ചെറുതോണി: ഇടുക്കി ജില്ലയിൽ പുതുതായി കോവിഡ് – 19 കേസുകളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ജില്ലയെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു.
ജില്ലയിൽ നടപ്പാക്കാവുന്ന ഇളവുകൾ സംബന്ധിച്ച് കളക്ടറേറ്റ് കോണ്ഫ്രൻസ് ഹാളിൽ നടന്ന ജനപ്രതിനിധികളുടേയും ഉന്നതതല ഉദ്യോഗസ്ഥരുടേയും ചർച്ചയ്ക്കുശേഷമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. വൈദ്യുത മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു.
തെർമൽ സ്കാനർ ഉപയോഗിച്ച് ടൗണിലും പൊതു സ്ഥാപനങ്ങളിലും എത്തുന്ന മുഴുവൻ ആളുകളേയും പരിശോധിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.
കൂടുതൽ ആളുകൾ എത്തുന്ന വലിയ സ്ഥാപനങ്ങളുടെ ഉടമകൾക്ക് സ്വന്തം നിലിയിൽ 2000 രൂപയോളം വിലവരുന്ന തെർമൽ സ്കാനർ വാങ്ങി ഉപയോഗിക്കാനാവും. പൊതുസ്ഥലത്തെത്തുന്ന മറ്റുള്ളവരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കണം.
അതോടൊപ്പം പൊതുസ്ഥലത്തെത്തുന്ന മുഴുവൻ ആളുകളും മുഖാവരണം ധരിക്കണമെന്നും എംപി നിർദേശിച്ചു. ഒരു മാസമെങ്കിലും മുഖാവരണം ധരിക്കുന്നത് നിർബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ. ജോസഫ് എംഎൽഎ തെർമൽ സ്കാനർ വാങ്ങുന്നതിന് ഒരുലക്ഷം രൂപ അനുവദിച്ചു. തുണിക്കടകളും ജ്വല്ലറികളും തുറക്കുന്നത് അനുവദിക്കരുതെന്നാണ് മൂന്നാർ സബ്കളക്ടർ പ്രേംകൃഷ്ണൻ ആവശ്യപ്പെട്ടത്.
തുണികളും സ്വർണാഭരണങ്ങളും വാങ്ങാനെത്തുന്നവർ അവ അണിഞ്ഞുനോക്കിയാണ് വാങ്ങുന്നത്. ഇത് രോഗ്യവ്യാപനത്തിന് ഇടയാക്കിയേക്കാം എന്നായിരുന്നു സബ്കളക്ടറുടെ നിലപാട്. എല്ലാ സ്ഥാപനങ്ങൾക്കുമൊപ്പം ഇത്തരം സ്ഥാപനങ്ങളും തുറക്കണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
മൂന്നാറിന്റെ കാര്യത്തിൽ ഇളവുകളിൽ നിയന്ത്രണങ്ങളുണ്ടാകുമെന്ന് സബ് കളക്ടർ ഓർമപ്പെടുത്തി. മൂന്നാറിൽ തുണിക്കടകളും ജ്വല്ലറികളും തുറക്കില്ല. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമേ കടകൾ തുറക്കുകയുള്ളൂ. മറ്റു ദിവസങ്ങളിൽ സ്ഥാപനങ്ങളും ടൗണും ശുചീകരിക്കും.
സർക്കാർ അനുമതി നേടിമാത്രം അവിടെ ഇത്തരം സ്ഥാപനങ്ങൾ തുറന്നാൽ മതിയെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. സംസ്ഥാന അതിർത്തി പങ്കിടുന്ന ജില്ലയിൽ കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമാണ്. തമിഴ്നാട്ടിൽ നിന്നുള്ളവർ കേരളത്തിലേക്ക് ഇന്നത്തെ സാഹചര്യത്തിൽ കടന്നുവരുന്നത് അനുവദിക്കാനാകില്ല – മന്ത്രി പറഞ്ഞു.
കർഷകർ നേരിടുന്ന തൊഴിലാളി പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്നാണ് റോഷി അഗസ്റ്റിൻ എംഎൽഎ ആവശ്യപ്പെട്ടത്. ഇതരസംസ്ഥാനത്തുനിന്നും തൊഴിലാളികളെ വരുത്തി തോട്ടംമേഖലയിൽ തൊഴിലെടുപ്പിക്കുന്നത് അനുവദിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് കളക്ടർ എച്ച്. ദിനേശൻ മറുപടി നൽകി.
