ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂലിൽനിന്ന് ബംഗളൂരുവിലേക്കു സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ട്രാവൽസ് ബസ് ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തിൽ 12 പേർ മരിച്ചു. ഇന്നു പുലർച്ചെയാണ് അപകടം. വോൾവോ ബസ് പൂർണമായും കത്തിനശിച്ചു.
രണ്ട് ഡ്രൈവർമാർ ഉൾപ്പെടെ 40 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരനും മരിച്ചു. നിരവധി മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞനിലയിലായതിനാൽ തിരിച്ചറിയൽ ബുദ്ധിമുട്ടാണെന്ന് പോലീസ് പറഞ്ഞു.
പുലർച്ചെ 3.30 ഓടെ, ദേശീയപാത 44ൽ കുർണൂലിനടുത്ത് ബസ് എത്തിയപ്പോൾ, ഇരുചക്ര വാഹനവുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. തുടർന്ന് തീ ആളിപ്പടരുകയായിരുന്നു.
അപകടമുണ്ടായ ഉടൻതന്നെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തീ പടരുന്നത് കണ്ടയുടനെ 20 പേർ ബസിന്റെ ജനാലകൾ തകർത്തു പുറത്തേക്കു ചാടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബസ് ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയവർ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും സർക്കാർ സഹായം ഉറപ്പുനൽകുകയും ചെയ്തു.

