അഭിനേതാക്കള്‍ ദയവുചെയ്ത് കലാകാരികളായ ഞങ്ങളുടെ പിച്ചചട്ടിയില്‍ കൈയിട്ടുവാരരുത്! പലരുടേയും അവസ്ഥ അത്രയ്ക്ക് മോശമാണ്; മഞ്ജു വാര്യര്‍ക്ക് നല്‍കിയ അവാര്‍ഡിനെ എതിര്‍ത്ത് കലാമണ്ഡലം ഹേമലത

കലാകാരന്മാരുടെ ലോകത്തെ തര്‍ക്കങ്ങള്‍ക്കും കൊതിക്കെറുവുകള്‍ക്കും കുറവുണ്ടാവുന്നില്ല. ഇപ്പോഴിതാ നടിയും നര്‍ത്തകയുമായ മഞ്ജു വാര്യര്‍ക്ക് അവാര്‍ഡ് നല്‍കിയതിനെ എതിര്‍ത്ത് കലാമണ്ഡലം ഹേമലത രംഗത്തെത്തിയിരിക്കുന്നു. കേരള കലാമണ്ഡലം എം.കെ.കെ. നായര്‍ പുരസ്‌കാരം മഞ്ജു വാര്യര്‍ക്ക് നല്‍കിയത് ആശാസ്യമല്ലെന്നാണ് വുമണ്‍ പെര്‍ഫോമിംഗ് ആര്‍ട്സ് അസോസിയേഷന്റെ പൊതുവേയുള്ള അഭിപ്രായം. കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ അവഗണിച്ചാണു സിനിമാ അഭിനേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി കലാമണ്ഡലം ഹേമലത ആരോപിച്ചു.

കഴിഞ്ഞവര്‍ഷം നടന്‍ ജയറാമിനു പുരസ്‌കാരം നല്‍കിയിരുന്നു. കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്ന ഈ പ്രവണതയില്‍നിന്ന് അഭിനേതാക്കള്‍ മാറിനില്‍ക്കണം. 20 വര്‍ഷത്തിനുള്ളില്‍ കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ യാതൊരു പുരസ്‌കാരങ്ങള്‍ക്കും പരിഗണിക്കാറില്ല. ഒട്ടനവധി പ്രതിസന്ധികള്‍ മറികടന്ന് ആദിവാസി മേഖലകളിലും മലയോരമേഖലകളിലും കടന്നുചെന്ന് നൃത്തം പഠിപ്പിക്കുന്ന നിരവധി അധ്യാപികമാരെ തഴഞ്ഞാണ് പുരസ്‌കാര നിര്‍ണയം.

കലാമണ്ഡലത്തില്‍ നൃത്ത മേഖലയില്‍ പ്രതിഭ തെളിയിച്ച കലാകാരിമാര്‍ പലരും ഇപ്പോള്‍ ഉപജീവനമാര്‍ഗത്തിനായി പെട്രോള്‍ പമ്പിലും തുണിക്കടയിലും ജോലിക്കു പോകുകയാണ്. അവരുടെ കഴിവ് അംഗീകരിച്ച് ഒരു അവാര്‍ഡ് നല്‍കിയാല്‍ നൃത്തപരിപാടികളില്‍ സജീവമാകാനും നല്ലൊരു കരിയര്‍ സ്വന്തമാക്കാനും സാധിക്കും. എന്നാല്‍, പക്ഷപാതം അനുസരിച്ചാണ് പലപ്പോഴും പുരസ്‌കാര നിര്‍ണയം ഉണ്ടാകുന്നത്. ചോദ്യംചെയ്യുന്നവര്‍ക്കും പരാതിപ്പെടുന്നവര്‍ക്കും കലാമണ്ഡലത്തിന്റെ വളപ്പില്‍ കടക്കാനുള്ള അനുമതി നിഷേധിക്കപ്പെടുന്നതും പതിവാണ്. അതുകൊണ്ട് പരാതിപ്പെടാന്‍ മുന്നിട്ടിറങ്ങാന്‍ കലാകാരികള്‍ക്ക് ഭയമാണ്. ഹേമലത പറയുന്നു.

 

Related posts