കൊച്ചി/നെടുന്പാശേരി: നെടുമ്പാശേരിയില്‍ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിടിപ്പിച്ചു കൊന്നു. തുറവൂര്‍ ഗവ. ആശുപത്രിക്കു സമീപം അരിശേരി ജിജോ ജെയിംസിന്റെ മകന് ഐവിന് ജിജോ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിഐഎസ്എഫ് കോണ്‍സ്റ്റബിളിനെ നെടുമ്പാശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സിഐഎസ്എഫ് എസ്ഐക്ക് നാട്ടുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിഐഎസ്എഫ് എസ്ഐ വിനയ്കുമാറാണ് ചികിത്സയിലുള്ളത്.നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ ബീഹാര്‍ സ്വദേശി മോഹന്‍കുമാര്‍ ആണ് കസ്റ്റഡിയിലുള്ളത്.
ഇയാളെ നെടുമ്പാശേരി എസ്എച്ച്ഒ സാബുജിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബിഎന്‍എസ് 118(1), 103(1), 3(5) എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.ഇന്നലെ രാത്രി പത്തിന് നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡില്‍ വച്ചായിരുന്നു സംഭവം.
പ്രതികളും കൊല്ലപ്പെട്ട ഐവിനും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചത്. നെടുമ്പാശേരിയിലെ കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ളൈറ്റ് സർവീസസിൽ ഷെഫായ ഐവിൻ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.പ്രതികളുടെ കാറും ഐവിന്റെ കാറും നായത്തോട് ഭാഗത്തു വച്ച് ഉരസിയിരുന്നു. തുടര്‍ന്ന് കാറില്‍നിന്ന് ഇരുകൂട്ടരും പുറത്തിറങ്ങി വാക്കുതര്‍ക്കമായി.
അതിനുശേഷം പ്രതികളുടെ കാറിനു മുന്നില്‍നിന്നു സംസാരിക്കുകയായിരുന്ന ഐവിനെ കാര്‍ ഇടിപ്പിച്ചു. ബോണറ്റിലേക്ക് വീണ യുവാവ് ബോണറ്റില്‍ പിടിച്ചു കിടന്ന് നിലവിളിച്ചെങ്കിലും പ്രതികള്‍ അമിതവേഗതയില്‍ ഒരു കിലോമീറ്ററോളം ദൂരം കാര്‍ ഓടിച്ചുപോയി. കപ്പേള റോഡില്‍ വച്ച് കാര്‍ സഡന്‍ ബ്രേക്ക് ചെയ്ത് യുവാവിനെ നിലത്തു തള്ളിയിട്ടശേഷം കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്ഐആറിലുള്ളത്.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ ഐവിൻ റോഡില്‍ വീണുകിടക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാട്ടുകാരുടെ മര്‍ദനത്തിലാണ് എസ്ഐ വിനയ്കുമാറിന് പരിക്കേറ്റത്. മോഹന്‍കുമാര്‍ പിന്നീട് സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഐവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലേക്ക് മാറ്റി.
അങ്കമാലി എല്‍എഫ് ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റ് ജിജോ ജെയിംസിന്റെ മകനാണ് ഐവിന്. അമ്മ: റിന്‍സി (നഴ്സ്, മാര്‍ സ്ലീവ ഹോസ്പിറ്റല്‍ പാലാ). സഹോദരി അലീന ജിജോ (ബാങ്ക് ഉദ്യോഗസ്ഥ, ബംഗളൂരു).
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നെടുമ്പാശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നുവെന്നും സംശയമുണ്ട്. യുവാവും ഉദ്യോഗസ്ഥരും തമ്മില്‍ മുന്‍ പരിചയം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള മോഹന്‍കുമാറിന്റെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
സ്വന്തം ലേഖിക