പാലാ: കാവുംകണ്ടം സെന്റ് മരിയ ഗൊരോത്തി പള്ളി ഗ്രോട്ടോയുടെ ചില്ല് എറിഞ്ഞുതകര്‍ത്ത നിലയില്‍. രാത്രിയിലാണ് അക്രമം നടന്നത്.ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ് ഗ്രോട്ടോയുടെ മുന്‍വശത്തെ ചില്ലു തകര്‍ന്നു കിടക്കുന്നത് കണ്ടത്. സംഭവമറിഞ്ഞു നിരവധി വിശ്വാസികള്‍ സ്ഥലത്തെത്തി.
വിവരം പോലീസില്‍ അറിയിച്ചു. കുറ്റവാളികളെ ഉടനെ പിടികൂടണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമാണോ ഇതെന്നു പരിശോധിക്കണമെന്നും പള്ളി വികാരി ഫാ. ഫ്രാന്‍സിസ് എടത്തനാലും പള്ളിക്കമ്മിറ്റിക്കാരും നാട്ടുകാരും വിശ്വാസികളും ആവശ്യപ്പെട്ടു.
ജോസ് കെ. മാണി എംപി, മാണി സി. കാപ്പന് എംഎല്‍എ തുടങ്ങിയവര്‍ അധികൃതരുമായി ബന്ധപ്പെട്ട് നടപടികള്‍ക്ക് നിര്‍ദേശം നൽകി. സിപിഎം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, മുന്‍ പ്രസിഡന്റ് ഉഷാ രാജു, ഡിസിസി സെക്രട്ടറി ആ ര്‍. സജീവ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സുമിത് ജോര്‍ജ്, സിബി അഴകന്‍പറമ്പില്‍, കെ.എസ്. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. പാലാ ഡിവൈഎസ്പി കെ.സദനും മേലുകാവ് പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പോലീസ് അന്വേഷണം ഊര്‍ജിതം
കടനാട്: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയുടെ മുന്‍വശമുള്ള ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാലാ ഡിവൈഎസ് പി.കെ. സദന്റെ നേതൃത്വത്തില്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധരും പോലീസ് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് നായ ഗ്രോട്ടോക്കു സമീപമുള്ള വഴിയിലൂടെ രണ്ടു കിലോമീറ്ററിലധികം ഓടി കാവുംകണ്ടം -നീലൂര്‍ റോഡില്‍ എത്തി നിന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.