തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം കാത്തുനില്ക്കുന്നത് ആയിരക്കണക്കിന് അധ്യാപകർ. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിഷേധാത്മക നിലപാടു മൂലമാണ് നൂറുകണക്കിന് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ നിയമനാംഗീകാരത്തിനായി വർഷങ്ങളായി കാത്തിരിക്കേണ്ടി വരുന്നത്.
സർക്കാർ സ്കൂളുകളിൽ നിയമനം ലഭിക്കുന്ന അധ്യാപകർക്ക് പിറ്റേമാസം മുതൽ ശന്പളം ലഭിക്കുന്പോൾ, എയ്ഡഡ് സ്കൂളുകളിൽ നിയമനം ലഭിച്ച ഒരു അധ്യാപകനു ശന്പളവും ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ഏറെനാൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പല കാരണങ്ങൾ പറഞ്ഞ് നിയമനാംഗീകാരം മനഃപൂർവം വൈകിപ്പിക്കുകയാണ് അധികൃതർ. ഒരു കോർപ്പറേറ്റ് മാനേജർ നിയമനം നടത്തിയാൽ ആ ഫയലിൽ സർക്കാർ അപ്രൂവൽ നല്കണമെങ്കിൽ കുറഞ്ഞത് നാലു മുതൽ അഞ്ചു വർഷം വരെയെടുക്കും.
വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുന്ന ഫയലുകളിൽ സീനിയോറിറ്റി നോക്കാതെ മനഃപൂർവം അവസാനം നല്കിയ ഫയലുകൾ ഓഫീസർമാർ കൈകാര്യം ചെയ്യുന്നു. ഇതുമൂലം അപ്രൂവൽ നല്കാൻ കഴിയാതെ വരികയും തുടർന്നു മാനേജർമാർക്ക് അപ്പീൽ നല്കേണ്ട സ്ഥിതിയുമുണ്ടാകുന്നു. പരമാവധി നിയമനാംഗീകാരം വൈകിപ്പിക്കുകയെന്നതാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ആയിരക്കണക്കിന് എയ്ഡഡ് സ്കൂൾ അധ്യാപകരാണ് അതീവ പ്രതിസന്ധിയിലുള്ളത്. 2018 മുതൽ 2021 വരെയുള്ള അധ്യാപകർക്ക് പ്രൊവിഷണലായി മാത്രമാണ് നിയമനം നല്കിയിട്ടുള്ളത്. ഇവർക്ക് പ്രൊബേഷൻ പോലും നല്കാൻ കഴിയാത്ത സാഹചര്യമാണ്. ഭിന്നശേഷി നിയമന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലുള്ള സർക്കാർനീക്കം.
എന്നാൽ എൻഎസ്എസ് മാനേജ്മെന്റ് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഭിന്നശേഷിക്കാർക്കുള്ള തസ്തികകൾ മാറ്റി വച്ച ശേഷം മറ്റു തസ്തികകളിൽ നിയമനം നടത്താമെന്നു കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും സ്ഥാപനങ്ങൾക്കും ഇതേ വിധി ബാധകമാക്കാമെന്നും കോടതി പരാമർശിച്ചതുമാണ്. എന്നാൽ, ആ പരാമർശമൊന്നും സർക്കാർ വിലയ്ക്കെടുക്കുന്നില്ലെന്ന സമീപനമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നത്. ഓരോ മാനേജ്മെന്റും കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിവന്നാൽ മാത്രമേ നിയമനം അംഗീകരിക്കുകയുള്ളൂവെന്നാണ് സർക്കാർ നിലപാട്.
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വിദ്യാർഥികളും അധ്യാപകരുമുള്ളത് എയ്ഡഡ് മേഖലയിലാണ്. മികവിന്റെ കേന്ദ്രങ്ങളായ ഈ സ്ഥാപനങ്ങളിൽ അധ്യാപക നിയനമനാംഗീകാരം കൃത്യമായി നടപ്പാക്കാൻ തയാറാവാത്തത് കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്.