കൊച്ചി: സ്വര്‍ണവില വര്‍ധന മൂലം ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിയുന്നതില്‍ സ്വര്‍ണ വ്യാപാര മേഖലയില്‍ ആശങ്ക. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വര്‍ണ ശേഖരം ഇന്ത്യ നിലനിര്‍ത്തുമ്പോള്‍ ഗാര്‍ഹിക സ്വര്‍ണ ശേഖരം 25,000 മുതല്‍ 30,000 ടണ്‍ വരെയാണ്. ഇന്ത്യയുടെ വാര്‍ഷിക സ്വര്‍ണ ഉപഭോഗത്തിന്റെ ഏകദേശം 28 ശതമാനവും കേരളമാണ് വഹിക്കുന്നത്.
എന്നാല്‍, അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണത്തിന്റെ വിലക്കയറ്റവും ലഭ്യതക്കുറവും മൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വിലയില്‍ ഒരു പവന് 35,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 75, 240 രൂപയാണ് ഇന്നലത്തെ വിപണി വില. കേരളത്തില്‍ വിവാഹ സീസണ് ആരംഭിച്ചതോടെ സാധാരണക്കാര്‍ക്ക് ഇത് ഇരുട്ടടിയായി. ഈ സാഹചര്യത്തില്‍ സാധാരണഇടത്തരം ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുകയെന്നത് വലിയ കടമ്പയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാര്‍ഷിക സ്വര്‍ണ ഇറക്കുമതിയുടെ അളവ് ഏകദേശം 1,000 ടണ്ണില്‍ നിന്ന് 700 ടണ്ണില്‍ താഴെയായി.
സ്വര്‍ണ വില താങ്ങാനാവാത പിന്മാറുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മറ്റ് ഉപഭോക്തൃ വസ്തുക്കള്‍ക്ക് സമാനമായി തുല്യമായ പ്രതിമാസ ഗഡു (ഇഎംഐ) പദ്ധതികള്‍ അനുവദിക്കണമെന്നാണ് സ്വര്‍ണ വ്യാപാരികളുടെ സംഘടനകളുടെ ആവശ്യം. ഡിമാന്‍ഡ് ഔപചാരികമാക്കുകയും കൂടുതല്‍ ഇടപാടുകള്‍ ജിഎസ്ടി, ബിഐഎസ് അനുസരണത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും കഴിയും.
മൊത്തത്തിലുള്ള റീട്ടെയില്‍ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനോടൊപ്പം സ്വര്‍ണ, ആഭരണ ആവാസ വ്യവസ്ഥയില്‍ ഉള്‍പ്പെട്ടിരിക്കുന്ന അഞ്ചു കോടിയിലധികം വരുന്ന തൊഴിലാളികള്‍ക്ക് പദ്ധതി ഉപകരിക്കും. ഇഎംഐ അധിഷ്ഠിത സ്വര്‍ണാഭരണ വാങ്ങലുകള്‍ അവതരിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആര്‍ബിഐ, ഐബിഎ,എന്‍ബിഎഫ്സി എന്നിവയുമായി ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് നിവേദനം സമര്‍പ്പിച്ചു.