പാലക്കാട്: ശാസ്ത്രീയമായി ഓടനിർമിച്ച് മഴവെള്ളം ഒഴുക്കിവിടാൻ നഗരസഭകൾ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ജലനിർഗമന മാർഗങ്ങളെക്കുറിച്ച് നഗരസഭകൾ ശാസ്ത്രീയമായി ചിന്തിക്കണമെന്നും കമ്മീഷൻ അംഗം കെ.മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു.
അഞ്ചുസെൻറിനു താഴെയുള്ള സ്ഥലങ്ങളിൽ വീടുവച്ച് താമസിക്കുന്നവരുടെ പുരയിടത്തിലേക്ക് പ്രദേശത്തെ മഴവെള്ളം മുഴുവൻ ഒഴുക്കിവിടുന്നത് ശരിയല്ലെന്നും കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. മലിനജലം കെട്ടികിടക്കുന്നത് നഗരസഭകൾ ഒഴിവാക്കണം.
ജലനിർഗമന മാർഗങ്ങൾ അടച്ചാൽ വെള്ളക്കെട്ടിന് കാരണമാകും. ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥ അനുവദിക്കരുതെന്നും നഗരസഭകൾ സാധുക്കളോട് വിവേചനം കാട്ടരുതെന്നും ഉത്തരവിൽ പറയുന്നു. പാലക്കാട് സ്വദേശി ടി.പി.പ്രിയ നല്കിയ പരാതിയിലായിരുന്നു ഉത്തരവ്.