കൊച്ചി: ഓഫീസുകള്‍,വിദ്യാലയങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പതിന് ശേഷം ദേശീയ ഗാനാലാപനത്തോടൊപ്പം സ്ഥാപന മേധാവി തന്നെ ദേശീയ പതാക ഉയര്‍ത്തണമെന്ന് പൊതുഭരണ വകുപ്പിന്റെ നിര്‍ദ്ദേശം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 78ാം വാര്‍ഷികം ഏറ്റവും വര്‍ണാഭമായ രീതിയില്‍ ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതാണ് സര്‍ക്കുലര്‍. പതാക ഉയര്‍ത്തലിനു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തണം. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പരമാവധി ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
ഓഗസ്റ്റ് 15 ന് സംസ്ഥാന ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തും.
ദേശീയ ഗാനം ആലപിക്കല്‍, പോലീസ്, പാരാ മിലിട്ടറി ഫോഴ്സ്, സൈനിക് സ്കൂള്‍, അശ്വാരൂഡ പോലീസ്, എന്‍സിസി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയവയുടെ പരേഡും മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശവും, ജീവന് രക്ഷാ പതക്കങ്ങളുടെയും വിവിധ സേനാവിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ വിതരണവും, വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനവും ഉള്‍പ്പെടുന്നു. ജില്ലാ ആസ്ഥാനങ്ങളില്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം ദേശീയ പതാക ഉയര്‍ത്തണം.
ദേശീയ ഗാനം ആലപിക്കല്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഹോം ഗാര്‍ഡുകള്‍, എന്‍സിസി, സ്കൗട്ട് എന്നിവരുടെ പരേഡും, മന്ത്രിയുടെ പ്രസംഗവും ഉള്‍പ്പെടുന്ന സമാനമായ ചടങ്ങ് രാവിലെ ഒന്‍പതിനോ അതിന് ശേഷമോ നടത്തണം. സബ് ഡിവിഷണല്‍ തലത്തില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് രാവിലെ ഒന്‍പതിനോ അതിന് ശേഷമോ ദേശീയ പതാക ഉയര്‍ത്തിയ ശേഷം വിശിഷ്ടാതിഥിയുടെ പ്രസംഗം, ദേശീയ ഗാനാലാപനം തുടങ്ങിയവ നടത്തേണ്ടതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രാവിലെ ഒന്‍പതിനോ അതിന് ശേഷമോ മേയര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍,പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ ദേശീയ പതാക ഉയര്‍ത്തണം. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സര്‍ക്കാര്‍ തലത്തിലും പൊതുജന പങ്കാളിത്തത്തോടെയും വിവിധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തിലുണ്ട്.
സീമ മോഹന്‍ലാല്‍