കോട്ടയം: ഉച്ചനേരത്ത് നഗരത്തിൽ ആരും പട്ടിണി കിടക്കരുതെന്ന ‘കരുതൽ’ ഇനി കോട്ടയത്തും. സർക്കാർ ഇതര വനിതാ സന്നദ്ധ സംഘടനയായ ഐഎൻഎ (അയാം നോട്ട് എലോണ്‍ അസോസിയേഷൻ) നടപ്പാക്കുന്ന വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന ‘കരുതൽ’ പദ്ധതി കോട്ടയത്തും തുടങ്ങി.
ആദ്യ ഘട്ടമായി നഗരത്തിലും പരിസരത്തുമായി ഒന്‍പതിടങ്ങളിൽ ലഞ്ച് ബോക്സ് സ്ഥാപിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് കഴിഞ്ഞ ശനിയാഴ്ച തുടക്കമായി.കെഎസ്ആർടിസി, സെൻട്രൽ ജംഗ്ഷൻ, പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പള്ളിപ്പുറത്തുകാവ് ക്ഷേത്രം, ബേക്കർ ജംഗ്ഷൻ, നാഗന്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ജില്ലാ ഹോസ്പിറ്റൽ, കളക്്ടറേ റ്റ്, റെയിൽവേ സ്റ്റേഷനു സമീപം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭക്ഷണപ്പെട്ടികൾ സ്ഥാപിച്ചത്.
ദിവസവും ഉച്ചയ്ക്ക് ഓരോ പെട്ടിയിലും 30 പൊതിച്ചോറുകൾ കൊണ്ടുവയ്ക്കും. ആവശ്യക്കാർക്ക് ഇതെടുക്കാം.നിലവിൽ എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, കൊല്ലം, ആലപ്പുഴ ജില്ലകളിലും കോയന്പത്തൂരിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും പദ്ധതി വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു.
നിലവിൽ 108 ലഞ്ച് ബോക്സുകളിലൂടെ 3240 ൽ പരം ആളുകൾക്കാണ് ദിവസവും കരുതൽ പദ്ധതിയിലൂടെ ഭക്ഷണം നൽകുന്നത്. നീതി ആയോഗിന്റെ അംഗീകാരമുള്ള വനിതാ കൂട്ടായ്മയാണ് ഐഎൻഎ അസോസിയേഷൻ. 50 വിദ്യാർഥിനികളും കുടുംബിനികളും ചേർന്നാണ് തൃശൂരിൽ ഈ ഉദ്യമത്തിനു തുടക്കം കുറിച്ചത്.
ടുഗതർ വി കാൻ അസോസിയേഷനുമായി ചേർന്ന് വിശപ്പ് രഹിത രാജ്യം എന്ന ലക്ഷ്യവുമായി കൂടുതൽ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സംഘടന. വ്യക്തികളുടെയും കൂട്ടായ്മകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഉച്ചഭക്ഷണം തയാറാക്കുന്നത്.
ഒരു പൊതിച്ചോറിന് 30രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഭക്ഷണം സ്പോണ്സർ ചെയ്യാൻ താൽപര്യമുള്ളവർക്ക് സംഘടനയുമായ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 8714505887