ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി)യിൽ സമഗ്രമാറ്റത്തിന് കൗൺസിൽ അംഗീകാരം നൽകി. ആഭ്യന്തര ചെലവുകൾ വർധിപ്പിക്കാനും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ തീരുവയുടെ സാമ്പത്തിക ആഘാതം കുറയ്ക്കാനുമാണ് ജിഎസ്ടി പരിഷ്കരണം. നികുതി 5, 18 എന്നീ രണ്ടു സ്ലാബുകളായി പരിമിതപ്പെടുത്തിയാണ് കൗൺസിൽ നിരക്ക് പരിഷ്കരണത്തിന് അംഗീകാരം നൽകിയത്.
നിരവധി നിത്യോപയോഗ സാധനങ്ങൾ, വ്യക്തിഗത ഇൻഷുറൻസ് എന്നിവയെ ജിഎസ്ടിയിൽനിന്ന് സന്പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ഗാർഹിക അവശ്യവസ്തുക്കൾ, മരുന്നുകൾ, ചെറു കാറുകൾ, വിവിധ ഗാർഹിക ഉപകരണങ്ങൾ എന്നിവയുടെ തീരുവ കുറച്ചു. ടൂത്ത് പേസ്റ്റ്, ഇൻഷുറൻസ് മുതൽ ട്രാക്ടറുകൾ, സിമന്റ് എന്നിവവരെ നികുതി കുറയുന്നവയിൽ ഉൾപ്പെടും.
അതേസമയം, ഉയർന്ന നിലവാരമുള്ള കാറുകൾ, പുകയില, സിഗരറ്റുകൾ തുടങ്ങിയ തെരഞ്ഞെടുത്ത ഇനങ്ങൾക്ക് 40 ശതമാനം പ്രത്യേക സ്ലാബ് നിർദ്ദേശിച്ചിട്ടുണ്ട്. പാൻ മസാല, ഗുഡ്ക, സിഗരറ്റുകൾ, സർദ പോലുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾ, ബീഡി എന്നിവ ഒഴികെയുള്ള എല്ലാ ഉത്പന്നങ്ങൾക്കും പുതിയ നിരക്കുകൾ ഈമാസം 22 മുതൽ പ്രാബല്യത്തിൽ വരും.
നികുതി കുറയുന്നത്
എല്ലാത്തരം ചപ്പാത്തി, വിവിധ റൊട്ടികൾ എന്നിവയ്ക്കും നിലവിലുള്ള അഞ്ചു ശതമാനം നികുതി ഒഴിവാക്കും. പാൽ, ചെന്ന, പനീർ, പിസ, ബ്രെഡ്, ഖക്ര എന്നിവയ്ക്കും ഇനി നികുതിയില്ല. വെണ്ണ, നെയ്യ്, ഉണങ്ങിയ നട്സ്, കണ്ടൻസ്ഡ് മിൽക്ക്, സോസേജുകൾ, മാംസം, പഞ്ചസാര തിളപ്പിച്ച മിഠായി, ജാം, ഫ്രൂട്ട് ജെല്ലികൾ, ഇളം തേങ്ങാവെള്ളം, 20 ലിറ്റർ കുപ്പികളിൽ പായ്ക്ക് ചെയ്ത കുടിവെള്ളം, പഴങ്ങളുടെ പൾപ്പ് അല്ലെങ്കിൽ പഴച്ചാറുകൾ, പാൽ, ഐസ്ക്രീം, പേസ്ട്രി, ബിസ്ക്കറ്റുകൾ എന്നിവ അടങ്ങിയ പാനീയങ്ങൾ, കോൺ ഫ്ലേക്കുകൾ, ധാന്യങ്ങൾ, പഞ്ചസാര മിഠായി എന്നിവ വരെയുള്ള സാധാരണ ഉപയോഗ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും നിലവിലെ 18 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറച്ചു.
മറ്റ് കൊഴുപ്പുകളുടെയും ചീസിന്റെയും ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറച്ചു. പാൽ അധിഷ്ഠിത പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായും സോയ പാൽ പാനീയങ്ങളുടെ നികുതി 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായും കുറച്ചു.
