ഇരുത്തം വന്ന സ്ഥാർഥികളേക്കാൾ യുവത്വം തുളുന്പുന്ന സ്ഥാനാർഥികൾക്കാണ് തദ്ദേശതെരഞ്ഞെടുപ്പിൽ ഇക്കുറി മുന്നണികളുടെ മുൻഗണന. 21 വയസിനും 40 നും ഇടയിൽ പ്രായമുള്ളരാണ് മത്സരരംഗത്തുള്ളവരിൽ ഏറെയും.
വനിതാസംവരണ സീറ്റുകളിലാണ് കൂടുതലായും യുവരക്ത പരീക്ഷണം മുന്നണികള്‍ നടത്തുന്നത്. രാഷ്ട്രീയ പാർട്ടികളുടെ യുവസംഘടനകൾക്കും പ്രവർത്തകർക്കും വാരിക്കോരിയാണ് ഇത്തവണ സീറ്റുകൾ നല്‍കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് മുതൽ ഗ്രാമപഞ്ചായത്തുവരെയാണ് ജെൻസി തലമുറയുടെ പരീക്ഷണശാല. നേരത്തെ സിപിഎം മാത്രമാണ് സ്ഥാനാർഥി നിർണയത്തിൽ യുവത്വത്തിന് പ്രാധാന്യം നല്കിയിരുന്നെങ്കിൽ ഇത്തവണ സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ്, ബിജെപി എന്നീ പാർട്ടികളും യുവനിരയുമായി എത്തിയിട്ടുണ്ട്.
അമ്പതു വയസ് പിന്നിട്ട, പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരില്‍ ഒഴിവാക്കാന്‍ പറ്റാത്തവര്‍ക്കു മാത്രമാണ് ഇത്തവണ മുന്നണികള്‍ സീറ്റ് നല്‍കുന്നത്. അവിടെയും 60 വയസിനു മുകളിലുള്ളവരെ പരമാവധി ഒഴിവാക്കാനും ജാഗ്രത കാട്ടുന്നുണ്ട്. സ്ഥാനാർഥി ലിസ്റ്റിൽ 21 നും 30 നും ഇടയിലുള്ളവരുടെ എണ്ണവും ഇക്കുറി കൂടുതലാണ്.
അതും ബിരുദാനന്തര ബിരുദം പഠിച്ചു കൊണ്ടിരിക്കുന്നവരും സ്ഥാനാർഥികളായി രംഗത്തുണ്ട്. സംഘടനാപ്രവർത്തനം നടത്തുന്നവർക്ക് പുറമെ പാർട്ടി കുടുംബങ്ങളിൽ നിന്നുമുള്ള പുതിയ തലമുറയും മത്സരരംഗത്തുണ്ട്. പിഎച്ച്ഡിക്കാർ മുതൽ ഡോക്ടർമാർവരെയാണ് തദ്ദേശസ്ഥാപനങ്ങളിൽ ഇക്കുറി മത്സരിക്കുന്നത്. രാഷ്ട്രീയം മാത്രം ജോലിയുള്ളവരല്ല മത്സരിക്കുന്നത്, മറിച്ച് മികച്ച ജോലിയുള്ളവരാണ് ഇക്കുറി മത്സരരംഗത്തുള്ളത്.
ഭരണം സംവിധാനം മാറുന്നു
തദ്ദേശ സ്ഥാപനങ്ങളില്‍ ഇ ഓഫീസ് സംവിധാനം സാര്‍വത്രികമായതോടെ കംപ്യൂട്ടര്‍ സാക്ഷരത അനിവാര്യമായതാണ് പുതുതലമുറയ്ക്ക് വഴിതുറന്നതും മുതിര്‍ന്നവര്‍ക്ക് വിനയായതും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ കൃത്യമായ ആസൂത്രണത്തിനൊപ്പം പ്രോജക്ട് റിപ്പോര്‍ട്ട് അടക്കം തയാറാക്കി നല്‍കുകയും വേണം.
എഐ സാങ്കേതികവിദ്യ അരങ്ങുവാഴുന്ന പുതുകാലത്ത് പദ്ധതി റിപ്പോർട്ടുകളും പ്രോജക്ടുകളും സമയബന്ധിതമായി തയാറാക്കുന്നതിന് ചാറ്റ് ജിപിടി പോലുള്ള സങ്കേതങ്ങൾ ഉപകാരപ്പെടുമെന്നതിനാൽ സാങ്കേതികവൈദഗ്ധ്യമുള്ള പുതുതലമുറയ്ക്ക് ഏറെ മുന്നേറാനാവുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ യുവസ്ഥാനാര്ഥിത്വം തദ്ദേശസ്ഥാപനങ്ങളെ മുഖംമിനുക്കുന്നത് ഗുണകരമാകും.
റെനീഷ് മാത്യു

