ചക്ക പഴുക്കുന്നതിനു മുമ്പേ പറിച്ചോളൂ… അല്ലെങ്കില്‍ കൊമ്പന്‍ വന്നു പറിക്കുമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്; ആനയെ നാട്ടിലേക്ക് ആകര്‍ഷിക്കുന്നത് പഴുത്ത ചക്കയോ ? വീഡിയോ വൈറല്‍…

elephant-600കോതമംഗലം: പുര നിറഞ്ഞു നില്‍ക്കുന്ന പെണ്ണിനെ  അങ്ങനെ വീട്ടില്‍ നിര്‍ത്തരുതെന്ന് നാട്ടുകാര്‍ പറയാറുണ്ട്. എന്നാല്‍ നാട്ടുകാരോട് വനംവകുപ്പിന് പറയാനുള്ളത് വിളഞ്ഞ ചക്കയെ അങ്ങനെ വെറുതെ പ്ലാവില്‍ നിര്‍ത്തരുതെന്നാണ്. ചക്കയും പെണ്ണും തമ്മില്‍ എന്തു ബന്ധമെന്നു ചോദിക്കാന്‍ വരട്ടെ. നാട്ടില്‍ ആനയിറങ്ങുന്നു എന്നു പരാതി പറയുന്നവരോടാണ് വനം വകുപ്പ് ഇങ്ങനെ പറയുന്നത്. പഴുത്ത ചക്ക തിന്നാന്‍ വേണ്ടിയാണ് ആനകള്‍ വനമിറങ്ങുന്നതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ഒന്നുകില്‍ പ്ലാവിലെ ചക്ക പറിച്ചെടുത്ത് വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുക. പൈനാപ്പിളോ പപ്പായയോ അടുത്തെങ്ങാനുമുണ്ടെങ്കില്‍ അതും ഒഴിവാക്കുക. കാട്ടാന ശല്യം ഒഴിവാക്കാന്‍ വനമേഖലയോടുത്ത് താമസിക്കുന്നവര്‍ക്ക് വനം വകുപ്പധികൃതര്‍ നല്‍കിയിട്ടുള്ള മുഖ്യ നിര്‍ദ്ദേശമിതാണ്. കോതമംഗലം താലൂക്കിലെ പ്ലാമൂടി കോട്ടപ്പാറ, കുട്ടംമ്പുഴ, വടാട്ടുപറ, വേട്ടാമ്പാറ, മാമലക്കണ്ടം, നേര്യമംഗലം കഞ്ഞിരവേലി എന്നിവിടങ്ങളിലെല്ലാം കാട്ടാന ശല്യം വ്യാപകമായിട്ട് വര്‍ഷങ്ങളായി. ഇതിനിടെ പട്ടാപ്പകല്‍ പുരയിടത്തിലെത്തിയ കാട്ടുകൊമ്പന്‍ മുന്‍കാലുകള്‍ ഉയര്‍ത്തി പ്ലാവില്‍വച്ച് ചക്ക പറിക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്.

കാട്ടാനയുടെ ശല്യത്തെത്തുടര്‍ന്ന് പ്രത്യക്ഷ സമര പരിപാടികള്‍ നടത്തിവരികയായിരുന്നു നാട്ടുകാര്‍. ഇതിനിടെയാണ് വനം വകുപ്പ് പ്രശ്‌നത്തില്‍ ഇടപെട്ട് ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കുന്നത്. കായ്ച്ചു നില്‍ക്കുന്ന പ്ലാവുള്ള പുരയിടങ്ങള്‍ ലക്ഷ്യമാക്കിയാണ് ആനക്കൂട്ടം കാടിറങ്ങുന്നത്.പഴുത്തുവീഴുന്ന ചക്കയുടെ മണം പിടിച്ച് എത്തുന്ന ആനക്കൂട്ടം ഇത് ഭക്ഷിച്ച ശേഷവും പ്രദേശത്ത് ഉലാത്തുകയും ചെയ്യുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്.

പട്ടാപ്പകല്‍ വനാതിര്‍ത്തിയിലെ പുരയിടത്തിലെത്തി മുന്‍കാലുകള്‍ പ്ലാവില്‍ ചവിട്ടി ഉയര്‍ന്ന് നിന്ന് തുമ്പികൈകൊണ്ട് കാട്ടു കൊമ്പന്‍ ചക്ക പറിച്ചെടുക്കുന്ന വീഡിയോ ദൃശ്യം ഇന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് കോട്ടപ്പാറ വനമേഖലയില്‍ നിന്നും അടിക്കടി ജനവാസ കേന്ദ്രത്തില്‍ എത്താറുള്ള ചില്ലികൊമ്പന്‍ ആണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ചില്ലക്കൊമ്പന്‍ ഇത്തരം വിക്രിയകള്‍ കാട്ടാറുണ്ടെങ്കിലും ഉപദ്രവകാരിയല്ലന്നാണ് ഇക്കൂട്ടരുടെ വെളിപ്പെടുത്തല്‍. എന്നാല്‍ മറ്റാനകള്‍ ഈ സ്വഭാവക്കാരല്ല ചക്കയും തിന്ന് കൃഷിയും നശിപ്പിച്ച ശേഷമേ അവ മടങ്ങുകയുള്ളൂ.

Related posts