തിരുവനന്തപുരം: മൂന്നു മുന്നണികൾക്കും നിർണായകമാണ് വരാൻ പോകുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ സർവശക്തിയും പ്രയോഗിച്ചുള്ള തെരഞ്ഞെടുപ്പു പോരാട്ടത്തിനാണ് കേരളം സാക്ഷിയാകാൻ പോകുന്നത്.
മൂന്നാം ഭരണം ലക്ഷ്യമിടുന്ന എൽഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തു കാട്ടിയാൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ കടക്കാൻ കഴിയും. ക്ഷേമാശ്വാസ പ്രഖ്യാപനങ്ങളുടെ പരന്പരയിലൂടെ അതിനുള്ള അടിത്തറ അവർ ഒരുക്കി. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി സാമൂഹ്യക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമാശ്വാസ ആനുകൂല്യങ്ങൾ വർധിപ്പിച്ചു.
പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി കേരളം അതിതീവ്ര ദാരിദ്യമുക്ത സംസ്ഥാനം എന്നു പ്രഖ്യാപിച്ചു. തിരുവനന്തപുരം മെട്രോ ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ അവസാന നിമിഷം പൊടിതട്ടിയെടുത്തു. ഇലക്ഷൻ സ്റ്റണ്ട് എന്നു പ്രതിപക്ഷം ആക്ഷേപിച്ചെങ്കിലും 60 ലക്ഷം പേരിലേക്ക് എത്തിച്ചേരുന്ന ക്ഷേമ പെൻഷൻ വർധിപ്പിച്ചത് ചലനം സൃഷ്ടിച്ചേക്കുമോ എന്ന് അവരും ഭയപ്പെടുന്നുണ്ട്. സർക്കാർ ജീവനക്കാരും പെൻഷൻകാരുമെല്ലാം അതൃപ്തരാണ്. പക്ഷേ, ഇവരുടെ എണ്ണം ക്ഷേമപെൻഷൻ വാങ്ങുന്നവരേക്കാൾ എത്രയോ കുറവാണ്.
യുഡിഎഫിന് ഇതു ജീവന്മരണ പോരാട്ടമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനൽ പോരാട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്. താഴേത്തട്ടിൽനിന്നു സ്ഥാനാർഥികളെ നിർദേശിക്കുന്ന പുതിയ രീതി വിജയകരമായെന്നാണ് കോണ്ഗ്രസിന്റെ ഇതുവരെയുള്ള അനുഭവം.
തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ കാര്യമായ അലോസരങ്ങളില്ലാതെ സ്ഥാനാർഥികളെ കാലേക്കൂട്ടി പ്രഖ്യാപിക്കാൻ സാധിച്ചത് കോണ്ഗ്രസിനു നേട്ടമായി. തദ്ദേശസ്ഥാപനങ്ങളുടെ ചുമതല മുതിർന്ന നേതാക്കൾക്കു നൽകിക്കൊണ്ട് മികച്ച രീതിയിൽ പ്രചാരണം ആസൂത്രണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്ഗ്രസ് നേതൃത്വം.
ശബരിമല സ്വർണപ്പാളി കേസ് യുഡിഎഫ് തെരഞ്ഞെടുപ്പുവിഷയമാക്കുമെന്ന് ഉറപ്പ്. ഇതേ വിഷയത്തിൽ കോണ്ഗ്രസ് നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുകയാണ്. ആരോഗ്യമേഖലയിലേതുൾപ്പെടെ സമീപകാലത്ത് ഉയർന്നുവന്ന പല വിവാദങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കും. സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിൽനിന്ന് കാര്യങ്ങൾ വ്യക്തമാണ്.
സാധാരണഗതിയിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ വ്യക്തിഗത മികവും പ്രാദേശിക ബന്ധങ്ങളുമൊക്കെയാണ് ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്. എന്നാൽ, ഇത്തവണ തെരഞ്ഞെടുപ്പ് തികച്ചും രാഷ്ട്രീയ പോരാട്ടമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഭരണവിരുദ്ധത ശക്തമാണെന്നും അതു തങ്ങൾക്ക് അനുകൂലമാക്കാമെന്നും യുഡിഎഫ് കരുതുന്നു.
കേരളത്തിൽ മൂന്നാം ശക്തിയായി ഉയർന്നുവരുന്ന എൻഡിഎയുടെ പ്രകടനമാകും മറ്റു രണ്ടു മുന്നണികളും ശ്രദ്ധിക്കുക. ഭാവിരാഷ്ട്രീയത്തിന്റെ ചില സൂചനകൾ ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തിൽനിന്നു വായിച്ചെടുക്കാനാകും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 ശതമാനത്തിനടുത്ത് വോട്ടുവിഹിതം നേടിയ എൻഡിഎ ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത് 25 ശതമാനം വോട്ട് വിഹിതമാണ്. അതു സാധ്യമായാൽ നിരവധി തദ്ദേശ സ്ഥാപനങ്ങൾ അവരുടെ വരുതിയിലാകും. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിൽ അവർ വലിയ പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. മറ്റു നിരവധി മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ഭരണത്തിലേറാമെന്ന് അവർ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ പന്തളം, പാലക്കാട് മുനിസിപ്പാലിറ്റികളിൽ ബിജെപി ഭരണത്തിലെത്തിയിരുന്നു.
മൂന്നു മുന്നണികൾക്കും നിർണാകമായ ഈ തെരഞ്ഞെടുപ്പ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാകാം. അതുകൊണ്ടുതന്നെ അടുത്ത ഒരു മാസം കേരളം കടുത്ത രാഷ്ട്രീയപോരാട്ടത്തിനു സാക്ഷ്യം വഹിക്കും.
സാബു ജോണ്

