പരവൂർ (കൊല്ലം): ചരക്ക് ഇടനാഴികൾ വഴി ഇനി പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താൻ തീരുമാനം. ഉത്സവകാല തിരക്കുകൾ ഒഴിവാക്കാൻ ഡിഎഫ്സികൾ (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ ) വഴി പകൽ സമയ പാസഞ്ചർ ട്രെയിൻ സർവീസുകളായിരിക്കും നടത്തുക.
ഇത്തരത്തിലുള്ള യാത്രാ തീവണ്ടികളുടെ വേഗത മണിക്കൂറിൽ 85 കിലോമീറ്ററായും നിജപ്പെടുക്കിയിട്ടുണ്ട്.പരീക്ഷണാർഥം ഗയ-ഷുക്കൂർ ബസ്തി റൂട്ടിൽ ഇത്യൻ റെയിൽവേ അൺ റിസർവ്ഡ് പാസബർ ട്രെയിൻ ചരക്ക് ഇടനാഴി വഴി ഓടിക്കുകയും ചെയ്തു.
ഡിഎഫ്സി വഴി റെയിൽവേ ഏർപ്പെടുത്തിയ രാജ്യത്തെ പ്രഥമ ഫെസ്റ്റിവൽ സ്പെഷൽ ട്രെയിൻ എന്ന ഖ്യാതിയും ഈ സർവീസ് സ്വന്തമാക്കി.
വേഗതയേറിയതും തടസമില്ലാത്ത കണക്ടിവിറ്റിയും സാധ്യമാക്കാൻ ഈ ട്രെയിനിന് സാധിച്ചു എന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം റെയിൽവേ അധികൃതർ സമൂഹമാധ്യമമായ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു.
റെയിൽവേ തന്നെ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഈ ട്രെയിൻ ശരാശരി 85 കിലോമീറ്റർ വേഗതയിൽ ഏകദേശം ഒമ്പത് മണിക്കൂറിനുള്ളിൽ 740 കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ദ്ധിഎഫ്സി റൂട്ടുകളിൽ കൂടുതൽ യാത്രാ വണ്ടികൾ സർവീസ് നടത്താൻ റെയിൽവേ ആലോചിക്കുന്നത്. ഇതുവഴി നിലവിലുള്ള റൂട്ടുകളിലെ അനിയന്ത്രിതമായ തിരക്ക് കുറയ്ക്കുക മാത്രമല്ല ട്രെയിനുകൾ കൃത്യസമയത്ത് ഓട്ടം പൂർത്തിയാക്കാനും സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ചരക്കുകളുടെ അതിവേഗത്തിലുള്ള ഗതാഗതം നടപ്പിലാക്കുന്നതിനാണ് ഇന്ത്യൻ റെയിൽവേ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറുകൾ സ്ഥാപിച്ചിട്ടുള്ളത്. 2025 മാർച്ച് വരെ ആകെ 2,843 കിലോമീറ്റർ ഡിഎഫ്സിയുടെ 96.4 ശതമാനം കമ്മീഷൻ ചെയ്തു.ഇതിൽ 1,337 കിലോമീറ്റർ ഈസ്റ്റേൺ സെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറും 1,506 കിലോമീറ്റർ വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറും ഉൾപ്പെടുന്നു.
ഇവയിലാണ് അത്യാവശ്യ ഘട്ടങ്ങളിലും ഉത്സവ വേളകളിലും യാത്രാ തീവണ്ടികൾ ഓടിച്ച് പ്രവർത്തനം വിപുലീകരിക്കാൻ റെയിൽ ബോർഡ് തീരുമാനിച്ചിട്ടുള്ളത്. ചരക്ക് തീവണ്ടികളുടെ നീക്കത്തിന് യാതൊരുവിധ തടസവും ഉണ്ടാകാത്ത രീതിയിലായിരിക്കും യാത്രാ വണ്ടികൾ ഈ കോറിഡോറുകൾ വഴി ക്രമീകരിക്കുക.
- എസ്.ആർ. സുധീർ കുമാർ


 
  
 