എന്നാൽ നിലവിൽ ജില്ലയിലുള്ള ഇതരസംസ്ഥാനതൊഴിലാളികൾ ഉൾപ്പെടെ തദ്ദേശീയരായ തൊഴിലാളികളെ ഉപയോഗിച്ച് കാർഷിക -തോട്ടം മേഖലയിൽ തൊഴിലെടുപ്പിക്കാമെന്ന് കളക്ടർ വ്യക്തമാക്കി. നാളെ എല്ലാവിഭാഗം ആളുകളെയും പങ്കെടുപ്പിച്ച് ടൗണുകളും സ്ഥാപനങ്ങളും അണുനശീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ എംഎൽഎമാരായ എസ്. രാജേന്ദൻ, ഇ.എസ്. ബിജിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് എന്നിവർക്കുപുറമേ പോലീസ്, ഗതാഗതം, റവന്യു, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും വ്യാപാരി ജില്ലാ നേതാക്കളും പങ്കെടുത്തു.
ഇടുക്കി തുറക്കുന്പോൾ ശ്രദ്ധിക്കണം
ആരാധനാലയങ്ങളിലെ നിലവിലെ സ്ഥിതി തുടരും.
സംസ്ഥാന അതിർത്തി പൂർണമായും അടച്ചിടും. ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല.
സാമൂഹിക അകലം നിർബന്ധം.
പുറത്തിറങ്ങുന്നവർ നിർബന്ധമായി മാസ്ക്ക് ധരിക്കണം.
പൊതു ഇടങ്ങളിൽ സാനിറ്റൈസറും കൈകഴുകാൻ സൗകര്യവും വേണം.
നാളെ പൊതുഇടങ്ങൾ അണുമുക്തവും മാലിന്യ മുക്തവുമാക്കും.
വീടുകളും പരിസരവും ശുചിയാക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാൻ കാന്പയിൻ സംഘടിപ്പിക്കും.
അടച്ചിട്ട ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കുന്ന ഘട്ടത്തിൽ അണുവിമുക്തമാക്കി പരിസരമടക്കം ശുചീകരിക്കണം.
വിഷമിക്കുന്നവർക്ക് സമൂഹ അടുക്കളയിലൂടെ ഭക്ഷണം നൽകും.
വാഹനക്രമീകരണം
ജില്ലയുടെ ഉള്ളിൽ കെ എസ്ആർടിസി ബസ് സർവീസ് ആകാം.
സ്വകാര്യ ബസുകൾക്ക് താത്പര്യമെങ്കിൽ ആർടിഒയുമായി ആലോചിച്ച് സമയക്രമീകരണം നടത്തി ഓടാം.
മൂന്നു സീറ്റുള്ളതിൽ രണ്ടുപേരും രണ്ടു സീറ്റുള്ളതിൽ ഒരാളും മാത്രമേ സഞ്ചരിക്കാവൂ. നിന്ന് യാത്ര പാടില്ല
ഓട്ടോയിൽ രണ്ടുപേരും ടാക്സികളിൽ മൂന്നുപേരും ബൈക്കിൽ ഒരാളും മാത്രമേ സഞ്ചരിക്കാവു.
ടാക്സികൾക്ക് സ്റ്റാൻഡിൽ ഓടാം. വാഹനങ്ങളിൽ മാസ്കും സാനിറ്റൈസറും കൈകഴുകാനുള്ള സൗകര്യവും ഉണ്ടായിരിക്കണം
വ്യാപാര സ്ഥാപനങ്ങൾ
വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെ പ്രവർത്തിപ്പിക്കാം.
വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് മാസ്കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും വേണം.
ഹോട്ടൽ, റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ ഇരിപ്പിടങ്ങൾ അകലം പാലിച്ചു ക്രമീകരിക്കണം.
ആൾക്കൂട്ടം ഒഴിവാക്കണം.
തൊഴിൽ – സേവന മേഖല
മേയ് മൂന്നുവരെ തോട്ടം മേഖലയിൽ ജില്ലയ്ക്കുപുറത്തുനിന്നു തൊഴിലാളികളെ അനുവദിക്കില്ല.
50 ശതമാനത്തിൽ താഴെമാത്രം തൊഴിലാളികളെവച്ച് പ്രവർത്തനം നടത്താം.
