കൊച്ചി: താല്കാലിക അധ്യാപക നിയമനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ഥിനിയും മുന്‍ എസ്എഫ്ഐ നേതാവുമായ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ. വിദ്യയുടെ അറസ്റ്റ് ഉണ്ടായേക്കും.
മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് വിദ്യയ്ക്കെതിരേ കേസെടുത്തത്. ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമുൾപ്പെടെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യക്കെതിരേ കേസെടുത്തിരിക്കുന്നത്.
വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. വ്യാജരേഖ നിര്‍മിച്ച് മറ്റൊരാളെ വഞ്ചിക്കുക എന്ന ഉദേശത്തോടെ ഉപയോഗിച്ചു എന്നതാണ് വിദ്യക്കെതിരേ ചുമത്തിയ കുറ്റം. ഗുരുതര കുറ്റങ്ങളായതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുമെന്നാണു പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.
കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ ചൊവ്വാഴ്ച വൈകിട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് ഉദ്യോഗസ്ഥര്‍ കോളജിലെത്തി പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തി. രേഖ പൂര്‍ണമായും വ്യാജമാണെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി.
അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍നിന്ന് മഹാരാജാസ് കോളജിലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പ്രിന്‍സിപ്പല്‍ പോലീസിന് കൈമാറി. ആരാണ് വ്യാജരേഖ നിര്‍മിച്ചത്, വ്യാജ രേഖ ഉണ്ടാക്കാന്‍ കോളജില്‍നിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
അതേസമയം, കുറ്റകൃത്യം നടന്നത് പാലക്കാട് അഗളി പോലീസ് സ്റ്റേഷന് പരിധിയില്‍ ആയതിനാല്‍ കേസ് അഗളി പോലീസിന് കൈമാറിയേക്കും.
അതേസമയം, പ്രാഥമിക അന്വേഷണം നടത്തി യഥാർഥ രേഖ എറണാകുളത്തുനിന്നു കണ്ടെടുത്താൽ കേസെടുത്തിട്ടുള്ള സെന്‍ട്രല്‍ പോലീസ് തന്നെ അന്വേഷണം തുടരുമെന്ന് കൊച്ചി ഡിസിപി എസ്. ശശിധരൻ പറഞ്ഞു.
വ്യാജരേഖ ഉപയോഗിച്ച് മുൻപും ഗസ്റ്റ് ലക്ചററായി
2018 മുതല്‍ 2021 വരെ മഹാരാജാസ് കോളജില്‍ മലയാളം വിഭാഗത്തില്‍ താത്കാലിക അതിഥി അധ്യാപികയായിരുന്നെന്ന വ്യാജ പ്രവൃത്തി പരിചയ രേഖയാണ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി വിദ്യ ഉണ്ടാക്കിയെടുത്ത്.
പാലക്കാട് അട്ടപ്പാടി ഗവ. കോളജിലെ താല്കാലിക അധ്യാപക നിയമനത്തിന് ഈ രേഖ ഹാജരാക്കുകയും ചെയ്തു. സംശയം തോന്നിയ അവിടുത്തെ അധ്യാപകര്‍ മഹാരാജാസ് കോളജില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.
മാത്രമല്ല ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെയും കാസര്‍ഗോഡെയും സര്‍ക്കാര്‍ കോളജുകളിലും മുന്‍പ് ഗസ്റ്റ് ലക്ചററായി ഇവര്‍ ജോലി ചെയ്തിരുന്നു.
സാധാരണ കോളജുകളില്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ രീതിയില്‍നിന്ന് വ്യത്യസ്തമായ രേഖയാണ് വിദ്യയെ കുടുക്കിയത്. സര്‍ട്ടിഫിക്കറ്റിലുള്ള കോളജിന്റെ എംബ്ലത്തില്‍ വ്യത്യാസമുണ്ട്.
പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ സാധാരണയായി പ്രിന്‍സിപ്പല്‍ മാത്രമാണ് ഒപ്പുവയ്ക്കാറ്. എന്നാല്‍ വിദ്യ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റില്‍ പ്രിന്‍സിപ്പലിനൊപ്പം ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുടെ ഒപ്പും ഉണ്ടായിരുന്നു.
സര്‍ട്ടിഫിക്കറ്റിലുള്ള റഫറന്‍സ് നമ്പറില്‍ ഇ ഫോര്‍ എന്ന സെക്ഷന്‍ ആണ് നല്‍കിയിരിക്കുന്നത്. ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ ജോലി നല്‍കണമെന്ന കോളജ് അധികൃതരുടെ പരാമര്‍ശവും ഉണ്ടായിരുന്നു. ഉദ്യോഗാര്‍ഥി ഡിജിറ്റല്‍ ടീച്ചിംഗില്‍ മിടുക്കിയാണെന്നും സര്‍ട്ടിഫിക്കറ്റിലുണ്ട്.
പഠിക്കാന്‍ മിടുക്കി;വിശ്വസിക്കാനാവാതെ അധ്യാപകര്‍
2016-18 കാലഘട്ടത്തിലാണ് മഹാരാജാസ് കോളജില്‍ എംഎ മലയാളം വിദ്യാര്‍ഥിനിയായി വിദ്യ പഠിച്ചത്. പഠനത്തില്‍ മിടുക്കിയായിരുന്ന വിദ്യ രചനാ മത്സരങ്ങളിലും മികവു പുലര്‍ത്തിയിരുന്നു.
എംഎ പഠനത്തിനുശേഷം ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍നിന്ന് ഇവര്‍ എംഫില്‍ നേടിയിരുന്നു. തങ്ങള്‍ പഠിപ്പിച്ച വിദ്യാര്‍ഥിനി ഇത്തരത്തിലുളള പ്രവൃത്തി ചെയ്തുവെന്നു വിശ്വസിക്കാനാവുന്നില്ലെന്നാണ് മലയാളം വിഭാഗത്തിലെ അധ്യാപകര്‍ പറയുന്നത്.