ജറുസലേം: ഗാസയിൽ ആക്രമണം ഉടൻ നിർത്തിയില്ലെങ്കിൽ ഇസ്രയേലിനെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നു സഖ്യകക്ഷികളായ യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ മുന്നറിയിപ്പു നൽകി.
ഗാസയിൽ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് വേറെ 22 രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഗാസയിലെ ആക്രമണങ്ങളോടുള്ള പ്രതിഷേധമായി ഇസ്രയേലുമായുള്ള വ്യാപാരചർച്ചകൾ ബ്രിട്ടൻ മരവിപ്പിച്ചു. ഗാസയിലെ ആക്രമണം ഭീതിദമാണെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ പാർലമെന്റിൽ പറഞ്ഞു.
അടിയന്തര സഹായമെത്തുന്നില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മാനുഷികസഹായവിഭാഗം മേധാവി ടോം ഫ്ലെച്ചർ മുന്നറിയിപ്പു നൽകി.
കഴിഞ്ഞ മാർച്ച് രണ്ടു മുതലാണു ഗാസയിൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയത്. അതിനിടെ ഇന്നലെ 100 ട്രക്കുകൾക്കുകൂടി ഗാസയിലേക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്. അതേസമയം, സ്കൂളിൽ ഉൾപ്പെടെ ഗാസയിലെങ്ങും ഇസ്രയേൽ ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളിൽ 60 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.