കോഴി പ്രസവിച്ചു അതും പൊക്കിള്‍ കൊടി സഹിതം ? ആശ്ചര്യവും ആശങ്കയും വിട്ടൊഴിയാതെ കമ്പളക്കാട്ട് നിവാസികള്‍…

കാക്ക മലര്‍ന്നു പറക്കുക, കോഴിക്കു മുല വരുക തുടങ്ങിയ പ്രയോഗങ്ങള്‍ ഒരിക്കലും നടക്കാത്ത കാര്യങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നവയാണ്. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം കോഴി പ്രസവിക്കുമോ ? എന്നതാണ്. കമ്പളക്കാട് ഭാഗത്താണ് തിങ്കളാഴ്ച കൗതുകം നിറഞ്ഞ ഈ ചോദ്യം ഉയര്‍ന്നത്. കേട്ടവര്‍ കേട്ടവര്‍ കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പി.സി. ഇബ്രായിയുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ വളര്‍ത്തുകോഴികളിലൊന്നാണ് പ്രസവിച്ചതായി പറയപ്പെടുന്നത്. അതും പൊക്കിള്‍കൊടിയോടുകൂടി. ഇദ്ദേഹത്തിന്റെ വീട്ടിലെ ഫാമിലെ നാടന്‍ പിടക്കോഴിയാണ് സംഭവകഥയിലെ താരം.

ദിവസങ്ങള്‍ക്ക് മുമ്പ് 11 മുട്ടകളുമായി അടയിരുത്തിയിരുന്നു പിടക്കോഴിയെ. തിങ്കളാഴ്ച ഉച്ചയോടെ ഫാം ജീവനക്കാരന്‍ കോഴിക്കൂട്ടില്‍ പോയിനോക്കിയപ്പോള്‍ പിടക്കോഴിയുടെ അടുത്ത് കറുത്തനിറത്തിലായി ഒരു ചെറിയ ജീവനില്ലാത്ത കോഴിക്കുഞ്ഞ്. എടുത്തുനോക്കിയപ്പോള്‍ പൊക്കിള്‍കൊടിയും ഉള്ളതായി ജീവനക്കാരന്‍ പറഞ്ഞു. അടയിരുത്തിയ മുട്ടകളാകട്ടെ അതേപടി അവിടെത്തന്നെയുണ്ട്. സംശയം തീരാതെ, കൂട്ടില്‍ മറ്റു വല്ല ജീവികളും കൊണ്ടിട്ടതാണോ എന്ന്് കരുതി തിരഞ്ഞപ്പോള്‍ അടുത്തെങ്ങും അങ്ങനെ ഒരു സാധ്യതയും കണ്ടുമില്ല. മാത്രമല്ല ചെറിയ നെറ്റുകള്‍ കൊണ്ട് അടച്ചകൂട്ടിലാണ് പിടക്കോഴി അടയിരിക്കുന്നത്. കൂട്ടിലേക്ക് മറ്റു ജീവികള്‍ക്ക്് പ്രവേശനം അത്ര എളുപ്പവുമല്ല. അതുകൊണ്ടാണ് വീട്ടുകാരും ഇത് പ്രസവം തന്നെയാണെന്ന് ഉറപ്പിച്ച് പറയുന്നത്.

ദിവസവും മുട്ടയിടുന്ന കോഴി മൂന്നാഴ്ചയായി മുട്ടയിടുന്നില്ലായിരുന്നു. കോഴിയുടെ പ്രത്യുത്പാദന അവയവത്തില്‍ ഒരു മുട്ട കുടുങ്ങിപ്പോയതാവാം കാരണമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. എന്തൊക്കെയായാലും നാട്ടുകാരും വീട്ടുകാരും ഇവിടെ അത്ഭുതത്തിലാണ്. കുഞ്ഞ് ചത്തുപോയതിന്റെ ചെറിയൊരു സങ്കടത്തിലും. പ്രത്യുത്പാദന അവയവത്തിനുള്ളില്‍ വച്ചു തന്നെ മുട്ട വിരിഞ്ഞതാവാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ എത്തിയിരിക്കുന്നത്. അതിനെ സാധൂകരിക്കാന്‍ മുട്ടത്തോടിന്റെ കഷ്ണങ്ങളും ചോരയും കോഴിക്കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു.

Related posts