ശാരീരിക അകലം പാലിച്ചും ശുചിത്വ മാനദണ്ഡങ്ങൾ അനുസരിച്ചും പ്രവർത്തിക്കണം.
ജോലി ചെയ്യുന്നവർക്ക് മാസ്കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും വേണം.
തൊഴിലാളികളുടെ പക്കൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
പിഡബ്ല്യുഡി പ്രവൃത്തികളും സ്വകാര്യ മേഖലയിലുള്ള നിർമാണ പ്രവർത്തനങ്ങളും നിയന്ത്രിതവും സുരക്ഷിതവുമായി അനുവദിക്കും.
ഇതിനായി അന്യജില്ലകളിൽനിന്നുള്ളവരെ കൊണ്ടുവരരുത്. ജില്ലയിലെ തൊഴിൽരഹിതരായ അതിഥി തൊഴിലാളികളെ പ്രയോജനപ്പെടുത്തണം.
പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനും കുളങ്ങൾ, തോടുകൾ എന്നിവയുടെ പുനരുദ്ധാരണത്തിനും അതിഥിതൊഴിലാളികളെ ഉപയോഗിക്കാം.
വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ പ്രത്യേക എൻട്രി പോയിന്റുകളിലൂടെയാവണം ജീവനക്കാർ പ്രവേശിക്കേണ്ടത്.
ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് മാനേജ്മെന്റുകൾ ഉറപ്പുവരുത്തണം. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസസൗകര്യം ഇല്ലാത്ത കന്പനികൾ ജീവനക്കാർക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യവും ഏർപ്പെടുത്തണം.
കെട്ടിട നിർമാണ പ്രവർത്തനങ്ങൾ, ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിർമാണം എന്നിവ ഉടൻ പൂർത്തിയാക്കണം. അതിനുവേണ്ടി താത്കാലിക സംവിധാനങ്ങൾ ഒരുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് അനുമതി നൽകണം.
പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, അക്ഷയ സെന്ററുകൾ തുടങ്ങി എല്ലാ സർക്കാർ ഓഫീസുകളും തുറന്നു പ്രവർത്തിക്കും.
തൊഴിലുറപ്പ് പദ്ധതി (അയ്യങ്കാളി തൊഴിലുറപ്പ് ഉൾപ്പെടെ) പ്രകാരമുള്ള ജോലി ആരംഭിക്കും. അഞ്ചിൽ കൂടുതൽ തൊഴിലാളികൾ ഒരു ടീമിൽ ഉണ്ടാകരുത്.
ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫിസിയോതെറാപ്പി യൂണിറ്റുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കും.
തദ്ദേശ സ്വയംഭരണാതിർത്തിയിൽ ഓരോ വാർഡിലും രോഗം വരാൻ സാധ്യത കൂടുതലുള്ള (വൾനെറബിൾ) 60 വയസിനു മുകളിലുള്ളവർ, ഹൃദയം, വൃക്ക, കരൾ, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങൾക്ക് ചികിത്സയിലുള്ളവർ തുടങ്ങിയവർ കൂടുതലായി ശ്രദ്ധിക്കണം.
ആയുർവേദ, ഹോമിയോ വിഭാഗത്തിലുള്ള ചികിത്സാലയങ്ങളും മരുന്നുഷോപ്പുകളും തുറക്കാം. ആയൂർവേദ, ഹോമിയോ മരുന്ന് നിർമാണ കന്പനികൾക്ക് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് പ്രവർത്തിക്കാം.
മരുന്നുകൾ കൊണ്ടുപോകുന്നതിന് സംസ്ഥാനതലത്തിലായാലും അന്തർസംസ്ഥാന തലത്തിലായാലും അനുമതി നൽകും.
മൂന്നാറിൽ പ്രത്യേക നിയന്ത്രണങ്ങൾ
മൂന്നാർ ചന്തയ്ക്കകത്ത് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രം പ്രവേശനം.
തെർമൽ സ്ക്രീനിംഗ് നടത്തിയേ പ്രവേശിപ്പിക്കുകയുള്ളൂ.
ഒരുമണിക്കൂർ മാത്രമേ ടൗണിൽ ചെലവഴിക്കാവൂ. ഇതിനായി സമയം രേഖപ്പെടുത്തി പാസ് നൽകും.
പത്തുവയസിനു താഴെയുള്ളവരും 60 വയസിനു മുകളിലുള്ളവരും രോഗലക്ഷണമുള്ളവരും ടൗണിൽ പ്രവേശിക്കരുത്.