നിരപരാധിയും നിസഹായനുമായ യുവാവിനെ വെറും ഈഗോയുടെ പേരിൽ വളഞ്ഞിട്ടു തല്ലിയ പോലീസുകാരെ സർക്കാർ സംരക്ഷിക്കരുത്. ദൃശ്യം പുറത്തുവിടാതെയും “ശിക്ഷ’യായി വീടുകൾക്കടുത്തേക്കു സ്ഥലംമാറ്റം കൊടുത്തും 28 മാസം സംരക്ഷകരായിരുന്ന സർക്കാർ ഇപ്പോഴവരെ സസ്പെൻഡ് ചെയ്തിരിക്കുന്നു. പതിവു നാടകമാണെങ്കിൽ ശന്പളത്തോടുകൂടിയ അവധിയാണത്! രാഷ്ട്രീയതാത്പര്യങ്ങൾ താറുമാറാക്കിയ ക്രമസമാധാനം സംസ്ഥാനത്ത് അസഹനീയമായി. ഈ ക്രിമിനലുകളെ പിരിച്ചുവിടണം. അല്ലെങ്കിൽ, കുന്നംകുളം ഗുണ്ടകളെ ഒക്കത്തിരുത്തുന്നവരോടു കടക്കു പുറത്തെന്ന് കേരളത്തിനു പറയേണ്ടിവരും.
എസ്. സന്ദീപ്, സജീവൻ, സുഹൈർ എൻ. നുഹ്മാൻ, ശശിധരൻ, പിന്നെ കാമറയിൽ പതിയാതെ അതിബുദ്ധി കാണിച്ച ഡ്രൈവർ സുഹൈർ… ഇവരൊന്നും ഇനി സർവീസിൽ ഉണ്ടാകരുത്. ദൃശ്യങ്ങൾ മുക്കാനുള്ള എല്ലാ ശ്രമങ്ങളും കോടതിയിൽ പരാജയപ്പെട്ടതുകൊണ്ടു മാത്രമാണ് 2023 ഏപ്രിൽ അഞ്ചിനു തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന ക്രൂരതകൾ പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്താണ് ഇര.
രാത്രിയിൽ വഴിയിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയ കാര്യം തിരക്കിയത് ഏമാന്മാർക്കു നാണക്കേടായിപ്പോയി. പ്രതികളെ പോലീസ് സ്റ്റേഷനിൽ കയറി പാർട്ടിക്കാർ ഇറക്കിക്കൊണ്ടുപോകുന്പോൾ നാണമില്ലാതെ കാക്കിയിട്ടു നിൽക്കുന്ന അടിമകളുടെ നാടാണിതെന്നോർക്കണം. നേതാവു കളിക്കേണ്ടെന്നു പറഞ്ഞ് സ്റ്റേഷനിൽ കൊണ്ടുപോയ സുജിത്തിന്റെ ഷർട്ട് കീറിയെടുത്തു. മാലയും മോതിരവും ഊരി വാങ്ങി. കാക്കിഗുണ്ടകൾ അടിച്ചു കരണം പൊട്ടിച്ചു. ചുരുട്ടിയ മുഷ്ടിക്കും മുട്ടിനും ഇടിച്ചു. കാമറയില്ലാത്ത മുറിയിൽ കയറ്റി കാൽവെള്ളയിൽ ചൂരലിനടിച്ചതു വേറെ. കാമറയിൽ പെടാതെ മർദിച്ച ഡ്രൈവർ സുഹൈർ ഇപ്പോൾ പഞ്ചായത്ത് ജോലിക്കാരനാണ്, കേസ് പോലുമില്ല.
രണ്ടുവർഷത്തിനു ശേഷമാണ് കോടതിയുടെയും വിവരാവകാശ കമ്മീഷന്റെയും ഇടപെടലിനൊടുവിൽ ദൃശ്യങ്ങൾ പുറത്തുവന്നത്. പക്ഷേ, പോലീസിലെ ഉന്നതോദ്യോഗസ്ഥർ തുടക്കത്തിലേ കണ്ടിരുന്നു. എന്നിട്ടും ശിക്ഷയെന്ന വ്യാജേന വീടിനടുത്തുള്ള സ്റ്റേഷനുകളിലേക്കു പ്രതികൾക്കു സ്ഥലംമാറ്റം കൊടുക്കുകയായിരുന്നു. പ്രതികളുടെ സ്വാധീനം നിസാരമല്ല. എന്താണ് സർക്കാരിന്റെ താത്പര്യമെന്നുകൂടി അറിയേണ്ടതുണ്ട്. സുജിത് കോൺഗ്രസുകാരനായതുകൊണ്ടാണോ, പ്രതികൾ പാർട്ടിക്കു വേണ്ടപ്പെട്ടവരായതുകൊണ്ടാണോ? രണ്ടായാലും രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയമാണ് കേരളത്തിലെ ക്രമസമാധാനത്തകർച്ചയുടെ പ്രഥമ കാരണം.
