ദ ഹേഗ്: ഗാസയിൽ വംശഹത്യ നടക്കുന്നുവെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം സത്യം വളച്ചൊടിക്കലാണെന്ന് ഇസ്രയേൽ.
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണു ദക്ഷിണാഫ്രിക്ക പറയുന്നതെന്നും ഇസ്രേലി അഭിഭാഷകൻ താൽ ബെക്കർ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്നലെ നടന്ന വാദത്തിൽ ചൂണ്ടിക്കാട്ടി.
സിവിലിയൻ ജനതയ്ക്കുണ്ടാകുന്ന ദുരിതങ്ങൾ ദൗർഭാഗ്യകരമെങ്കിലും ഇതിനുത്തരവാദി ഹമാസ് ഭീകരരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലിനെതിരേ വംശഹത്യക്കുറ്റം ആരോപിച്ച് ദക്ഷിണാഫ്രിക്ക നല്കിയ കേസിലാണ് വിചാരണ നടക്കുന്നത്. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയുടെ വാദം കോടതി കേട്ടിരുന്നു.
കോടതിക്കു പുറത്ത് ഇസ്രേലി, പലസ്തീൻ അനുകൂലികൾ ബാനറുകളുമായി കൂട്ടം ചേർന്നിരുന്നു. ദക്ഷിണാഫ്രിക്കയുടെ ആരോപണത്തോട് യോജിപ്പില്ലെന്ന് യുഎസും ബ്രിട്ടനും വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ 23,350 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും വനിതകളും കുട്ടികളുമാണ്.
കേസിൽ ലോകകോടതിയുടെ വിധി വരാൻ വർഷങ്ങളെടുക്കും. വിധി ‘അഭിപ്രായം’ മാത്രമായിരിക്കും. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകകോടതി ഉത്തരവിട്ടിരുന്നെങ്കിലും പാലിക്കപ്പെടുകയുണ്ടായില്ല.