കൊച്ചി: കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്ട്ടിനെതിരേ സാക്ഷിപറയാന് മുന്നോട്ടുവരുന്നവരെ വധിക്കുമെന്ന് ഭീഷണി സന്ദേശം എത്തിയ സംഭവത്തില് കളമശേരി പോലീസ് അന്വേഷണം തുടങ്ങി. വാട്സ്ആപ്പ് സന്ദേശമെത്തിയ മലേഷ്യന് നമ്പര് കേന്ദ്രീകരിച്ചാണ് സൈബര് സെല്ലിന്റെ നേതൃത്വത്തില് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില് മതസ്പര്ദയുണ്ടാക്കല്, കൊല്ലുമെന്ന് ഭീഷണിമുഴക്കല് എന്നീ വകുപ്പുകള് ചുമത്തിയാണ് കളമശേരി പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രി 9.57ന് മലേഷ്യന് ഫോണ് നമ്പറില്നിന്നും യഹോവ സാക്ഷികളുടെ കേരളത്തിലെ പബ്ലിക്ക് റിലേഷന് ഓഫീസറായ നോര്ത്ത് കളമശേരി സ്വദേശി ശ്രീകുമാറിനാണ് വാട്സ്ആപ്പ് സന്ദേശം എത്തിയത്. കളമശേരി സ്ഫോടനമാതൃകയില് യഹോവയുടെ സാക്ഷികളുടെ കേരളത്തിലെ എല്ലാ കണ്വന്ഷനുകളിലും ആരാധനയിടങ്ങളും ബോംബുവച്ച് തര്ക്കുമെന്നും ഭീഷണി സന്ദേശത്തില് പറയുന്നു.
യഹോവ സാക്ഷികളുടെ ആലുവയിലെ മന്ദിരത്തിലും കേരളത്തിലുടനീളം നടക്കുന്ന പ്രാര്ഥനാ കണ്വഷനുകളിലും ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ആദ്യ സന്ദേശം. യഹോവയുടെ സാക്ഷികളെ കേരളത്തില്നിന്നും ഉന്മൂലനം ചെയ്യുമെന്നും ഡൊമിനിക് മാര്ട്ടിനെതിരേ സാക്ഷിപറയാന് ആരെങ്കിലും വന്നാല് വധിക്കുമെന്നും വീണ്ടും സന്ദേശമെത്തി.
ഈ വിവരം എല്ലാവരെയും അറിയിക്കാനാണ് പിആര്ഒയുടെ നമ്പറിലേക്ക് തന്നെ ഈ സന്ദേശം അയച്ചതെന്നും സന്ദേശമെത്തിയ നമ്പറില്നിന്ന് അറിയിച്ചതായി ശ്രീകുമാര് പറഞ്ഞു.2023 ഒക്ടോബര് 29ന് രാവിലെ 9.30നായിരുന്നു യഹോവാ സാക്ഷികളുടെ മേഖലാ കണ്വെന്ഷന് നടന്ന കളമശേരി സാമ്ര കണ്വന്ഷന് സെന്ററില് സ്ഫോടനമുണ്ടായത്.
ഒരു കുടുംബത്തിലെ മൂന്നു പേരുള്പ്പെടെ എട്ടു പേര് സ്ഫോടനത്തില് കൊല്ലപ്പെടുകയും നിരവധി പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. കേസില് കഴിഞ്ഞവര്ഷം ഏപ്രില് 24ന് കേസില് കുറ്റപത്രം സമര്പ്പിച്ചതാണ്. കേസിലെ ഏക പ്രതിയാണ് ഡൊമിനിക് മാര്ട്ടിന്.