കൊച്ചി : സ്വത്തവകാശത്തർക്കം ഉൾപ്പെട്ട വിവാഹമോചനക്കേസുകളിൽ ദമ്പതികളിലൊരാൾ മരിച്ചാൽ ബന്ധുക്കൾക്ക് കേസ് തുടർന്നു നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സഹോദരന്റെ വിവാഹ മോചനക്കേസിൽ കക്ഷിചേരാനുള്ള അപേക്ഷ കുടുംബക്കോടതി തള്ളിയതിനെതിരേ പള്ളുരുത്തി സ്വദേശി കെ.വി. വർഗീസ് ഉൾപ്പെടെ നാലു സഹോദരങ്ങൾ നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.2012 ഓഗസ്റ്റിലാണ് ഹർജിക്കാരുടെ സഹോദരൻ കെ.വി. ആന്റണി ഫോർട്ട് കൊച്ചി സ്വദേശിനിയെ വിവാഹം കഴിച്ചത്. എന്നാൽ പെണ്‍കുട്ടിക്ക് മാനസികരോഗമുണ്ടെന്ന് കണ്ടതിനാൽ വിവാഹ മോചനത്തിന് ഹർജി നൽകി. കേസ് നിലനിൽക്കുന്നതിനിടെ 2013 ജൂലൈ 28 ന് ആന്റണി ആത്മഹത്യ ചെയ്തു. തുടർന്ന് കേസിൽ കക്ഷി ചേരാൻ സഹോദരങ്ങൾ ഹർജി നൽകിയെങ്കിലും കുടുംബക്കോടതി തള്ളി. ഇതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
വഞ്ചനയിലൂടെ നടത്തിയ വിവാഹം ഒഴിയാൻ നൽകിയ ഹർജി തീർപ്പാകുന്നതിനു മുമ്പ് ഹർജിക്കാരൻ മരിച്ചാലും കേസ് നിലനിൽക്കുമെന്നും ഭാര്യയെ വിധവയായോ സ്വത്തുക്കളുടെ അവകാശിയായോ കാണാനാവില്ലെന്നും ഹർജിക്കാർ വാദിച്ചു. ഇതംഗീകരിച്ച ഹൈക്കോടതി ദമ്പതികളിലൊരാൾ മരിച്ചാലും സ്വത്തവകാശ തർക്കമുണ്ടെങ്കിൽ ബന്ധുക്കൾക്ക് കേസ് തുടരാനാവുമെന്ന് വ്യക്തമാക്കി.

