ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഡോ. ലക്‌സണ്‍ ഫ്രാന്‍സിസ്; ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് ഒരു മലയാളി മല്‍സരിക്കുന്നത് ഇതാദ്യം

lux1ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു മലയാളി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ചങ്ങനാശേരി തുരുത്തി സ്വദേശിയായ കല്ലുമാടിക്കല്‍ ഡോ. ലക്‌സണ്‍ ഫ്രാന്‍സിസ്(അഗസ്റ്റിന്‍) ആണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് മത്സരിക്കുന്നത്. ബ്രിട്ടന്‍റെ ചരിത്രത്തില്‍ ഇടം നേടുന്ന ആദ്യ മലയാളി സ്ഥാനാര്‍ഥി എന്ന ബഹുമതിയും ലക്‌സണ്‍ കൈവരിച്ചു. മുന്പ് ടൗണ്‍, ലോക്കല്‍, മുനിസിപ്പല്‍, കൗണ്‍സില്‍ തുടങ്ങിയ മേഖലകളില്‍ നിരവധി മലയാളികള്‍ മല്‍സരിച്ച് വിജയിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് ഒരു മലയാളി മല്‍സരിക്കുന്നത് ഇതാദ്യമാണ്.

മാഞ്ചസ്റ്ററിലെ വിഥിന്‍ഷോ ആന്‍ഡ് സെയ്ല്‍ ഈസ്റ്റ് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നാണ് ലക്‌സണ്‍ ജനവിധി തേടുന്നത്. ജൂണ്‍ എട്ടിനാണ് ബ്രിട്ടനില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്.ബ്രിട്ടനിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ ലേബര്‍ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി 2014 ല്‍ ലക്‌സണ്‍ മത്സരിച്ചിരുന്നുവെങ്കിലും വിജയം കണ്ടില്ല. എന്നാല്‍ 80 % വോട്ട് നേടി രണ്ടാം സ്ഥാനക്കാരനായി നിലയുറപ്പിച്ചിരുന്നു.

ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ട്രാഫോര്‍ഡ് മെട്രോപോളിറ്റന്‍ കൗണ്‍സിലിന്‍റെ രണ്ടാമത്തെ വാര്‍ഡായ അഷ്ടോണ്‍ അപ്പോണ്‍ മേഴ്‌സി വാര്‍ഡിലാണ് ലക്‌സണ്‍ മത്സരിച്ചിരുന്നത്. യുകെയുടെ ചരിത്രത്തില്‍ ആദ്യമായാണ് ട്രാഫോര്‍ഡില്‍ ഒരു മലയാളി കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നത്. 2004 മുതല്‍ ലേബര്‍ പാര്‍ട്ടിയുടെ അംഗത്വമുള്ള ലക്‌സണ്‍, 2014 ല്‍ പാര്‍ട്ടിയുടെ കോസ്റ്റിറ്റിയുവന്‍സി എക്‌സിക്യൂട്ടീവ് അംഗമായും മെംബര്‍ഷിപ്പ് കാന്പയിന്‍ കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.

2014 ല്‍ ലക്‌സണ്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും ഇക്കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് തെരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുകയായിരുന്നു. ഏതാണ്ട് 80,000 ഓളം വോട്ടറന്മാരാണ് വിഥിന്‍ഷോ ആന്‍ഡ് സെയ്ല്‍ ഈസ്റ്റ് പാര്‍ലമെന്‍റ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞതവണ 60,000 വോട്ടാണ് പോള്‍ ചെയ്തത്. കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയാണ് ഇവിടെ ജയിച്ചത്. തൊട്ടുപിന്നാലെ ലേബര്‍ പാര്‍ട്ടിയും ഉണ്ടായിരുന്നു. യുകെഐപിയുടെ വരവോടുകൂടി ഇരുപാര്‍ട്ടികള്‍ക്കും വോട്ടു ശതമാനത്തില്‍ കുറവു വന്നിട്ടുണ്ട്.

ഒട്ടനവധി മലയാളികള്‍ക്കൊപ്പം ഇന്ത്യക്കാരും വിദേശികളും താമസിക്കുന്ന മണ്ഡലത്തില്‍ ലക്‌സണ്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായതുകൊണ്ടുതന്നെ വിജയപ്രതീക്ഷ ഏറെയാണ്. തന്നെയുമല്ല കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഏറെ അടിവേരുള്ള ലക്‌സണ്‍ അവരുടെയും വോട്ടുകള്‍ ലക്ഷ്യമാക്കുന്നുണ്ട്. ഒഐസിസി യുകെ ജോയിന്‍റ് കണ്‍വീനറും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ (ഐഎന്‍ഒസി) യൂറോപ്പ് കേരള ചാപ്റ്റര്‍ കോഓര്‍ഡിനേറ്ററുമായ ലക്‌സണ്‍ ഫ്രാന്‍സിസ്.

ചങ്ങനാശേരി തുരുത്തി കല്ലുമാടിക്കല്‍ പരേതനായ കെ.എഫ് അഗസ്റ്റിന്‍റെയും ത്രേസ്യാമ്മ അഗസ്റ്റിന്‍റെയും (റിട്ട. ടീച്ചര്‍, സെന്‍റ് ജോണ്‍സ് ഹൈസ്കൂള്‍, കാഞ്ഞിരത്താനം) ഏക മകനാണ് ലക്‌സണ്‍. ഭാര്യ ഡോ. മഞ്ജു മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ ഡിവിഷണല്‍ റിസര്‍ച്ച് മാനേജരായി ജോലി ചെയ്യുന്നു. മക്കള്‍: ലിവിയാ മോള്‍, എല്‍വിയാ മോള്‍. എല്ലിസ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Related posts