത്രമല്ല, തെരുവുനായ്ക്കളുടെ ആക്രമണമെന്ന പ്രശ്നത്തെക്കുറിച്ച് കോടതി അതീവഗൗരവത്തോടെ മറ്റു പലതും പറഞ്ഞു. സർക്കാരിനും മൃഗസ്നേഹികൾക്കുമെല്ലാമുള്ള താക്കീതോ മുന്നറിയിപ്പോ ആയിരുന്നു അത്. തെരുവുനായശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമവിദ്യാർഥിനി കീർത്തന സരിനും മറ്റുള്ളവരും നല്കിയ ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.
തെരുവുനായ മനുഷ്യനെ കടിച്ചാൽ തദ്ദേശസ്ഥാപന സെക്രട്ടറിയാകും ഉത്തരവാദിയെന്നും ഹൈക്കോടതി കടുപ്പിച്ചു പറഞ്ഞു. നടപ്പാക്കാൻ കഴിയുന്ന പരിഹാരമാർഗങ്ങളാണ് സർക്കാർ കൊണ്ടുവരേണ്ടത്. തെരുവുനായ്ക്കളുടെ സംരക്ഷണം മൃഗസ്നേഹികളെ ഏൽപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. കേസിൽ കക്ഷി ചേർന്ന മൃഗസ്നേഹികളോട് കൂട്ടായ്മയുണ്ടാക്കി കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശിക്കുകയും ചെയ്തു.
രണ്ടു മുതൽ മൂന്നു ലക്ഷം വരെ തെരുവുനായ്ക്കൾ മാത്രമാണു സംസ്ഥാനത്തുള്ളതെന്നാണു സർക്കാർ കോടതിയിൽ നല്കിയ കണക്ക്. ഈ കണക്ക് കോടതി തള്ളി. 50 ലക്ഷം തെരുവുനായ്ക്കളെങ്കിലും ഇവിടെയുണ്ടാകും. ആറു മാസത്തിനകം ഒരു ലക്ഷത്തോളം പേരെയെങ്കിലും തെരുവുനായ്ക്കൾ കടിച്ചിട്ടുണ്ട്; 16 പേർ മരിച്ചു.
വന്യജീവി ആക്രമണങ്ങളെപ്പോലെ തെരുവുനായ ആക്രമണങ്ങളെയും ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ഹൈക്കോടതിയുടെ നിർദേശം സ്വാഗതാർഹമാണ്. തെരുവുനായ പ്രശ്നത്തിനു പലരും പല പരിഹാരങ്ങളും മുന്നോട്ടുവച്ചു. സർക്കാർ പലതും തുടങ്ങിവച്ചു. വന്ധ്യംകരണം മുതൽ ദയാവധം വരെ.
ഒന്നും ഫലപ്രദമായില്ലെന്നതാണ് അനുഭവം. നിസഹായതയുടെ നിലവിളികളും നായകടിയുടെ മുറിപ്പാടുകളിൽനിന്നിറ്റിയ ചോരത്തുള്ളികളും ഇപ്പോഴും കേരളത്തിലെ തെരുവുകളെ ഭീതിദമാക്കുന്നു. വന്ധ്യംകരണത്തിന് തെരുവുനായ്ക്കളെ പിടികൂടാൻ ആളെ കിട്ടാനില്ല. പിടികൂടുന്നവയെ സൂക്ഷിക്കാൻ അഭയകേന്ദ്രങ്ങളുമില്ല. 15 എബിസി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഒന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. അതിനിടയിലും പുതുതായി അഞ്ചെണ്ണംകൂടി തയാറാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എബിസി സംബന്ധിച്ച നിബന്ധനകൾ കേന്ദ്രം അടുത്തിടെ കർശനമാക്കിയതോടെ കാര്യങ്ങൾ കൂടുതൽ വിഷമത്തിലായി. സിസി ടിവി, ഇൻസിനറേറ്റർ, രണ്ടായിരം എബിസിയെങ്കിലും ചെയ്തു പരിചയമുള്ള മൃഗഡോക്ടർ… സെന്ററിൽ ഇവയെല്ലാം വേണം. ഇക്കാര്യം മന്ത്രി എം.ബി. രാജേഷും അടുത്തദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രത്തെ കുറ്റം പറയുകയല്ലാതെ മന്ത്രിയുടെ കൈയിലും പരിഹാരം കാര്യമായൊന്നുമില്ല. എന്തായാലും നായ്ക്കളുടെ പല്ലിനു ശൗര്യം പണ്ടത്തേക്കാൾ കൂടിയെന്നു പറഞ്ഞാൽ മതിയല്ലോ!
