ഭാര്യയുമായി വേര്‍പിരിഞ്ഞ അഭിഭാഷകന്‍ കോടതിയില്‍ കേസും തോറ്റു, ഭാര്യയ്ക്ക് ജീവനാംശമായി 25,000 രൂപ നല്കാന്‍ വിധി വന്നതോടെ ഭര്‍ത്താവിന്റെ വക സൂത്രപ്പണി, കോടതി പോലും സുല്ലിട്ട കഥ

ദാമ്പത്യത്തില്‍ വേര്‍പിരിയലുകള്‍ ഇപ്പോള്‍ വലിയ സംഭവമല്ല. എന്നാല്‍ ഇതുപോലൊരു വേര്‍പിരിയല്‍ കഥ വേറൊരിടത്തും കേട്ടിട്ടുണ്ടാകില്ല. ചണ്ഡിഗഡിലാണ് ഒരു ഭര്‍ത്താവ് ഭാര്യയെയും കോടതിയെയും വെള്ളം കുടിപ്പിച്ചത്. ഭാര്യയ്ക്കുള്ള ജീവനാംശ തുക ചില്ലറയാക്കി നല്കിയാണ് അഭിഭാഷകനായ ഭര്‍ത്താവ് വാര്‍ത്ത സൃഷ്ടിച്ചത്. കോടതി നിര്‍ദേശപ്രകാരം മുന്‍ ഭാര്യയ്ക്ക് നല്‍കേണ്ട 24,600 രൂപയാണ് അഭിഭാഷകനായ ഭര്‍ത്താവ് ജീവനാംശമായി കോടതിയിലെത്തിച്ചത്.

ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളായിരുന്നു ഈ തുക മുഴുവന്‍. ഇത് എണ്ണിത്തിട്ടപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞാണ് കോടതി കേസ് മാറ്റിയത്. രണ്ടുമാസം മുമ്പ് ഇരുവരും വേര്‍പിരിഞ്ഞതോടെ മാസം തോറും 25,000 രൂപ ഭാര്യയ്ക്ക് ജീവനാംശമായി നല്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശം കിട്ടാതായതോടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു.

ജീവനാംശം നല്‍കാനുള്ള പണം തന്റെ പക്കലില്ലെന്ന് ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ വലിയ കേസുകള്‍ വാദിക്കുന്ന, ഏറെ വരുമാനമുള്ള അഭിഭാഷകനാണ് ഭര്‍ത്താവെന്നും നിരവധി സ്വത്തുവകകള്‍ സ്വന്തം പേരിലുണ്ടെന്നും ഭാര്യ കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നായിരുന്നു ഭാര്യയ്ക്ക് അനുകൂലമായ വിധി. ചില്ലറ നല്കിയത് തന്നെ ബുദ്ധിമുട്ടിക്കാനും പീഡിപ്പിക്കാനുമുള്ള മാര്‍ഗമായാണ് മുന്‍ ഭര്‍ത്താവ് ഇങ്ങനെ ചെയ്തതെന്ന് ഭാര്യ ആരോപിക്കുന്നു. എന്നാല്‍, താന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന നിലപാടാണ് ഭര്‍ത്താവിന്റേത്. കോടതിയില്‍ കെട്ടിവെക്കേണ്ട പണം 100, 500, 2,000 രൂപ നോട്ടുകളായി നല്‍കണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ലെന്ന് ഭര്‍ത്താവും പറയുന്നു.

Related posts