പൽപ്പൊടി, ഫീഡിംഗ് ബോട്ടിൽ, ടേബിൾവെയർ, അടുക്കള ഉപകരണങ്ങൾ, കുടകൾ, പാത്രങ്ങൾ, സൈക്കിളുകൾ, മുള ഫർണിച്ചറുകൾ, ചീപ്പുകൾ തുടങ്ങിയ ഇനങ്ങൾക്ക് 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി നിരക്ക് കുറയും. ഷാംപൂ, ടാൽക്കം പൗഡർ, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷുകൾ, ഫേസ് പൗഡർ, സോപ്പ്, ഹെയർ ഓയിൽ എന്നിവയുടെ നികുതി 18 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറച്ചു.
എയർ കണ്ടീഷണറുകൾ, ഡിഷ്വാഷറുകൾ, ടിവികൾ തുടങ്ങിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് നിലവിലെ 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറച്ചു. ഭൂപടങ്ങൾ, ചാർട്ടുകൾ, ഗ്ലോബുകൾ, പെൻസിലുകൾ, ഷാർപ്പണറുകൾ, ക്രയോണുകൾ, പാസ്റ്റലുകൾ, വ്യായാമ പുസ്തകങ്ങൾ, നോട്ട്ബുക്കുകൾ എന്നിവയ്ക്ക് 12 ശതമാനം നികുതിയിൽനിന്ന് ഒഴിവാക്കി. അതുപോലെ, ഇറേസറുകൾക്കുള്ള അഞ്ചു ശതമാനം നികുതിയും ഒഴിവാക്കി. പാദരക്ഷകളുടെയും തുണിത്തരങ്ങളുടെയും ജിഎസ്ടി 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറച്ചു.
മരുന്നുകൾ
ജീവൻ രക്ഷാമരുന്നുകൾ, ആരോഗ്യസംബന്ധമായ ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിരക്ക് 12 ശതമാനം / 18 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായും ചില ഉതപ്ന്നങ്ങളെ ഒഴിവാക്കുകുയം ചെയ്തു. തെർമോമീറ്ററുകളുടെ നിരക്ക് 18 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായും മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, എല്ലാ ഡയഗ്നോസ്റ്റിക് കിറ്റുകൾ, റീഏജന്റുകൾ, ഗ്ലൂക്കോമീറ്റർ, ടെസ്റ്റ് സ്ട്രിപ്പുകൾ, കറക്റ്റീവ് കണ്ണടകൾ എന്നിവയുടെ നിരക്ക് 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായും കുറച്ചു.
ഇൻഷ്വറൻസ്
വ്യക്തിഗത ലൈഫ്, ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾക്ക് നികുതിയില്ല. ചരക്ക് ഗതാഗതത്തിന്റെ തേർഡ് പാർട്ടി ഇൻഷുറൻസ് സേവന വിതരണത്തിന് ഇനി മുതൽ 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനം ഈടാക്കും. ഹോട്ടൽ, വിമാന നിരക്ക് കുറഞ്ഞു. 350 സിസി വരെയുള്ള മോട്ടോർസൈക്കിളുകൾക്ക് നിലവിൽ 28 ശതമാനമായിരുന്ന നികുതി 18 ശതമാനമായി കുറയും. ചെറിയ ഹൈബ്രിഡ് കാറുകൾക്കും ഗുണം ചെയ്യും. അതേസമയം ഇലക്ട്രോണിക് വാഹനങ്ങൾക്ക് അഞ്ചു ശതമാനം ജിഎസ്ടി നിരക്കു തുടരും. വാഹന ഘടകങ്ങളുടെ ജിഎസ്ടി നിലവിലെ 28 ശതമാനം സ്ലാബിൽ നിന്ന് 18 ശതമാനമായി കുറച്ചു.
നിർമാണമേഖല
സിമന്റിന്റെ നികുതി നിരക്ക് 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയുന്നതോടെ സിമന്റിന്റെ വില കുറയും. തയ്യൽ മെഷീനുകളുടെയും അനുബന്ധ സാധനങ്ങളുടെയും നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു.