തെരുവുനായ ആക്രമണങ്ങൾക്കെതിരായ പോരാട്ടത്തിൽ, ഇരകൾക്ക് ആശ്വാസം നൽകുന്നതിൽ ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിക്ക് നിർണായക പങ്കുണ്ടായിരുന്നു. 2016ൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച ഈ മൂന്നംഗ സമിതി, റിട്ടയേഡ് ജസ്റ്റീസ് എസ്. സിരിജഗന്റെ നേതൃത്വത്തിൽ, തെരുവുനായയുടെ കടിയേറ്റവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും നഷ്ടപരിഹാരം നിശ്ചയിച്ച് നൽകാനുള്ള ചുമതലയാണ് നിർവഹിച്ചിരുന്നത്.
എങ്കിലും, കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പലപ്പോഴും വെല്ലുവിളി നിറഞ്ഞതായിരുന്നു. ഫണ്ടിന്റെ അപര്യാപ്തതയും അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമൊക്കെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഇരകളിൽ പലർക്കും നഷ്ടപരിഹാരത്തിനുള്ള സാധ്യതയെക്കുറിച്ച് അറിവില്ലായിരുന്നു. ഏകദേശം 9000 അപേക്ഷകൾ ലഭിച്ചതിൽ 1000 എണ്ണത്തിൽ മാത്രമാണ് കമ്മിറ്റിക്ക് തീരുമാനമെടുക്കാൻ കഴിഞ്ഞത്.
ഈ സാഹചര്യത്തിലാണ്, നഷ്ടപരിഹാര അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കുന്നതിനുള്ള ചുമതല ജില്ലാ ലീഗൽ സർവീസ് അഥോറിറ്റികൾക്ക് കൈമാറാനുള്ള ഹൈക്കോടതിയുടെ തീരുമാനം പ്രസക്തമാകുന്നത്. സിരിജഗൻ കമ്മിറ്റി സ്വീകരിച്ച മാനദണ്ഡങ്ങൾ അനുസരിച്ചുതന്നെ ഈ ജില്ലാതല സമിതികൾക്കു നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സാധിക്കും. സർക്കാർ നിർദേശിച്ചിട്ടുള്ള ജില്ലാതല കമ്മിറ്റിയിൽ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ.
ഇതുമായി ബന്ധപ്പെട്ട് 2023 നവംബറിലെ ഒരു കോടതിവിധിയുമുണ്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് സർക്കാരിന്റെ ഉത്തരവാദിത്വം അടിവരയിട്ടുറപ്പിക്കുന്ന വിധി പറഞ്ഞത്. തെരുവുനായയുടെ കടിയേറ്റാൽ ഓരോ പല്ലിന്റെയും അടയാളത്തിനു പതിനായിരം രൂപ വച്ച് നഷ്ടപരിഹാരം നല്കണമെന്നായിരുന്നു ശ്രദ്ധേയമായ ആ വിധി. മുറിവിന്റെ ആഴം കൂടുന്തോറും തുകയും കൂടും. പേവിഷബാധ കാരണമുള്ള മരണം തടയുന്നതിന് നടപടികൾ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടതും അടുത്തിടെയാണ്.
മനുഷ്യരുടെ പരിണാമചരിത്രത്തിൽ നായ്ക്കൾക്കു സവിശേഷമായ സ്ഥാനമുണ്ട്. അത് പരസ്പരസ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റേതുമാണ്. അതേസമയം, അവയുടെ ക്ഷേമത്തിന്റെ ഉത്തരവാദിത്വമുണ്ടായിരിക്കെ ചെന്നായ്ക്കളിൽനിന്നുള്ള അവയുടെ പരിണാമത്തിന്റെ ഫലങ്ങളും മനുഷ്യന് അനുഭവിക്കേണ്ടിവരുന്നു. പ്രശ്നം നേരിടുന്നതിൽ അങ്ങനെയൊരു ധർമസങ്കടം കൂടിയുണ്ട്. എന്തായാലും വന്ധ്യംകരണത്തിലൂടെയും പ്രതിരോധ കുത്തിവയ്പിലൂടെയും നായ്ക്കളുടെ എണ്ണം സ്വയം കുറയുമെന്ന പ്രതീക്ഷ വൃഥാവിലാണ്.
തെരുവുനായ്ക്കൾ ഉയർത്തുന്ന ഭീഷണി പൊതുജനാരോഗ്യ പ്രതിസന്ധിയായി അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന്, വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും നിയമഭേദഗതികൾ വരുത്തുകയും വേണം. എല്ലാറ്റിലുമുപരി സർക്കാരുകളുടെ ഇച്ഛാശക്തിയും പൊതുജനങ്ങളുടെ സഹകരണവും വേണം. അല്ലെങ്കിൽ ഒരുഭാഗത്തു വാദപ്രതിവാദങ്ങളുടെ കോലാഹലവും മറുഭാഗത്തു കടിയേറ്റവരുടെ നിലവിളിയും ഉയർന്നുകൊണ്ടേയിരിക്കും.