പണക്കാരെ വിവാഹം കഴിച്ചശേഷം സ്വത്ത് തട്ടിയെടുക്കും; എതിര്‍ത്താല്‍ പീഡനക്കേസ്; വീട് കൈയ്യേറാന്‍ ക്വട്ടേഷന്‍കാരുമായി എത്തിയ വിവാഹത്തട്ടിപ്പുകാരിയുടെ സിനിമാസ്റ്റൈല്‍ നീക്കങ്ങള്‍ ഇങ്ങനെ…

മാവേലിക്കര: ക്വട്ടേഷന്‍ സംഘവുമായി താന്‍ തട്ടിപ്പിനിരയാക്കിയ ആളുടെ വീടു കൈയ്യേറാനെത്തിയ വിവാഹത്തട്ടിപ്പുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീടിന്റെ ഗേറ്റും വാതിലും തകര്‍ത്ത് അകത്തുകടന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വള്ളികുന്നം പോലീസെത്തി യുവതിയെയും സംഘത്തെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം.

നിരവധി വിവാഹ തട്ടിപ്പുകേസിലെ പ്രതിയായ കോട്ടയം സ്വദേശി ആലീസ്‌ജോര്‍ജാ(48)ണ് വീട് കയ്യേറാന്‍ എത്തിയത്. ക്വട്ടേഷന്‍ സംഘാംഗങ്ങളായ കോട്ടയം ആര്‍പ്പൂക്കര കൊപ്രായില്‍ ജെയിസ്‌ ജോണ്‍ ജേക്കബ്(24), മാറ്റൂര്‍ തെക്കേ പറമ്പില്‍ രതീഷ്(26), ആര്‍പ്പൂക്കര ചക്കിട്ടപ്പറമ്പില്‍ അഖില്‍(21), വില്ലൂന്നി പാലത്തൂര്‍ വീട്ടില്‍ ടോമിജോസഫ്(21) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ പുലര്‍ച്ചെ കറ്റാനത്തുള്ള കുറ്റിയില്‍ ജെറോ ഡേവിഡിന്റെ വീട്ടിലെത്തിയ സംഘം ഗേറ്റിന്റെയും വാതിലിന്റെയും പൂട്ട് തകര്‍ത്താണ് അകത്തു കയറിയത്. വീട്ടുടമസ്ഥന്റെ ബന്ധുവായ യുവാവ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആയുധവുമായെത്തിയ സംഘം ആദ്യം യുവാവിനെ മര്‍ദിച്ചു. ഓടിരക്ഷപെട്ട ഇയാള്‍ നാട്ടുകാരെ കൂട്ടി തിരികെയെത്തി. നാട്ടുകാരെ യുവതിയും സംഘവും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദേശത്തായിരുന്ന ജെറോഡേവിഡ് ഭാര്യയുമായി അകന്നു കഴിയുന്ന കാലത്താണ് കോട്ടയം സ്വദേശിയായ യുവതിയുമായി പരിചയത്തിലായതും പിന്നീട് വിവാഹിതരായതും. വിവാഹത്തെ തുടര്‍ന്ന് വീട്ടുകാരുടെ സ്വത്ത് യുവതിയുടെ സ്വന്തം പേരിലാക്കി.

ഈ സമയത്ത് തന്നെ യുവതി വേറെ യുവാക്കളെ വിവാഹം കഴിച്ച കോടികള്‍ തട്ടിയ വാര്‍ത്തകള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് ഇവര്‍ അറസ്റ്റിലായി. ഈ സമയത്ത് ജെറോയും പോലീസില്‍ പരാതി നല്‍കി. എന്നാല്‍ രോഗബാധിതനായ ജെറോേ ഡേവിഡ് മരിച്ചു. ഇതോടെ യുവതി തട്ടിപ്പിലൂടെ സ്വന്തമാക്കിയ വീടിന്റെയും വസ്തുവിന്റെയും ആധാരം റദ്ദാക്കപ്പെടുകയും ചെയ്തു. ഇരുനില വീടും വസ്തുവും ഇപ്പോള്‍ ജെറോഡേവിഡിന്റെ മകന്റെ പേരിലാണ്.

ഇത് കൈക്കലാക്കാനാണ് യുവതി ക്വട്ടേഷന്‍ സംഘവുമായെത്തിയത്. നേരത്തെ മൂന്നു തവണ ഇവര്‍ ഇവിടെ എത്തിയിട്ടുണ്ട്. അന്ന് ബന്ധുക്കള്‍ ഇവരെ ഓടിച്ചു വിടുകയായിരുന്നു. യുവതിയുടെ പേരില്‍ വാറണ്ട് ഉള്‍പ്പെടെ നിലനില്‍ക്കുന്നുണ്ട്. വിദേശത്തുള്ളവരാണ് ഇവരുടെ തട്ടിപ്പിനിരയായവരില്‍ അധികവും. പരസ്യം നല്‍കി വിവാഹം കഴിച്ച ശേഷം സ്വത്ത് തട്ടിയെടുക്കുകയാണ് പതിവ്. എതിര്‍ത്താല്‍ പീഡനക്കേസുകളില്‍ കുരുക്കുകയാണ് ചെയ്യുന്നതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. പണക്കാരായ ആളുകളെയാണ് ഇവര്‍ ഇരയാക്കിയിരുന്നത്. പലരും അപമാനം വിചാരിച്ച് ഇതൊന്നും പുറത്തു പറഞ്ഞിരുന്നില്ല.

 

Related posts