റീല്‍സിന്റെയും ഡിജിറ്റല്‍ ആഡുകളിലൂടെയും സമൂഹമാധ്യമങ്ങളിലെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ട് കണ്സെപ്റ്റഡ് വീഡിയോ മേക്കിംഗ് രംഗത്ത് സ്വന്തമായ ഇടം കണ്ടെത്തി ശ്രദ്ധനേടുകയാണ് 19 കാരിയായ കൊച്ചി സ്വദേശിനി റിയ റഫീഖ്. പ്ലസ്ടു പഠനത്തിന് ശേഷം സൈബര്‍ ട്രക്ക് ഫിലിംസ് എന്ന സ്ഥാപനം തുടങ്ങി മാസങ്ങള്‍ക്കിപ്പുറം ഒട്ടേറെ ക്ലൈന്റുകള്‍ക്ക് അവരുടെ ബിസിനസ് വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്കാന് ഈ ചെറു പ്രായത്തിനുള്ളില്‍ റിയക്ക് സാധിച്ചു.
പത്താംക്ലാസ് മുതലുള്ള റിയയുടെ ആഗ്രമായിരുന്നു ഒരു ബിസിനസ് സംരംഭം ആരംഭിക്കണമെന്നത്. റീല്‍സുകള്‍ തയാറാക്കി സോഷ്യല്‍ മീഡിയകളില്‍ പതിവായി പോസ്റ്റ് ചെയ്തിരുന്ന റിയയ്ക്ക് അതിനെ എങ്ങനെ ഒരു ബിസിനസ് സാധ്യതയാക്കി മാറ്റാമെന്ന ചിന്ത അന്നേ ഉണ്ടായിരുന്നു. പ്ലസ്ടു പഠനം പൂര്‍ത്തിയായതോടെ പിതാവിന്റെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൈബര്‍ ട്രക്ക് ഫിലിംസ് എന്ന കമ്പനി ആരംഭിച്ചു.
പിതാവില്‍നിന്ന് ലഭിച്ച ഇന്‍വെസ്റ്റമെന്റ് ഉപയോഗിച്ചാണ് കമ്പനി ആരംഭിച്ചത്. വീടിന്റെ ഒരു ഭാഗം നവീകരിച്ച് സ്റ്റുഡിയോ ഒരുക്കി. സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന് വീഡിയോകളായിരുന്നു ആദ്യ ആശയമെങ്കില്‍ പിന്നീട് സെലിബ്രിറ്റി ഇവന്റുകളിലേക്കും ഫാഷന്‍ സ്റ്റോറുകളിലേക്കുമൊക്കെ ചുവടുവയ്ച്ചു. സ്കാന്ഡ് ഐസ്ക്രീം, ലയണ്‍സ് ക്ലബ്, സിസിഎഫ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, ഹിമാലയന്‍ കാജല്‍, യാര്‍ഡ്ലി സോപ്പ്, ചൈതന്യ ഹോസ്പിറ്റല്‍ തുടങ്ങി 40 ഓളം പ്രൊമോഷന് വര്‍ക്കുകള്‍ എട്ട് മാസത്തിനിടെ സൈബര്‍ ട്രക്ക് ഫിലിംസ് പൂര്‍ത്തീകരിച്ചു.
360 ഡിഗ്രി അഡ്വര്റ്റൈസ്മെന്റ് എന്നതാണ് റിയയുടെ ആശയം. റീല്‍സ്, കോര്‍പറേറ്റ് അഡ്, ടിവിസി ആഡ്, ഡിജിറ്റല്‍ അഡ്, മ്യൂസിക് വീഡിയോ തുടങ്ങി ബിസിനസ് പ്രൊമോഷന് ആവശ്യമായ പ്രൊമോഷന് വീഡിയോകളേതും തയാറാക്കും. അതിന് ചെറുപ്പക്കാരുടെ ഒരു ടീം തന്നെ റിയയ്ക്കൊപ്പമുണ്ട്.
സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായ 27കാരി കെ. മേഘയാണ് കൂട്ടത്തില്‍ അല്പം പ്രായക്കാരി. മാര്‍ക്കറ്റിംഗ് മാനേജർ അപര്‍ണ അനിലിന്റെ പ്രായം 25 വയസ്. 20 വയസുമാത്രമുള്ള മരിയ റോസ് സാജനാണ് വീഡിയോ എഡിറ്റ് ചെയ്ത് റീല്‍സ് രൂപത്തിലും ഡിജിറ്റല്‍ ആഡ് രൂപത്തിലും ആക്കുന്നത്. അങ്ങനെ കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിലെല്ലാം ചെറുപ്പക്കാരായ പെണ്‍കുട്ടികളാണ്.
നഗര ഹൃദയത്തില്‍ എംജി റോഡില്‍ 700 സ്ക്വര്‍ഫീറ്റില്‍ ഒഫീസിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം മാറ്റി. കേരളത്തിന് പുറത്തേക്ക് കമ്പനി വ്യാപിക്കുകയെന്നതാണ് റിയയുടെ മോഹം. നിലവില്‍ ഖത്തറില്‍നിന്നും ഇംഗ്ലണ്ടില്‍ നിന്നുമൊക്കെ ക്ലൈന്റുകള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിയ പറയുന്നു.
അനിൽ തോമസ്