കാർഷിക യന്ത്രങ്ങൾ
15 എച്ച്പിയിൽ കൂടാത്ത പവർ ഉള്ള ഫിക്സഡ് സ്പീഡ് ഡീസൽ എഞ്ചിനുകൾ, ഹാൻഡ് പമ്പുകൾ, ഡ്രിപ്പ് ഇറിഗേഷൻ ഉപകരണങ്ങൾക്കും സ്പ്രിംഗ്ലറുകൾക്കുമുള്ള നോസിലുകൾ, കാർഷിക, പൂന്തോട്ടപരിപാലന യന്ത്രങ്ങൾ, വിളവെടുപ്പ്, മെതിയന്ത്രങ്ങൾ, കമ്പോസ്റ്റിംഗ് മെഷീനുകൾ, ട്രാക്ടറുകൾ എന്നിവയുൾപ്പെടെ വിവിധ കാർഷിക യന്ത്രങ്ങളുടെ നിരക്ക് 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറച്ചു.
സ്വയം ലോഡിംഗ് കാർഷിക ട്രെയിലറുകൾക്കും കൈവണ്ടികൾ പോലുള്ള കൈകൊണ്ട് ഓടിക്കുന്ന വാഹനങ്ങൾക്കും ഈ നിരക്ക് ബാധകമാകും. സൾഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ്, അമോണിയ എന്നിവയുൾപ്പെടെയുള്ള പ്രധാന വളങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറച്ചു.
1985 ലെ വളം നിയന്ത്രണ ഉത്തരവിന് കീഴിൽ വരുന്ന സൂക്ഷ്മ പോഷകങ്ങളുടെ ജിഎസ്ടി അഞ്ചു 5 ശതമാനമായി കുറച്ചു. വിവിധ ട്രാക്ടർ ഭാഗങ്ങളുടെ നികുതി 18 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറച്ചു.
നികുതി കൂടുന്നത്
കാർബണേറ്റഡ് പാനീയങ്ങളുടെ നികുതിനിരക്ക് നിലവിലെ 28 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയർത്താൻ കൗൺസിൽ അംഗീകാരം നൽകിയതോടെ, കൊക്കകോള, പെപ്സി തുടങ്ങിയ ജനപ്രിയ സോഫ്റ്റ് ഡ്രിങ്കുകൾക്കും മറ്റ് നോൺ-ആൽക്കഹോൾ പാനീയങ്ങൾക്കും വില കൂടും.
കഫീൻ അടങ്ങിയ പാനീയങ്ങൾക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനം നികുതി ഈടാക്കും. മറ്റ് ലഹരിപാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തിയതിനാൽ അവയുടെ വിലയും വർധിക്കും. പഞ്ചസാരയോ മറ്റ് മധുരപലഹാരങ്ങളോ സുഗന്ധദ്രവ്യങ്ങളോ ചേർത്ത എല്ലാ സാധനങ്ങൾക്കും നിലവിലുള്ള 28 ശതമാനത്തിൽനിന്ന് 40 ശതമാനം നികുതി ചുമത്തും.
1,200 സിസിക്ക് മുകളിലും 4,000 മില്ലിമീറ്ററിൽ കൂടുതലുമുള്ള എല്ലാ വാഹനങ്ങൾക്കും 350 സിസിക്ക് മുകളിലുമുള്ള മോട്ടോർ സൈക്കിളുകൾക്കും, വ്യക്തിഗത ഉപയോഗത്തിനുള്ള യാച്ചുകൾക്കും വിമാനങ്ങൾക്കും, റേസിംഗ് കാറുകൾക്കും 40 ശതമാനം നികുതി ബാധകമാകും.
കോവിഡ്-19 മഹാമാരി സമയത്ത് സംസ്ഥാനങ്ങൾക്കുണ്ടായ വരുമാനനഷ്ടം നികത്താൻ എടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതുവരെ പുകയിലയും പുകയിലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾക്കും 28 ശതമാനം ജിഎസ്ടി നിരക്കും നഷ്ടപരിഹാര സെസും ബാധകമായിരിക്കും. അത് അവസാനിച്ചുകഴിഞ്ഞാൽ, പുകയിലയും പുകയിലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും 40 ശതമാനം ജിഎസ്ടി നിരക്കിന് വിധേയമാകും.