പിണറായി വിളിച്ചപ്പോള്‍ ‘ഒന്നു വച്ചിട്ട് പോ മോനേ’ എന്നു പറയാനാണ് വായില്‍ തോന്നിയത്; മോഹന്‍ലാലിന്റെ കൈയ്യിലിരുപ്പുകളേക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ…

കൂടെ ഇരുന്ന് ചിരിച്ചുകൊണ്ട് നൈസായി പണിതരുന്ന ആളാണ് മോഹന്‍ലാല്‍ എന്ന് സത്യന്‍ അന്തിക്കാട്. ഒരു അവാര്‍ഡ് വേദിയിലാണ് ലാലിന്റെ വേലത്തരങ്ങളെക്കുറിച്ച് അന്തിക്കാട് പറഞ്ഞത്. ‘ഭയങ്കര കുറുമ്പനാണ് മോഹന്‍ലാല്‍. ഒരു കഥാപാത്രമോ സന്ദര്‍ഭമോ മനസ്സില്‍വെച്ചു കൊണ്ടുപോകുന്ന വ്യക്തിയല്ല. എന്നാല്‍ ജീവിതത്തില്‍ തിരിച്ചാണ്, എന്നെ ഏറ്റവും കൂടുതല്‍ പറ്റിച്ചിട്ടുള്ളതും ലാലാണെന്ന്’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

മോഹന്‍ലാലിന്റെ വേലത്തരങ്ങളെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ…പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുന്നതിന്റെ ഏതാനും ദിവസം മുമ്പ് ഒരു ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഒരുഫോണ്‍കോള്‍. മറുതലയ്ക്കല്‍ കേട്ടു പരിചയമുള്ള ശബ്ദമാണ്.’ഹലോ, ഇത് പിണറായി വിജയനാണ്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ വിളിച്ചതാണ്.’ എനിക്ക് മനസ്സിലായി ഇത് മോഹന്‍ലാല്‍ ആണെന്ന്. പിണറായി സഖാവ് എന്നെ വിളിക്കേണ്ട കാര്യമിലല്ലോ?

എന്നിരുന്നാലും ഞാനൊന്നു ഞെട്ടി. എങ്ങാനും ഇതിലെന്തെങ്കിലും സത്യമുണ്ടെങ്കിലോ ? മോഹന്‍ലാല്‍ ഇത്തരത്തില്‍ പലതവണ വിളിച്ച് പറ്റിച്ചിട്ടുള്ളതാണ്. ഇത് ലാലിന്റെ പണിയാണെന്ന് ഉറപ്പിച്ചു. ‘ഒന്നു വച്ചിട്ട് പോ മോനേ, നിന്റെ വേല ഇനി നടക്കില്ല’. എന്നുപറയാനാണ് തോന്നിയത്. എന്നാലും എവിടംവരെ പോകുമെന്ന് നോക്കാെമന്നായി!. ഒടുവില്‍ ‘തീര്‍ച്ചയായും എത്താം സഖാവേ എന്നുപറഞ്ഞ് ഞാന്‍ ഫോണ്‍വച്ചു. സാധാരണ ഇങ്ങനെ പറ്റിച്ചതിന് ശേഷം ഉടന്‍ ലാല്‍ വിളിക്കാറുണ്ട്. അങ്ങനെ വിളിക്കുമ്പോള്‍ അങ്ങോട്ട് തിരിച്ചടിക്കാനുള്ള തയാറെടുപ്പിലായി പിന്നീട് ഞാന്‍. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മോഹന്‍ലാലിന്റെ കോള്‍ വരുന്നില്ല. എന്നാല്‍ അങ്ങോട്ട് വിളിച്ച് രണ്ടുപറയാമെന്ന് കരുതി ലാലിനെ വിളിച്ചു. ഭാവഭേദങ്ങളില്ലാതെ ലാല്‍ ഫോണെടുത്തു. എന്താ സത്യേട്ടാ എന്നൊരു ചോദ്യം.

‘ഇനിയും പറ്റിക്കാന്‍ നോക്കണ്ട, നീ അല്ലേ പിണറായി സഖാവിന്റെ പേരും പറഞ്ഞ് കുറച്ച് മുന്‍പ് എന്നെ വിളിച്ചത്. നീ ആണെന്ന് അറിഞ്ഞോണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.’ ലാലിന്റെ മറുപടിയിലാണ് പിന്നെ ചിത്രം മാറിമറിയുന്നത്. ‘പിണറായി സഖാവ് എന്നെയും വിളിച്ചിരുന്നു.’ചടങ്ങില്‍ ക്ഷണിക്കപ്പെടേണ്ട സംസ്‌കാരികപ്രവര്‍ത്തകരെ അദ്ദേഹം നേരിട്ട് ക്ഷണിച്ചതാണ്. എന്നെ വിളിച്ചത് സാക്ഷാല്‍ പിണറായി വിജയനാണെന്ന കാര്യം അപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്. എന്റെ മഹാഭാഗ്യത്തിനാണ് ഒന്നും പറയാതിരുന്നത്. ‘പോടാ പോയി പണിനോക്കടാ’ എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ ഇവിടെ ഇങ്ങനെ ഇരിക്കാന്‍ കഴിയില്ലായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. ലാലാണെന്ന് കരുതി അപ്പോള്‍ വല്ലതും വിളിച്ചു പറഞ്ഞിരുന്നേലുള്ള അവസ്ഥയോര്‍ത്ത് താന്‍ ഇടക്കിടെ ഞെട്ടാറുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

Related posts