കൊട്ടാരക്കര: ചിരട്ടക്കോണത്ത് വീട്ടമ്മയെ കിടപ്പുമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ടു. ഭർത്താവിനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.തലച്ചിറ ചിരട്ടക്കോണം സ്വപ്ന ഭവനിൽ ഓമനയമ്മ (66) ആണ് മരിച്ചത്.
ഭർത്താവ് കുട്ടപ്പനെ (75)യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലർച്ചെ 5നാണ് സംഭവം പുറത്തറിയുന്നത്.രാവിലെ നിത്യവും ഉണരുന്ന സമയത്ത് കാണാഞ്ഞതിനെ തുടർന്ന് മക്കൾ കതകിന് തട്ടി വിളിച്ചു.പ്രതികരണമില്ലാത്തതിനാൽ കതക് തള്ളി തുറന്ന് നോക്കിയപ്പോഴാണ് ഓമനയമ്മയെ കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കശുവണ്ടി തൊഴിലാളിയായിരുന്ന ഓമനയമ്മക്ക് പെൻഷൻ കുടിശിക ഇനത്തിൽ പതിനെണ്ണായിരത്തോളം രൂപ ലഭിച്ചിരുന്നു.ഇവരിത് മറ്റാർക്കോ കടമായി നൽകി.ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.കുട്ടപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവസ്ഥലത്തു നിന്നും പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.