ഏറ്റവും കഴിവുള്ളവരാകണമെന്നില്ല, തോൽക്കാൻ മനസില്ലാത്തവരാണ് ജയിക്കുന്നതെന്നൊരു പഴമൊഴിയുണ്ട്. തിരുവനന്തപുരത്തു നമ്മളതു കണ്ടു. കഴിവുള്ളവരും തോൽക്കാൻ മനസില്ലാത്തവരുമായ കൗമാരക്കാർ തകർത്തെറിഞ്ഞ റിക്കാർഡുകൾ കായികകേരളത്തെ ഒളിന്പിക്സിലെത്തിക്കാൻ ശേഷിയുള്ളതാണ്. പരിമിതികളുടെ ട്രാക്കുകളിലൂടെ പന്തയക്കുതിരകളാകാൻ അവരെ പരിശീലിപ്പിച്ച കായികാധ്യാപകർക്കും അഭിനന്ദനങ്ങൾ! വലിയ പരാതികളില്ലാതെ കായികമേള പൂർത്തിയാക്കാൻ സർക്കാരിനും കഴിഞ്ഞു. പക്ഷേ, ഇന്നലെ വിജയികൾക്കു കൊടുത്ത സ്വർണക്കപ്പിൽ നിറയ്ക്കേണ്ട പലതും ബാക്കിയാണ്.
മികച്ച പരിശീലന സംവിധാനങ്ങളും ഉപയോഗയോഗ്യമായ ട്രാക്കുകളും ആവശ്യത്തിനു കായികാധ്യാപകരും കായികമേഖലയ്ക്കുള്ള ഫണ്ടുമൊക്കെ ഉറപ്പാക്കണം. ഇക്കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്ര മന്ത്രിസഭ ദേശീയ കായികനയം (എൻഎസ്പി) അംഗീകരിച്ചത്. ആഗോള കായികവേദി ലക്ഷ്യമിടുന്ന അതിനോടു ചേർന്നോ അല്ലാതെയോ സംസ്ഥാനവും അടിമുടി പുതുക്കേണ്ടിയിരിക്കുന്നു. ഒരു മെസിയെ ഇവിടെയെത്തിക്കാനുള്ള പ്രകടനപരതയേക്കാൾ എത്രയോ ശ്രേഷ്ഠമാകുമായിരുന്നു ഒന്നിലധികം മെസിമാരെ ലോക കായികവേദിക്കു സമ്മാനിക്കുന്നതിനുള്ള ആത്മാർഥ പ്രയത്നങ്ങൾ!
കൗമാര ഒളിന്പിക്സായ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇത്തവണ ആതിഥേയരായ തിരുവനന്തപുരമാണ് തുടർച്ചയായ രണ്ടാം തവണയും ജേതാക്കളായത്. 203 സ്വര്‍ണവും 147 വെള്ളിയും 171 വെങ്കലവുമുള്‍പ്പെടെ 1825 പോയിന്റുമായാണ് അവർ, മുഖ്യമന്ത്രിയുടെ പേരിൽ ഓവറോൾ ചാന്പ്യന്മാർക്ക് ആദ്യമായി പ്രഖ്യാപിച്ച 117.5 പവന് തൂക്കമുള്ള സ്വര്‍ണക്കപ്പുയർത്തിയത്. തൃശൂർ രണ്ടാമതും കണ്ണൂർ മൂന്നാമതുമെത്തി. അത്ലറ്റിക്സില് മലപ്പുറം ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി.
മികച്ച സ്കൂളുകളില്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് 78 പോയിന്റോടെ തുടര്‍ച്ചയായ നാലാം തവണയും ജേതാക്കളായി. സ്പോര്‍ട്സ് സ്കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജി.വി. രാജ 57 പോയിന്റുമായി ഒന്നാമതെത്തി. അത്ലറ്റിക്സില് 16 റിക്കാര്‍ഡുകള്‍ പിറന്നു. കഴിഞ്ഞ വർഷത്തെ എട്ടിൽനിന്ന് ഇരട്ടിക്കുതിപ്പ്. അതായത്, നമ്മുടെ വിദ്യാർഥികളും കായികാധ്യാപകരും തങ്ങളുടെ പരിശ്രമങ്ങളും നേട്ടങ്ങളും ഇരട്ടിയാക്കിയിരിക്കുന്നു. പക്ഷേ, അതേ മികവ് കായികവകുപ്പിന് അവകാശപ്പെടാനാകില്ല.
