കോഴിക്കോട്: പ്രമുഖ ടെലികോം കമ്പനികളുടെ ഇ-സിം കാർഡ് ആക്ടിവേഷൻ എന്ന പേരില്‍ വ്യാപകമായി തട്ടിപ്പ് നടക്കുന്നതായി പോലീസ്. വെറും മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും തട്ടിപ്പുകാർ നിമിഷനേരംകൊണ്ട് കവരും എന്നതിനെക്കുറിച്ച് മുന്നറിയിപ്പു നൽകുകയാണ് സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റര്‍. ഇരയുടെ മൊബൈൽ നമ്പർ സേവനദാതാവിന്റെ കസ്റ്റമർ കെയറിൽനിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നതാണ് തുടക്കം.
തന്ത്രപരമായി ഇ-സിം എടുക്കുന്നതിനായി ഇരയെ സമ്മതിപ്പിക്കുകയും ഇ-സിം ആക്ടീവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ ഇരയുടെ സിം കാർഡിനു നെറ്റ്വർക്ക് നഷ്ടമാകുന്നു. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവർത്തനക്ഷമമാകുകയും ചെയ്യുന്നു.
ഇതോടെ കോളുകൾ, മെസേജുകൾ, ഒടിപി മുതലായവ തട്ടിപ്പുകാർക്കു ലഭിക്കുന്നു. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കുന്നു. ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാനായി ശ്രദ്ധിക്കണമെന്നാണു നിര്‍ദേശം. പരിചിതമല്ലാത്ത നമ്പറുകളിൽനിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കുക. വിശ്വസനീയമായ സ്രോതസു കളിൽ നിന്നുള്ള ലിങ്കുകൾ മാത്രം തുറക്കുക എന്നീ നിര്‍ദേശങ്ങളും പോലീസ് നല്കുന്നു.
ഇ-സിം സേവനങ്ങൾക്കായി സേവനദാതാക്കളുടെ ഔദ്യോഗിക കസ്റ്റമർ കെയർ മാത്രം ഉപയോഗിക്കുക. മൊബൈൽ നെറ്റ്വർക്ക് നഷ്ടമായാൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ തട്ടിപ്പിന് ഇരയാവുകയോ ചെയ്താൽ പരമാവധി ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പോലീസിനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