ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കരണം പ്രാബല്യത്തിൽ വന്നു. ഇതോടെ അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെ നിലവിലുള്ള ജിഎസ്ടി നികുതി സ്ലാബുകൾ അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ടായി കുറഞ്ഞു. നിത്യോപയോഗ വസ്തുക്കൾ മുതൽ മരുന്ന്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ വസ്തുക്കൾ, നിർമാണ സാമഗ്രികൾ തുടങ്ങി 375ഓളം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവിലുള്ള നികുതി പൂർണമായും ഇല്ലാതാക്കുകയോ യഥാക്രമം അഞ്ച്, 18 ശതമാനം എന്നീ സ്ലാബുകളിലേക്കു കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.
ഇതു സാധനങ്ങളുടെ വിലക്കുറവിലേക്കു നയിക്കുന്നതിലൂടെ ആളുകളുടെ വാങ്ങൽശേഷി കൂടുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. ആരോഗ്യ ഇൻഷ്വറൻസിൽ 18 ശതമാനം നികുതി ഒഴിവാക്കണമെന്ന ദീർഘകാല ആവശ്യവും പുതിയ നികുതി പരിഷ്കരണത്തിലൂടെ പ്രാബല്യത്തിൽ വന്നു. വ്യക്തിഗത ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് എന്നിവയ്ക്ക് ഇനിമുതൽ നികുതിയുണ്ടാവില്ല.
അതേസമയം പുകയില ഉത്പന്നങ്ങൾ പോലുള്ള ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾക്കും (സിൻ ഗുഡ്സ്) അത്യാധുനിക ആഡംബര വസ്തുക്കൾക്കും 40 ശതമാനം പ്രത്യേക നികുതി പ്രാബല്യത്തിൽ വന്നു. ലോട്ടറിയും ഈ വിഭാഗത്തിൽ ഉൾപ്പെടും. കഴിഞ്ഞ മൂന്നിന് ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗണ്‍സിൽ യോഗമാണു കേന്ദ്ര സർക്കാരിന്റെ പുതിയ നികുതിനയ ശിപാർശയ്ക്ക് അംഗീകാരം നൽകിയത്. സാധാരണക്കാരുടെ നികുതിഭാരം വൻതോതിൽ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പരിഷ്കരണമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.