മദ്യപിച്ചു പ്രശ്നമുണ്ടാക്കി, പോലീസിനെ ഉപദ്രവിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ കള്ളക്കേസ് നീക്കങ്ങളൊക്കെ പൊളിഞ്ഞപ്പോൾ ഭീഷണിയും അനുനയവുമായി. അതിനും വഴങ്ങാതെ വന്നതോടെ പണം വാഗ്ദാനം ചെയ്തു. ഭീഷണികളും പ്രലോഭനങ്ങളും തള്ളി രണ്ടുവർഷത്തിലേറെ നിയമവഴിയിലൂടെ നടന്ന സുജിത്തിനും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസ് ചൊവ്വന്നൂരിനും ഒപ്പമുള്ളവർക്കും അഭിമാനിക്കാം. നിങ്ങൾ നടത്തിയതു ജനാധിപത്യപോരാട്ടമാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും രക്തനക്ഷത്രവും നിരത്തിയ പതാകക്കാർ തത്കാലം ഉപേക്ഷിച്ച രാഷ്ട്രീയം.
2023ൽ പീച്ചി പോലീസ് സ്റ്റേഷനിൽ എസ്ഐ പി.എം. രതീഷ് ഹോട്ടൽ ജീവനക്കാരുടെ കരണത്തടിച്ച ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കൈക്കൂലി ആരോപണങ്ങളുൾപ്പെടെ അന്വേഷണത്തിൽ പുറത്തുവരാനുണ്ട്. ഹോട്ടലുടമയുടെ കടയിൽ പോലീസുകാരന്റെ ബന്ധുവായ പെൺകുട്ടിയുടെ മോഷണം പിടിച്ചതിലുള്ള വൈരാഗ്യമാകാം കിട്ടിയ അവസരത്തിൽ തീർത്തതെന്നാണ് ഹോട്ടലുടമ പറയുന്നത്. എന്തു ചെയ്താലും പോലീസ് സംഘടനയുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയുണ്ടെങ്കിൽ പേടിക്കാനില്ലെന്ന നിലയാണ്. അധികാരത്തിലെത്തിയ 2016 ജൂണിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്, കുറ്റവാളികളെയും പോലീസ് സേനയിലെ അഴിമതിക്കാരെയും വെറുതെ വിടില്ലെന്നാണ്.
2023ൽ, ആറ് വര്‍ഷത്തിനിടെ ക്രിമിനല്‍ കേസുകളില്‍ 828 പോലീസുകാരാണ് ഉള്‍പ്പെട്ടതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഏതാനും പേരെ പിരിച്ചുവിട്ടതല്ലാതെ ഒന്നും സംഭവിച്ചില്ല. അതിന്റെ ഫലമാണ് കുന്നംകുളത്തും പീച്ചിയിലുമൊക്കെ കണ്ടത്. മയക്കുമരുന്നു കുറ്റവാളികളെയും ഗുണ്ടാസംഘങ്ങളെയും പേടിച്ചു വഴിയിലിറങ്ങാനാവാത്ത സ്ഥിതിയായി. രാഷ്ട്രീയ-പോലീസ്-കുറ്റവാളി ബന്ധം നാടു നശിപ്പിച്ചു. അഴിമതിയില്ലാത്ത പോലീസ് സ്റ്റേഷനുകളുണ്ടെങ്കിൽ ആഭ്യന്തരവകുപ്പ് പട്ടിക പ്രസിദ്ധീകരിക്കണം.
വീടുനിര്‍മാണം, ഫ്ലാറ്റ് വാങ്ങല്‍, സ്വര്‍ണക്കടത്ത് എന്നിവയില്‍ അഴിമതിയാരോപണം നേരിട്ട എഡിജിപി എം.ആർ. അജിത്കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ട് വിജിലൻസ് കോടതിതന്നെ തള്ളിയത് കഴിഞ്ഞ മാസമാണ്. മുഖ്യമന്ത്രി അംഗീകരിച്ചെന്നു പറഞ്ഞ ക്ലീൻ ചിറ്റ്, അതു സർക്കാരല്ല കോടതിയാണ് ചെയ്യേണ്ടതെന്നു പറഞ്ഞാണ് തള്ളിയത്.
ഇതാണ് സ്ഥിതി. “തുടരും’സിനിമയിലെ ജോർജ് സാറിന്റെ ഡയലോഗ് പ്രസക്തമാണ്: “”36 വർഷമായെടാ ഞാൻ പോലീസിലായിട്ട്. ഇതിനിടെ പുറത്തറിഞ്ഞതും അറിയാത്തതുമായിട്ടു പല ചെറ്റത്തരങ്ങളും ചെയ്തിട്ടുണ്ട്. ഒരു കുറ്റബോധവുമില്ല. രണ്ടുദിവസം കഴിഞ്ഞ് ഡിവൈഎസ്പി മെഡലുമായി പുറത്തിറങ്ങുന്പോൾ ജോർജ് സാർ പഴയ ജോർജ് സാർ തന്നെയാടാ. നീയാരെയാടാ ഈ പേടിപ്പിക്കുന്നത്.’’ഇന്നിപ്പോൾ കേരളത്തിന്റെ മുഖത്തുനോക്കി ഈ വെല്ലുവിളി നടത്തുന്നത് പോലീസല്ല, അവരെ നിയന്ത്രിക്കാൻ ഉത്തരവാദപ്പെട്ട സർക്കാരാണ്. ജോർജ് സാറൊക്കെ സിനിമയിൽ മതി; പോലീസിലും രാഷ്ട്രീയത്തിലും തുടരണ്ട.