ഒളിന്പിക്സാണ് നമ്മുടെ ഗോൾ എന്നും അതിലേക്കുള്ള യാത്രയാണ് സ്കൂൾ കായികമേളയെന്നുമുള്ള സമാപന സമ്മേളനത്തിലെ മുഖ്യാതിഥി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ വാക്കുകൾ പ്രസക്തമാണ്. പക്ഷേ, അത്തരം വാക്കുകളുടെ ഉത്തരവാദിത്വബോധം ഏറ്റെടുക്കുന്നില്ലെങ്കിൽ വർത്തമാനകാലത്തെ ആഘോഷത്തിനപ്പുറം ഭാവിയുടെ പ്രതീക്ഷകളെ കേരളത്തിനു സാക്ഷാത്കരിക്കാനാകില്ല. 10 വർഷത്തിനിടെ 22 സിന്തറ്റിക് ട്രാക്കുകളാണ് കായികവകുപ്പ് നിർമിച്ചത്. ആഗോളനിലവാരത്തിലുള്ള സ്റ്റേഡിയങ്ങളെയും ട്രാക്കുകളെയും പരിചയപ്പെടുന്നതും പരിശീലനം നടത്തുന്ന അതേ മികവിൽ മത്സരത്തിനിറങ്ങുന്നതും കായികതാരങ്ങളുടെ ആത്മവിശ്വാസം ഉയർത്തും.
പക്ഷേ, ഈ സിന്തറ്റിക് ട്രാക്കുകളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അറ്റകുറ്റപ്പണിയില്ല. കോഴിക്കോട്ടും പാലായിലുമൊക്കെ ഇതാണു സ്ഥിതി. ദേശീയ ഗെയിംസിനു വരെ വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയം തകർന്നുകിടക്കുന്നതുകൊണ്ടാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ട്രാക്ക് മത്സരങ്ങൾ നടത്തിയത്. മുടക്കിയ കോടികളെ പിന്നിലാക്കി കെടുകാര്യസ്ഥത കപ്പടിക്കുന്നു.
റവന്യു-ജില്ലാ-സംസ്ഥാന മീറ്റുകൾ നടത്തുന്ന തീയതികളിൽ ഇടവേള കുറവാണെന്ന പരാതിയും പരിഹരിക്കേണ്ടതാണ്. ട്രാക്കിനു പുറത്ത് കുട്ടികളെ ഓടിക്കുന്ന തീരുമാനങ്ങൾ ഒഴിവാക്കണം. അതുപോലെ പ്രായത്തട്ടിപ്പും ദേശീയ മത്സരത്തിൽ പങ്കെടുത്തയാൾക്ക് അവസരം കിട്ടാതെ വന്നതുമൊക്കെ അന്വേഷിച്ച് കായികമേളയെ കൂടുതൽ സുതാര്യവും സൗഹാർദപരവുമാക്കണം. കായികാധ്യാപകരുടെ ഒഴിവു നികത്തുകയും അവരുടെ പരാതികൾ പരിഹരിക്കുകയും വേണം.
തസ്തിക മാനദണ്ഡം ശാസ്ത്രീയമായി പരിഷ്കരിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കി മുഴുവൻ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കുക, ഹയർ സെക്കൻഡറി വിഭാഗത്തിൽ കായികാധ്യാപക നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കായികാധ്യാപക സംഘടനകൾ സമരത്തിലായിരുന്നു. പ്രഥമ കോച്ചുകളായ കായികാധ്യാപകരില്ലാതെ കായികതാരങ്ങളില്ലെന്ന യാഥാർഥ്യം സർക്കാർ തിരിച്ചറിയാൻ വൈകരുത്.
കായികമേളയുടെ ബ്രാൻഡ് അംബാസഡർകൂടിയായ സഞ്ജു സാംസൺ, സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്റർ റിക്കാർഡ് നേടിയ ഇടുക്കി സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റിക്കാർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസിലെ അതുൽ ടി. എമ്മിനെയും ഏറ്റെടുക്കുമെന്ന വാർത്ത പ്രതീക്ഷയുണർത്തുന്നതാണ്. ദേവപ്രിയയ്ക്ക് വീട് നിർമിച്ചു നൽകുമെന്ന സിപിഎം തീരുമാനവും അഭിനന്ദനാർഹമാണ്.
പക്ഷേ, കായിക കേരളത്തിന്റെ സമഗ്രമായ ഏറ്റെടുക്കലാണ് സർക്കാർ നടത്തേണ്ടത്. കഴിവുള്ളവർക്കെല്ലാം അവസരം നൽകുന്ന സ്ഥിരം സംവിധാനങ്ങൾ ഒരുക്കാൻ കായികവകുപ്പ് ഇന്നു തുടക്കമിട്ടാൽ ഈ കൗമാരം ഒരുനാൾ ഒളിന്പിക്സിൽ ഇന്ത്യയുടെ കൊടി പാറിക്കുമെന്നതിൽ സംശയമില്ല. ആത്മപ്രശംസകളുടെ ഗാലറിയിൽനിന്ന് പൊട്ടിപ്പൊളിഞ്ഞ കളിക്കളങ്ങളിലേക്കിറങ്ങിയാലും.
