ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരനെതിരേ സമൂഹമാധ്യമത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരേ പോലീസ് കേസെടുത്തു. ജി. സുധാകരന് അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റി അംഗം യു. മിഥുനെതിരേയാണ് കേസെടുത്തത്.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ കൂട്ടനടത്തത്തെ അഭിനന്ദിച്ച് സുധാകരന് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിനു താഴെ എഴുതിയ കമന്റിലാണ് മിഥുന് അശ്ലീലപരാമര്‍ശം നടത്തിയത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായ മിഥുന് ക്ഷേത്ര ഭരണചട്ടങ്ങളുടെ ലംഘനം നടത്തിയതായും പോലീസിനു നല്കിയ പരാതിയില്‍ സുധാകരന് പറഞ്ഞു.
അശ്ലീല കമന്റുകളുടെ സ്ക്രീന്‍ഷോട്ടുകളടക്കമാണ് ജി. സുധാകരന് പരാതി നല്‍കിയത്. തനിക്കെതിരേ സംഘടിത ആക്രമണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഇതേ പരിപാടിയെ അഭിനന്ദിക്കുകയും പി.പി. ചിത്തരഞ്ജന് പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. പക്ഷേ, തനിക്കെതിരേ മാത്രമാണ് സൈബര്‍ ആക്രമണം ഉണ്ടായതെന്നും പരാതിയില്‍ സുധാകരന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജാഥയ്ക്ക് അഭിനന്ദനം അറിയിച്ച ജി. സുധാകരന്, ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ പ്രചാരണ പരിപാടിയാണിതെന്നും അഭിപ്രായപ്പെട്ടിരുന്നു. ജാഥയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.
പ്രൗഢ് കേരള എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ജാഥ നടന്നത്. കെ.സി. വേണുഗോപാല്‍ എംപി, ഷാനിമോള്‍ ഉസ്മാന്, പി. ചിത്തരഞ്ജന് എംഎല്‍എ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും ജാഥയില്‍ പങ്കെടുത്തിരുന്നു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, കലാകാരന്മാര് തുടങ്ങി നിരവധി പേരാണ് പങ്കെടുത്തത്.