പൊള്ളലിനും ദഹനക്കേടിനും മരുന്നു റെഡി

helthl_2017Jan27ya2

പൊള്ളലിനു തേന്‍

അടുക്കളയില്‍ പൊളളല്‍ പതിവുവാര്‍ത്തയാണല്ലോ. അല്പം തേന്‍ കരുതിയാല്‍ അതു മരുന്നാകും. ആന്‍റിസെപ്റ്റിക്കാണ് തേന്‍. മുറിവുണക്കും. അണുബാധ തടയും. ഫംഗസ്, വൈറസ് തുടങ്ങിയവയെ ചെറുക്കുന്നു. മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, ഇരുന്പ്, മാംഗനീസ്, സള്‍ഫര്‍, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ തേനില്‍ ധാരാളം. ചുമ, തൊണ്ടയിലെ അണുബാധ, ആമാശയ അള്‍സര്‍ തുടങ്ങിയവയുടെ ചികിത്സയ്ക്കു ഗുണപ്രദം. തേനില്‍ കാര്‍ബോഹൈഡ്രേറ്റ് ഇഷ്ടംപോലെ. അതിനാല്‍ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും പേശികളുടെ ക്ഷീണം കുറയ്ക്കുന്നതിനും തേന്‍ ഗുണപ്രദം.

ആമാശയസൗഖ്യത്തിന് ഇഞ്ചി

വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ രോഗകാരികളെ തുരത്തുന്നതിന് ഇഞ്ചി സഹായകം. ആന്‍റി സെപ്റ്റിക്കാണ്. നീര്‍വീക്കം തടയുന്നു. ആന്‍റി ഇന്‍ഫ്‌ളമേറ്ററിയുമാണ്. സ്വാഭാവിക വേദനസംഹാരിയാണ്. ആമാശയത്തിന്‍റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ ഇഞ്ചി ഉപയോഗിക്കാം. ആമാശയസ്തംഭനം, ദഹനക്കേട്, നെഞ്ചെരിച്ചില്‍, മനംപിരട്ടല്‍ തുടങ്ങിയവയുടെ ചികിത്സയ്ക്കു സഹായകം.
പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിന്‍ എ, സി, ഇ, ബി കോംപ്ലക്‌സ് തുടങ്ങിയ പോഷകങ്ങളും ഇഞ്ചിയിലുണ്ട്. പനി, ചുമ, ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍, ദേഹംവേദന, സന്ധിവാതം മൂലമുണ്ടാകുന്ന വേദന തുടങ്ങിയവയുടെ ചികിത്സയ്ക്കും ഇഞ്ചി ഉപയോഗിക്കാം. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനുളള കഴിവ് ഇഞ്ചിക്കുളളതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ചെറുനാരങ്ങ കരുതണം

അടുക്കളയില്‍ ചെറുനാരങ്ങ എപ്പോഴും കരുതണം. ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളം. വിറ്റാമിന്‍ സിയും ഫോളേറ്റും ഉള്‍പ്പെടെയുളള പോഷകങ്ങള്‍ നാരങ്ങയിലുണ്ട്. വയറിളക്കമുണ്ടായാല്‍ തേയിലവെളളത്തില്‍ നാരങ്ങാനീരു ചേര്‍ത്തു കഴിച്ചാല്‍ ഫലം ഉറപ്പ്.

ചെറുചൂടുവെളളത്തില്‍ നാരങ്ങാനീരും ഇഞ്ചിനീരും ഉപ്പും ചേര്‍ത്തു കവിള്‍ക്കൊണ്ടാല്‍ തൊണ്ടയിലെ അസ്വസ്ഥതകള്‍ക്കു ശമനമാകും.ദഹനക്കേട്, മലബന്ധം, ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍, താരന്‍, സന്ധിവാതം തുടങ്ങിയവയുടെ ചികിത്സയ്ക്കും നാരങ്ങ ഗുണപ്രദം. സ്‌ട്രോക്, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും. ചര്‍മത്തിനും മുടിക്കും ഗുണപ്രദം.

Related posts